അഹമ്മദാബാദ്: കഴിഞ്ഞ മത്സരത്തിൽ റെക്കോഡുകൾ കടപുഴക്കിയ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ബാറ്റിങ് വെടിക്കെട്ട് ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ നനഞ്ഞ പടക്കമായി. ടോസ് നേടി ബാറ്റ് ചെയ്ത എസ്ആർഎച്ച് 20 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് മാത്രം. അഞ്ച് പന്തും ഏഴു വിക്കറ്റും ശേഷിക്കെ ഗുജറാത്ത് ടൈറ്റൻസ് ഹോം മത്സരത്തിൽ ആധികാരിക വിജയവും നേടി.
25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മോഹിത് ശർമയാണ് സൺറൈസേഴ്സ് ബാറ്റർമാരുടെ വിസ്ഫോടന ശേഷി നിയന്ത്രിച്ചു നിർത്തിയത്. 14 പന്തിൽ 29 റൺസെടുത്ത അബ്ദുൾ സമദാണ് എസ്ആർഎച്ച് ടോപ് സ്കോറർ. ട്രാവിസ് ഹെഡ് (14 പന്തിൽ 19), അഭിഷേക് ശർമ (20 പന്തിൽ 29), ഹെൻറിച്ച് ക്ലാസൻ (13 പന്തിൽ 24) എന്നിവർക്കെതിരേ വ്യക്തമായ പദ്ധതിയുമായി പന്തെറിഞ്ഞ ഗുജറാത്ത് ബൗളർമാരുടെ അച്ചടക്കമാണ് മത്സരത്തിന്‍റെ ഗതി നിർണയിച്ചത്.
മറുപടി ബാറ്റിങ്ങിൽ വൃദ്ധിമാൻ സാഹയും (13 പന്തിൽ 25) ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും (28 പന്തിൽ 36) ചേർന്ന് മോശമല്ലാത്ത തുടക്കമാണ് ആതിഥേയർക്കു നൽകിയത്. തുടർന്നെത്തിയ സായ് സുദർശൻ (36 പന്തിൽ 45) മടങ്ങിയത് ടീമിന്‍റെ ജയമുറപ്പിച്ച ശേഷം. പിന്നീട് ഡേവിഡ് മില്ലറും (27 പന്തിൽ പുറത്താകാതെ 44) വിജയ് ശങ്കറും (11 പന്തിൽ 14) ചടങ്ങ് പൂർത്തിയാക്കുകയും ചെയ്തു.