സൂര്യകുമാർ യാദവും രോഹിത് ശർമയും ട്രോഫിയുമായി വിമാനത്തിൽ. രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.
Sports

ഒടുവിൽ ഇന്ത്യൻ ടീമിന് തിരിച്ചുപോരാൻ 'വണ്ടി' കിട്ടി

ബാർബഡോസ്: ട്വന്‍റി20 ലോകകപ്പ് നേടിയ ശേഷം നാട്ടിലേക്കു മടങ്ങാനാവാതെ കരീബിയൻ ദ്വീപുകളിൽ കുടുങ്ങിപ്പോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മടക്കയാത്ര മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവിൽ സാധ്യമായി.

മേഖലയിൽ ആഞ്ഞടിച്ച കൊടുങ്കാറ്റ് കാരണമാണ് ചാംപ്യൻമാരുടെ മടക്കയാത്ര ഇത്രയും ദിവസം വൈകിയത്. ആകാശത്തുകൂടി പോകുന്ന വയ്യാവേലി ഏണിവച്ചു പിടിച്ചെന്നു പറയുന്നതു പോലെ മലയാളി താരം സഞ്ജു സാംസണിന്‍റെ സിംബാബ്‌വെ പര്യടനവും ഇതോടെ അവതാളത്തിലായി.

കപ്പ് നേടിയ ഇന്ത്യൻ ടീമിലെ 15 പേരും നാട്ടിൽ മടങ്ങിയെത്തി ഔദ്യോഗിക സ്വീകരണവും അനുമോദനവുമെല്ലാം കഴിഞ്ഞ് ഇനി സഞ്ജുവും യശസ്വി ജയ്സ്വാളും ശിവം ദുബെയും സിംബാബ്‌വെയിലേക്കു പോയാൽ മതിയെന്നാണ് ബിസിസിഐയുടെ കൽപ്പന. മൂവരും വെസ്റ്റിൻഡീസിൽ നിന്നു നേരെ സിംബാബ്‌വെയിലെ ഹരാരെയിലേക്കു പോകാനാണ് നേരത്തെ നിർദേശം നൽകിയിരുന്നത്.

പര്യടന പരിപാടിയിലെ മാറ്റം കാരണം മൂന്നു പേർക്കും സിംബാബ്‌വെക്കെതിരായ ആദ്യ രണ്ട് ട്വന്‍റി20 മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന് ഉറപ്പായി. ഇവർക്കു പകരക്കാരായി ജിതേഷ് ശർമ, സായ് സുദർശൻ, ഹർഷിത് റാണ എന്നിവരെ ബിസിസിഐ സിംബാബ്‌വെയിലേക്ക് നിയോഗിക്കുകയും ചെയ്തുകഴിഞ്ഞു.

തിരിച്ചുചെന്നാലും യാത്രാ ക്ഷീണം കാരണം മൂന്നാം മത്സരത്തിലും വിശ്രമം അനുവദിക്കപ്പെടാനാണ് സാധ്യത. അതിനകം മറ്റാരെങ്കിലുമൊക്കെ ഫോമിലെത്തിയിട്ടുണ്ടെങ്കിൽ അവസാന രണ്ടു മത്സരങ്ങളിലെ പങ്കാളിത്തവും അനിശ്ചിതത്വത്തിൽ തന്നെയാകും.

ബുധനാഴ്ച കരീബിയൻ സമയം പുലർച്ചെ 4.50നുള്ള പ്രത്യേക എയർ ഇന്ത്യ ചാർട്ടർ ഫ്ളൈറ്റിലാണ് ഇന്ത്യൻ ടീം നാട്ടിലേക്കു യാത്ര തിരിച്ചത്. ചാംപ്യൻമാരോടുള്ള ബഹുമാനാർഥം, AIC24WC എന്നാണ് ഈ വിമാനത്തിനു നൽകിയിരിക്കുന്ന പേര്. എയർ ഇന്ത്യ ചാംപ്യൻസ് 24 വേൾഡ് കപ്പ് എന്നതിന്‍റെ ചുരുക്കമാണ് AIC24WC. വ്യാഴാഴ്ച രാവിലെ വിമാനം ന്യൂഡൽഹിയിൽ ലാൻഡ് ചെയ്യും.

വിമാനത്തിനുള്ളിൽ ട്രോഫിയുമായി നിൽക്കുന്ന ചിത്രം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. താരങ്ങളെ കൂടാതെ അവരുടെ കുടുംബാംഗങ്ങളും സപ്പോർട്ട് സ്റ്റാഫും ബിസിസിഐ അധികൃതരും മാധ്യമ പ്രവർത്തകരുമെല്ലാം ഇതേ വിമാനത്തിലുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു