രാജ്കോട്ട്: ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഉണ്ടാവില്ല. പരുക്കില്‍നിന്ന് മോചിതനായി ടീമിലെത്തിയെങ്കിലും ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത് കടുത്ത പുറം വേദനയാണ്.
ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അയ്യരുടെ പിന്മാറ്റം. പുറത്ത് അസ്വസ്തതയും ഞരമ്പുകള്‍ക്ക് വേദനയും ഉണ്ടെന്ന് അയ്യര്‍ മെഡിക്കല്‍ വിഭാഗത്തോട് അറിയിച്ചിരുന്നു.
ഇന്ത്യയിലെ മറ്റുകളിക്കാരുടെ കിറ്റുകള്‍ വിശാഖപ്പട്ടണത്ത് നിന്ന് മൂന്നാം ടെസ്റ്റ് നടക്കുന്ന രാജ്കോട്ടിലേക്ക് അയച്ചപ്പോള്‍ ശ്രേയസ് അയ്യരുടെ കിറ്റ് അദ്ദേഹത്തിന്റെ നാടായ മുംബൈയിലേക്ക് അയച്ചു. തിരിച്ചുവരവിനു ശേഷം അയ്യര്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ്. 13 ഇന്നിങ്സുകളില്‍ നിന്ന് ഒരു അര്‍ധ സെഞ്ചുറി പോലും നേടിയിട്ടില്ല. സ്പിന്നില്‍ നന്നായി കളിക്കുന്ന താരമായിട്ടും ഇംഗ്ലണ്ട് പരമ്പരയില്‍ സ്പിന്നര്‍മാര്‍ക്കെതിരെയാണ് നാല് തവണയും പുറത്തായത്.
കെ.എല്‍.രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരുക്കിനെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിന് ശേഷം കളംവിട്ടു. ആദ്യ രണ്ടുടെസ്റ്റില് നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി മൂന്നാം ടെസ്റ്റിലും കളിക്കില്ലെന്ന് ഉറപ്പായതോടെ ഇംഗ്ലണ്ടിനെതിരേ പരമ്പര വിജയം അസാധ്യമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.