കേരള ഫുട്ബോളിനു ദേശീയതലത്തിൽ നഷ്ടപ്പെട്ട പ്രാധാന്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷകൾക്കു വീണ്ടും ചിറകു നൽകിക്കൊണ്ട് സൂപ്പർ ലീഗ് കേരളയ്ക്കു തുടക്കമാകുന്നു. ഐഎസ്എല്ലിൽ കേരളത്തിൽ നിന്നൊരു ടീമുണ്ടെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് എന്ന ആ ടീമിൽ മലയാളി പ്രാതിനിധ്യം നാമമാത്രം. സന്തോഷ് ട്രോഫിയിൽ കേരളത്തിന്‍റെ പ്രകടനം നാൾക്കു നാൾ മോശമായും വരുന്നു. കേരള പൊലീസും ടൈറ്റാനിയവും പോലുള്ള ഡിപ്പാർട്ട്മെന്‍റ് ടീമുകൾ പ്രൊഫഷണൽ ഫുട്ബോൾ യുഗത്തിൽ പഴയ പ്രതാപത്തിന്‍റെ നിഴൽ പോലുമല്ല.
എട്ടും ഒമ്പതും മലയാളികൾ വരെ ഇന്ത്യൻ ടീമിലേക്ക് ഒരുമിച്ച് തെരഞ്ഞെടുക്കപ്പെട്ടിരുന്ന പ്രൗഢമായൊരു പാരമ്പര്യമുണ്ട് കേരള ഫുട്ബോളിന്. ഇപ്പോൾ ഒരു മലയാളി ദേശീയ ടീമിലെത്തിയാൽ പോലും വാർത്തയാകുന്ന കാലം. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് സൂപ്പർ ലീഗ് കേരള പോലൊരു ലീഗിനു പ്രാധാന്യമേറുന്നത്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് ഇത്തരത്തിലൊരു ഫുട്ബോൾ സൂപ്പർ ലീഗ് സംഘടിപ്പിക്കുന്നത്. കേരള ഫുട്‌ബോള്‍ അസോസിയേഷനും സ്കോർലൈനുമാണ് സംഘാടകർ. സെപ്റ്റംബർ ആദ്യ വാരം ആരംഭിച്ച് 45 ദിവസം നീളുന്ന മത്സരങ്ങളിൽ ആറു ഫ്രാഞ്ചൈസി ടീമുകളാണ് ഏറ്റുമുട്ടുക.
കൊച്ചി പൈപ്പേഴ്‌സ്
കാലിക്കറ്റ് സുൽത്താൻസ്
തൃശൂര്‍ റോർ
കണ്ണൂർ സ്‌ക്വാഡ്
തിരുവനന്തപുരം കൊമ്പൻസ്
മലപ്പുറം എഫ്സി
ഏഷ്യയിലെ വിവിധ രാജ്യങ്ങൾക്കു പുറമേ, ആഫ്രിക്കൻ, യൂറോപ്യൻ, ലാറ്റിനമേരിക്കൻ കളിക്കാരുടെയും പരിശീലകരുടെയും സാന്നിധ്യം സൂപ്പർ ലീഗിന് ആവേശം പകരും. ഇവർക്കൊപ്പം കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന നൂറോളം പ്രതിഭകൾക്കും പന്തുതട്ടാൻ അവസരം ഉറപ്പാക്കും.
ടെന്നീസ് താരം മഹേഷ് ഭൂപതി അടക്കമുള്ളവരാണ് കൊച്ചി പൈപ്പേഴ്സ് എഫ്സിയുടെ അണിയറയിൽ. തൃശൂര്‍ റോർ എഫ്‌സിയിൽ ബ്രിസ്ബേൻ റോർ എഫ്സിക്കു പങ്കാളിത്തമുണ്ട്. ഖത്തറിലെ ദോഹ ആസ്ഥാനമായ കാസിൽ ഗ്രൂപ്പ് അടക്കമുള്ളവർ കണ്ണൂർ സ്ക്വാഡിനു പിന്നിലുണ്ട്. ഗൗരി ലക്ഷ്മി ഭായിയെ പോലുള്ളവരുമായാണ് തിരുവനന്തപുരം കൊമ്പൻസ് എഫ്സി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ബിസ്മി ഗ്രൂപ്പും സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറവും മലപ്പുറം എഫ്‌സിക്ക് കരുത്ത് പകരുന്നു. ഐബിഎസ് ഗ്രൂപ്പിന്‍റെ കരുത്താണ് കാലിക്കറ്റ് എഫ്സിക്കു പിന്നിലുള്ളത്.