സംസ്ഥാന സ്കൂൾ കായികോത്സവം മത്സര വിജയികൾ 
Sports

കായികോത്സവം: റെക്കോഡ് കുറഞ്ഞു, ആറെണ്ണം മാത്രം!

65-ാമത് സ്‌കൂള്‍ കായികമേളയില്‍ പിറന്നത് ആറ് റെക്കോര്‍ഡുകള്‍.

സച്ചിൻ വള്ളിക്കാട്

65-ാമത് സ്‌കൂള്‍ കായികമേളയില്‍ പിറന്നത് ആറ് റെക്കോര്‍ഡുകള്‍. ആറില്‍ രണ്ടും സ്വന്തം പേരില്‍ കുറിച്ച് കെ.സി സെര്‍വാന്‍ കാസര്‍ഗോഡിന്‍റെ അഭിമാനമായി. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ 17.58 ദൂരമെറിഞ്ഞാണ് സെര്‍വാന്‍ മേളയുടെ അവസാനദിനത്തില്‍ ഒരു മീറ്റിലെ രണ്ടാം റെക്കോര്‍ഡ് സ്വന്തമാക്കിയത്. ആദ്യദിനം ഡിസ്‌കസ് ത്രോയില്‍ സ്വന്തം സഹോദരന്‍റെ പേരിലുള്ള റെക്കോര്‍ഡാണ് സെര്‍വാന്‍ തിരുത്തിയത്. കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് സെര്‍വന്‍. സീനിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ കാസര്‍ഗോഡ് ഉദിനൂര്‍ സ്‌കൂളിലെ വി.എസ് അനുപ്രിയയും 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലക്കാട് വടവന്നൂര്‍ വി.എം.എച്ച്.എസിലെ ആര്‍.കെ സൂര്യജിത്തും സീനിയര്‍ ബോയ്സ് 800 മീറ്ററില്‍ പാലക്കാട് ചിറ്റൂര്‍ ജി.എച്ച്.എസ്.എസിലെ ജെ ബിജോയിയും പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ കുറിച്ചു. മേളയുടെ ആദ്യദിനത്തിലെ രണ്ടാം റെക്കോര്‍ഡ് സ്വന്തമാക്കിയത് പാലക്കാട് മത്തൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പി അഭിറാം ആയിരുന്നു. 400 മീറ്റര്‍ റിലേയില്‍ 2005 ലെ റെക്കോര്‍ഡാണ് അഭിറാം സ്വന്തം പേരില്‍ കുറിച്ചത്.

ഇവര്‍ ചാംപ്യന്‍മാര്‍

സബ് ജൂനിയര്‍ ബോയ്സില്‍ ചാംപ്യനായി പാലക്കാട് കുമരപുതൂര്‍ കെ.എച്ച്.എസിലെ അര്‍സാദ് അലി തിരഞ്ഞെടുക്കപ്പെട്ടു. മണിപ്പൂര്‍ സ്വദേശിയായ അര്‍സാദ് 600 മീറ്റര്‍, 400 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയാണ് വ്യക്തിഗത ചാംപ്യന്‍പട്ടം നേടിയത്. സബ് ജൂനിയര്‍ ഗേള്‍സില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടി കണ്ണൂര്‍ ജി.വിഎച്ച്.എസ്.എസിലെ ടി.വി ദേവശ്രീ ചാംപ്യനായി. ജൂനിയര്‍ ബോയ്സില്‍ 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ഒന്നാമതെത്തി പാലക്കാട് കുമരംപുതൂര്‍ കെ.എച്ച്എസിലെ എം.അമൃതയും ജൂനിയര്‍ ഗേള്‍സില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ്, 200, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടി മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസിലെ ആദിത്യ അജി ജൂനിയര്‍ ഗേള്‍സിലും ചാംപ്യന്‍മാരായി. സീനിയര്‍ ബോയ്സ് അത്‌ലറ്റിക്സില്‍ വ്യക്തിഗത ചാംപ്യന്‍മാരായി പാലക്കാട് മാതൂര്‍ സി.എഫ്.ഡി.വി.എച്ച്.എസ്.എസിലെ പി. അഭിറാം. 400 മീറ്റര്‍, 200 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയാണ് അഭിറാം ചാംപ്യനായത്.

പാലക്കാട് ചിറ്റൂര്‍ ജി.എച്ച്.എസ്.എസിലെ ജെ ബിജോയ് 3000 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തി, മലപ്പുറം കടകശേരി ഐഡിയല്‍ സ്‌കൂളിലെ മുഹമ്മദ് ഹുസൈന്‍ ചാംപ്യന്‍ പട്ടം നേടി. സീനിയര്‍ ഗേള്‍സില്‍ പറളി എച്ച്.എസിലെ എം. ജ്യോതിക 400 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഹഡില്‍സിലും സ്വര്‍ണം നേടി ചാംപ്യന്‍പട്ടം കരസ്ഥമാക്കി.

ഇഷ്ടയിനത്തില്‍ ‌സ്വര്‍ണവുമായി പല്ലവി

പല്ലവിയുടെ എട്ട് മാസത്തെ കഠിനപരിശീലനമാണ് കുന്നംകുളം ഗ്രൗണ്ടില്‍ വിജയം കണ്ടത്. മത്സരിച്ച ഏക ഇനത്തില്‍ സ്വര്‍ണം നേടി മേളയുടെ ശ്രദ്ധേയമായ താരമായി മാറിയത് ഒറ്റപ്പാലം പനമണ്ണ എ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി പല്ലവി സന്തോഷാണ്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയിലാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി പല്ലവി സ്വര്‍ണം നേടിയത്. 45.56 മീറ്റര്‍ ദൂരമാണെറിഞ്ഞത്. ഹാമര്‍ ത്രോയോട് തോന്നിയ ഇഷ്ടം കൊണ്ടാണ് എട്ട് മാസം മുന്‍പ് പരിശീലനം നേടാന്‍ തീരുമാനിച്ചത്. നടുവട്ടത്തെ ജനതാ അത്‌ലറ്റിക്ക് ക്ലബിലെ സൈനുദ്ധീന്‍റെ കീഴിലാണ് പരിശീലനം. ഒരു ദിവസം നാല് മണിക്കൂര്‍ വരെ പരിശീലനത്തിനായി ചെലവിടാറുണ്ട്. ഒന്നരമണിക്കൂര്‍ യാത്ര ചെയ്താണ് ദിവസവും പരിശീലനസ്ഥലത്തെത്തുക. കോതക്കുറിച്ചി നിവാസിയായ ഐ.ടി സ്പെഷ്യലിസ്റ്റ് സന്തോഷിന്‍റേയും പി.എസ്.സി പരിശീലക ഗീതയുടേയും മകളാണ് പല്ലവി. സഹോദരി നിരഞ്ജന കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ലിറ്റററി ഇവന്‍സില്‍ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. പോയട്രി വൈസ് എന്ന പേരില്‍ ഇംഗ്ലീഷ് കവിതാ സമാഹാരവും പുറത്തിറക്കിയിട്ടുണ്ട്.

ബിജോയിക്ക് ട്രിപ്പിള്‍ സ്വര്‍ണം

കുന്നംകുളം: പരാധീനതകള്‍ മറികടന്ന് ജെ ബിജോയ് മേളയിലെ ആദ്യ ട്രിപ്പിള്‍ നേടിയ താരമാകുമ്പോള്‍ ആ നേടത്തിന്‍റെ അവകാശി അച്ഛന്‍ ജയശങ്കറാണ്. കായികതാരമാകാനുള്ള ആഗ്രഹം ജയശങ്കര്‍ ഉപേക്ഷിച്ചത് സാമ്പത്തിക പരാധീനതകളെത്തുടര്‍ന്നാണ്. സ്വപ്നത്തിനൊപ്പമോ ജീവിതത്തിനൊപ്പമോ യാത്രയെന്ന ചോദ്യമുയര്‍ന്നപ്പോള്‍ ജീവിതം തിരഞ്ഞെടുക്കാനായിരുന്നു ജയശങ്കറിന്‍റെ വിധി.

ചെത്ത് തൊഴിലാളിയായ ജയശങ്കര്‍ തന്‍റെ രണ്ട് മക്കളേയും താന്‍ ആഗ്രഹിച്ച വഴിയില്‍ എത്തിച്ചതിന്‍റെ സന്തോഷത്തിലാണ്. മകന്‍ ബിജോയ് സ്വന്തം പേരില്‍ കുറിച്ചത് 65-ാം കായിക മേളയിലെ ആദ്യ ട്രിപ്പിള്‍ താരമെന്ന മിന്നും നേട്ടമാണ്. കഴിഞ്ഞവര്‍ഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന 3000 മീറ്റര്‍,1500 മീറ്റര്‍, എന്നി മത്സരങ്ങളില്‍ നേടിയ സ്വര്‍ണത്തിന് പിന്നാലെ ഇന്നലെ നടന്ന 800 മീറ്ററിലും വെന്നിക്കൊടി പാറിച്ചാണ് ബിജോയ് ട്രിപ്പിള്‍ സ്വര്‍ണത്തിലേക്ക് ഓടി കയറിയത്.

ബിജോയിയുടെ സഹോദരന്‍ റിജോയിയും സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ട്രിപ്പിള്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഗോവയില്‍ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലും അനിയന്‍റെ നേട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ റിജോയി എത്തിയിരുന്നു. എം. അരവിന്ദാക്ഷനാണ് ബിജോയിയുടെ പരിശീലകന്‍. അമ്മ റീന ആശാവര്‍ക്കറാണ്. പാലക്കാട് ചിറ്റൂര്‍ ജി.എച്ച്.എസ്.എസിലാണ് പഠിക്കുന്നത്.

ഗോള്‍ഡ് ഗേള്‍ ദേവശ്രീ

ആഗ്രഹം പോലെ പൊന്നില്‍ കുളിച്ചാണ് ദേവശ്രീ പയ്യന്നൂരിലേയ്ക്ക് മടങ്ങുന്നത്. സബ് ജൂനിയര്‍ ഗേള്‍സില്‍ 80 മീറ്റര്‍ ഹര്‍ഡില്‍സ്, 200 മീറ്റര്‍, 100 മീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണം നേടിയാണ് കണ്ണൂര്‍ ജി.വിഎച്ച്.എസ്.എസിലെ ടി.വി ദേവശ്രീ മേളയുടെ പൊന്‍താരകമായത്. രാജ്യമറിയുന്ന അത്‌ലറ്റ് ആകണമെന്ന ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹത്തിന് മുന്‍പില്‍ വില്ലനായി നില്‍ക്കുന്നത് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുടെ അപര്യാപ്തതയാണെങ്കിലും അതുക്കുംമേലെയാണ് കായികമേഖലയില്‍ തന്‍റെ പേര് അടയാളപ്പെടുത്തപ്പെടണമെന്ന ദേവശ്രീയുടെ മോഹം. അതിന് പിന്തുണ നല്‍കി സ്‌കൂള്‍ കാലഘട്ടത്തില്‍ കായികതാരമായിരുന്ന അമ്മ പ്രീതയും അച്ഛന്‍ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായ ജനാര്‍ദ്ധനനുമുണ്ട്. ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ പ്രീത തന്‍റെ സമ്പാദ്യമേറേയും ചെലവിടുന്നത് ദേവശ്രീയുടെ കായികസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ വേണ്ടിയാണ്. അമ്മയുടെ മോഹങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള മിടുക്ക് തന്നിലുണ്ടെന്ന് ദേവശ്രീ തെളിയിച്ചു കഴിഞ്ഞു. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വെള്ളി നേടിയ റിലേ ടീമില്‍ അംഗമായി മടങ്ങിയ ദേവശ്രീ മൂന്ന് വ്യക്തിഗത സ്വര്‍ണം നേടി മടങ്ങുമ്പോള്‍ ഒരു നാടാകെ കാത്തിരിക്കുകയാണ് തങ്ങളുടെ പ്രിയമുത്തിനെ വരവേല്‍ക്കാന്‍. അമ്മയും ബന്ധുക്കളും ദേവശ്രീയുടെ പൊന്‍നേട്ടം കാണാന്‍ എത്തിയിരുന്നു. കണ്ണൂര്‍ സ്പോര്‍ട്സ് സ്‌കൂളിലെ എസ് സത്യനാണ് പരിശീലകന്‍.

ഫസ്റ്റ് ജി.വി രാജാ

സ്പോര്‍ട്സ് ഹോസ്റ്റലുകളിലെ ചാംപ്യന്‍പട്ടം ജി.വി രാജാ സ്പോര്‍ട്സ് സ്‌കൂളിന്. രണ്ട് സ്വര്‍ണവും ആറ് വെള്ളിയും രണ്ട് വെങ്കലവും നേടി 30 പോയിന്‍റുകള്‍ ജി.വി രാജാ സ്‌കൂള്‍ നേടിയപ്പോള്‍ അഞ്ച് സ്വര്‍ണവും മൂന്ന് വെങ്കലവും നേടി 28 പോയിന്‍റുകളോടെ കണ്ണൂര്‍ ജിവിഎച്ച്എസ്എസ് ആണ് രണ്ടാമത്. കൊല്ലം സായ്(7), കോട്ടയം സിഎസ്എച്ച്എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനം(7), തിരുവനന്തപുരം സായ്(3), കോഴിക്കോട് സായ്(2), അയ്യങ്കാളി എം. ഗവ. എസ്.എസ് തിരുവനന്തപുരം(1), തലശേരി സായ്(1) എന്നിങ്ങനെയാണ് പോയിന്‍റ് നില.

മാതൃകാപരം സംഘാടനം

മാതൃകാപരവും സംഘാടനമികവും കൊണ്ട് ശ്രദ്ധേയമായി കുന്നംകുളത്ത് നടന്ന കായികോത്സവം. കുന്നംകുളം സിന്തറ്റിക് ട്രാക്കില്‍ തുടര്‍ന്നും അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്താനുള്ള ചൂണ്ടുപലകയായി ഈ കായികമേള മാറി. സംഘാടക സമിതി ചെയര്‍മാനായ എ.സി. മൊയ്തീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന കായികമേള പരിഭവങ്ങളോ പരാതികളോ ഇല്ലാതെ മികവുറ്റതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കായിക താരങ്ങളുള്‍പ്പെടെ മേളയുടെ ഭാഗമായ എല്ലാവര്‍ക്കും കൊടകര സ്വദേശി അയ്യപ്പദാസിന്‍റെ നേതൃത്വത്തില്‍ പാകം ചെയ്ത രുചികരമായ ഭക്ഷണങ്ങള്‍ അധ്യാപകര്‍ വിളമ്പി.

ത്രിതല പഞ്ചായത്ത് അംഗങ്ങളും ജനപ്രതിനിധികളും അവര്‍ക്കൊപ്പം കൂടി. ദിവസവും ഏഴായിരത്തോളം പേര്‍ക്കാണ് വിഭവ സമൃദ്ധമായ സദ്യയും വിഭവങ്ങളും ഒരുക്കിയത്. ആയിരം പേര്‍ക്ക് ഒരുമിച്ച് ഇരുന്നുണ്ണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് കുന്നംകുളം നഗരസഭാ കായിക വേദിയിലെ മാലിന്യമകറ്റി. കായികതാരങ്ങള്‍ക്കുള്ള താമസവും വെള്ളവും യാത്രാ സൗകര്യവുമെല്ലാം കുറ്റമറ്റരീതിയിലാണ് നടപ്പാക്കിയത്.

നിലവാരമാര്‍ന്ന ട്രോഫികളാണ് വിജയികള്‍ക്ക് നല്‍കിയത്. ശബ്ദവും വെളിച്ചും ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു. കാണികള്‍ക്ക് മത്സരങ്ങള്‍ ഗ്യാലറിയിലിരുന്ന് കാണാനും മത്സര ഫലങ്ങള്‍ നിമിഷ നേരംകൊണ്ട് അറിയാനുമായി രണ്ട് ബിഗ് സ്‌ക്രീനും ഒരുക്കിയിരുന്നു. ജനപങ്കാളിത്തം കൊണ്ടും 65-ാമത് സംസ്ഥാന കായിക മേള ശ്രദ്ധ നേടി. മേളയിലെ ക്രമസമാധാനം പൊലീസില്‍ സുരക്ഷിതമായിരുന്നു. മത്സരത്തിനിടെ കായിക താരങ്ങള്‍ക്കുണ്ടായ അപകടങ്ങളെ നേരിടാന്‍ മെഡിക്കല്‍ സംഘവും ജാഗരൂകരായി പ്രവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും