ധാംബുള്ള (ശ്രീലങ്ക): വനിതകളുടെ ഏഷ്യ കപ്പ് ട്വന്‍റി20 ക്രിക്കറ്റ് ടൂർണമെന്‍റിൽ ശ്രീലങ്കയ്ക്ക് കന്നി കിരീടം. ഫൈനലിൽ ഹർഷിത സമരവിക്രമയുടെയും ക്യാപ്റ്റൻ ചമരി അട്ടപ്പട്ടുവിന്‍റെയും ഉജ്ജ്വ അർധസെഞ്ചുറികളുടെ കരുത്തിൽ 8 വിക്കറ്റിനാണ് ഏഴ് തവണ ചാമ്പ്യൻമാരായ ഇന്ത്യയെ ആതിഥേയർ പരാജയപ്പെടുത്തിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന മോശമല്ലാത്ത സ്കോർ ഉയർത്തി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്ത് ചരിത്ര വിജയം നേടിയെടുത്തു.
ഞായറാഴ്ച രംഗിരി ദാംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗ് കടുപ്പമേറിയതായിരുന്നു. സ്മൃതി മന്ധനയുടെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയും റിച്ച ഘോഷിന്‍റെ ഫിനിഷിംഗ് പ്രകടനവും ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിയിലേക്ക് എത്തിച്ചെങ്കിലും ബൗളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യൻ വനിതകൾക്കായില്ല.
പന്ത്രണ്ടാം ഓവറിൽ ചമരി 61 റൺസിൽ വീണത് ശ്രീലങ്കൻ ആരാധകർക്ക് നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും ഹർഷിത സമരവിക്രമയും (69), കവിഷ ദിൽഹാരിയും (30) ചേർന്ന് ശ്രീലങ്കയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു.