Temba Bavuma | Scott Edwards 
Sports

ഡച്ച് പടയ്ക്കെതിരേ 'ഫേവറിറ്റ്' ദക്ഷിണാഫ്രിക്ക

ധർമശാല: കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ട്വന്‍റി20 ലോകകപ്പിന്‍റെ സൂപ്പർ 12 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയെ പുറത്താക്കിയ ടീമിന്‍റെ പേര് നെതർലൻഡ്സ് എന്നായിരുന്നു. അതേ നെതർലൻഡ്സിനു മുന്നിലേക്ക് ദക്ഷിണാഫ്രിക്ക വീണ്ടുമെത്തുകയാണ് ചൊവ്വാഴ്ച. പക്ഷേ, ഇതു കളി വേറെയാണ്, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര മുതലിങ്ങോട്ട് ദക്ഷിണാഫ്രിക്ക എന്ന ടീമും വേറെയാണ്.

പടിക്കൽ കലമുടയ്ക്കുന്നവരെന്ന ദുഷ്പേര് മാറ്റാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക എന്നാണ് ഈ ലോകകപ്പിൽ ഇതുവരെയുള്ള അവരുടെ പ്രകടനം നൽകുന്ന സൂചന. ആദ്യ രണ്ടു മത്സരങ്ങളിലും നൂറ് റൺസിൽ കൂടുതൽ മാർജിനിലുള്ള വിജയം.

ടൂർണമെന്‍റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി തുടക്കം കുറിച്ചിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആത്മവിശ്വാസമുയർത്താൻ മറ്റൊരു ഫോർമാറ്റിൽ നേടിയ ആ 13 റൺസ് ജയം മാത്രമാണ് ഡച്ചുകാരുടെ കൈമുതൽ. പിന്നെ, ഇംഗ്ലണ്ടിനെതിരേ അഫ്ഗാനിസ്ഥാൻ പ്രവർത്തിച്ച അദ്ഭുതവും അവരുടെ ഓർമയിലുണ്ടാകും.

ശ്രീലങ്കയ്ക്കെതിരായ 102 റൺസ് വിജയത്തിൽ തെളിഞ്ഞത് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് കരുത്തായിരുന്നെങ്കിൽ, ഓസ്ട്രേലിയക്കെതിരായ 134 റൺസ് വിജയത്തിൽ ബൗളർമാരും ലോകോത്തര നിലവാരത്തിലേക്കെത്തി.

ലോകകപ്പിനു തൊട്ടു മുൻപ് ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് ഇറങ്ങുന്നതു വരെ, അസാധാരണ പ്രകടനങ്ങളൊന്നുമില്ലാതെ, ആരാലും ശ്രദ്ധിക്കാതെ മുന്നേറിയ ടീമായിരുന്നു ഇത്. പക്ഷേ, കൃത്യമായ സമയത്തേക്ക് അവർ ഒരു യൂണിറ്റായി ഫോമിലേക്കുയർന്നു കഴിഞ്ഞു.

രണ്ടു കളിയിൽ നാലു സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ ഇതിനകം കുറിച്ചത്. അതിൽ രണ്ടെണ്ണം ഓപ്പണർ ക്വിന്‍റൺ ഡി കോക്കിന്‍റെ വക. റാസി വാൻ ഡർ ഡൂസനും എയ്ഡൻ മാർക്രവും ഓരോന്ന്. മാർക്രവും ഡേവിഡ് മില്ലറും ഹെൻറിച്ച് ക്ലാനും ഉൾപ്പെട്ട, ഈ ടൂർണമെന്‍റിലെ തന്നെ ഏറ്റവും വിസ്ഫോടന ശേഷിയുള്ള മധ്യനിര യഥാർഥത്തിൽ ഇനിയും കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല.

ശ്രീലങ്കയ്ക്കെതിരേ 428 റൺസ് അടിച്ചെങ്കിലും തിരിച്ച് 326 റൺസ് വഴങ്ങുകയും ചെയ്ത ദക്ഷിണാഫ്രിക്കൻ ബൗളർമാരുടെ യഥാർഥ മൂർച്ച തിരിച്ചറിഞ്ഞത് അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയാണ്. മാർക്കോ യാൻസനും കാഗിസോ റബാദയും ലുങ്കി എൻഗിഡിയും ചേരുന്ന പേസ് ബൗളിങ് ത്രയം ഏതു ലോകോത്തര ടീമിനും ഭീഷണിയാകാൻ മാത്രം ഒത്തൊരുമയോടെ കളിച്ചുതുടങ്ങിയിരിക്കുന്നു.

സ്പിന്നിനെ നേരിടാൻ വിദഗ്ധരായ ബാറ്റർമാരുള്ള ടീമുകളുടെ മുന്നിലെത്തുമ്പോഴാണ് ബൗളിങ് നിര അപ്പാടെ പരീക്ഷിക്കപ്പെടാൻ പോകുന്നത്. നെതർലൻഡ്സിനെതിരായ മത്സരത്തിൽ എന്തായാലും അങ്ങനെയൊരു ഭീഷണിയില്ല.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം