കോഴിക്കോട്: യോഗ്യതാ പോരാട്ടങ്ങള്‍ അവസാനിച്ചതോടെ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഇനി ഗ്രൂപ്പ് പോരാട്ടങ്ങള്‍. രാത്രി എട്ടരയ്ക്ക് കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും. ടൂര്‍ണമെന്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഗ്രൂപ്പ് എ, സി മത്സരങ്ങളാണ് കോഴിക്കോട്ട് നടക്കുന്നത്. ബി, ഡി ഗ്രൂപ്പ് കളികള്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും നടക്കും. കൂടാതെ, ഒരു സെമിഫൈനലും ഫൈനലും കോഴിക്കോട്ടായിരിക്കും.
നാല് ഗ്രൂപ്പുകളിലായി 16 ടീമുകളാണ് മത്സരിക്കുക. ഐഎസ്എല്ലില്‍ നിന്ന് 11 ടീമുകളും ഐ ലീഗില്‍ നിന്ന് അഞ്ച് ടീമുകളുമാണ് പോരാട്ടത്തിനിറങ്ങുക. 11 ഐഎസ്എല്‍ ടീമുകളും ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബും നേരത്തേ യോഗ്യത ഉറപ്പാക്കിയിരുന്നു. യോഗ്യതാ റൗണ്ട് കളിച്ച് ശ്രീനിഥി ഡെക്കാണ്, ഗോകുലം കേരള, ഐസ്വാള്‍ എഫ്സി, ചര്‍ച്ചില്‍ ബ്രദേഴ്സ് എന്നീ ടീമുകളും ഫൈനല്‍ റൗണ്ടിലെത്തി.
ഗ്രൂപ്പ് എയില്‍ കേരളാ ബ്ലാസ്റ്റേഴ്സ്, ബെംഗളൂരു എഫ്.സി, റൗണ്ട് ഗ്ലാസ് പഞ്ചാബ്, ശ്രീനിധി ഡെക്കാണ് ടീമുകളും ഗ്രൂപ്പ് ബിയില്‍ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, ഈസ്റ്റ് ബംഗാള്‍, ഐസ്വാള്‍ ടീമുകളും ഗ്രൂപ്പ് സി.യില്‍ ഐ.എസ്.എല്‍. ചാമ്പ്യന്മാരായ എ.ടി.കെ. മോഹന്‍ ബഗാന്, എഫ്.സി. ഗോവ, ജംഷേദ്പുര്‍ എഫ്.സി, ഗോകുലം കേരള ടീമുകളും ഗ്രൂപ്പ് ഡിയില്‍ മുംബൈ സിറ്റി എഫ്സി, ചെന്നൈയിന് എഫ്സി, നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്സ് ടീമുകളും അണിനിരക്കും.
ഐഎസ്എല്ലില്‍ പ്ലേ ഓഫില്‍ ബംഗളൂര് എഫ്സിയോട് പരാജയപ്പെട്ട് പുറത്തായ കേരള ബ്ലാസ്റ്റേേഴ്സിന് ഇവിടെ അതിനു പകരം വീട്ടാന്‍ അവസരമുണ്ടാകും. എന്നാല്‍, വിലക്കിലുള്ള മുഖ്യപരിശീലകന്‍ ഇവാന് വുകമാനോവിച്ചിന് ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ല. പകരം അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡുവാവെന് ആയിരിക്കും ടീമിന്റെ മുഖ്യപരിശീലകന്‍. അതുപോലെ സൂപ്പര്‍ താരം ലൂണ വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്കുമടങ്ങി. അതുപോലെ പരുക്കേറ്റ ജസല്‍ കര്ണെയ്റോയ്ക്കും ഈ മത്സരത്തില്‍ കളിക്കാനാവില്ല.
മത്സരത്തിന്റെ ടിക്കറ്റുകള്‍ കോഴിക്കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് ഓഫീസ്, സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസ്, ഇന്‍ഡോര്‍ സ്റ്റേഡിയം, ബീച്ച് എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഓണ്‍ലൈനായി ബുക്ക് മൈ ഷോ ആപ്പ് വഴിയും വാങ്ങാം. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.
സീസണ് ടിക്കറ്റ് 1299 രൂപയ്ക്ക് ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരുദിവസം രണ്ടു കളികളാണ് നടക്കുന്നത്. സോണി സ്പോര്‍ട്സ് 2 ചാനലില്‍ തത്സമയ സംപ്രേഷണമുണ്ട്.