ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിഫൈനൽ മത്സരത്തിൽ ഉദയ് സഹാരന്‍റെ പുൾ ഷോട്ട്. 
Sports

അണ്ടർ 19 ലോകകപ്പ്: ഇതാ ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി

ബെനോനി: അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആവേശകരമായ മത്സരത്തിൽ രണ്ടു വിക്കറ്റിനു തോൽപ്പിച്ച് ഇന്ത്യ ഫൈനിൽ കടക്കുമ്പോൾ ഉറപ്പിക്കാം, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി ഈ കുട്ടികളുടെ കൈകളിൽ ഭദ്രം. 1988ൽ ആരംഭിച്ച അണ്ടർ 19 ലോകകപ്പിന്‍റെ ചരിത്രത്തിൽ ഇന്ത്യ ഒമ്പതാം തവണയാണ് ഫൈനലിനു യോഗ്യത നേടുന്നത്. ഇതുവരെ കളിച്ച എട്ടു ഫൈനലുകളിൽ അഞ്ചിലും ചാംപ്യൻമാരായി. നിലവിലുള്ള ചാംപ്യൻമാരായ ഇന്ത്യ ഇതു തുടർച്ചയായ അഞ്ചാം വട്ടമാണ് ഫൈനൽ കളിക്കാൻ പോകുന്നത്. ഓസ്ട്രേലിയയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്ന സെമിഫൈനലിലെ ജേതാക്കളെയാണ് ഇക്കുറി ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടൂർണമെന്‍റിന്‍റെ ഫൈനലിൽ നേരിടുക.

സെമി ഫൈനലിലെ സ്കോർ നിലയിൽ ഒതുങ്ങുന്ന ആവേശവും പോരാട്ടവുമായിരുന്നില്ല കളിക്കളത്തിൽ കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഉദയ് സഹാരൻ ഫീൽഡിങ് തെരഞ്ഞെടുക്കുന്നു. ടൂർണമെന്‍റിൽ ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ് ചെയ്തത്. ചെയ്സ് ചെയ്യുന്ന ആദ്യ മത്സരത്തിൽ, കരുത്തരായ ദക്ഷിണാഫ്രിക്കയെ 50 ഓവറിൽ 244/7 റൺസ് എന്ന നിലയിൽ നിയന്ത്രിച്ചു നിർത്താനും ഇന്ത്യക്കു സാധിച്ചു. ഏഴു പന്ത് ശേഷിക്കെ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.

ഇത്രയും ലളിതമായി പറയാം. എന്നാൽ, സ്കോർ നിലയിൽ പൂർണമാകാത്ത പോരാട്ടത്തിന്‍റെയും തിരിച്ചുവരവിന്‍റെയും കഥയുണ്ടായിരുന്നു ഇന്ത്യൻ ഇന്നിങ്സിൽ.

മറുപടി ബാറ്റിങ്ങിൽ 32 റൺസെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട് ടീമിനെ, ക്യാപ്റ്റൻ ഉദയ് സഹാരനും ലോവർ ഓർഡർ സ്പെഷ്യലിസ്റ്റ് സച്ചിൻ ദാസും ചേർന്ന് തകർച്ചയുടെ വക്കിൽ നിന്ന് വിജയത്തിലേക്കു കൈപിടിച്ചുയർത്തുകയായിരുന്നു. ഇരുവരും ഒന്നിച്ച 171 റൺസ് കൂട്ടുകെട്ട് അണ്ടർ 19 ക്രിക്കറ്റിലെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇന്ത്യൻ റെക്കോഡാണ്. നേരത്തെ, സൂപ്പർ സിക്സിലെ അവസാന മത്സരത്തിൽ ഇവർ 215 റൺസ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റ് കൂട്ടുകെട്ടിന്‍റെ റെക്കോഡും സ്വന്തമാക്കിയിരുന്നു.

നേരത്തെ, ദക്ഷിണാഫ്രിക്കയുടെ തുടക്കവും മോശമായിരുന്നു. അവരുടെ ഓപ്പണർ സ്റ്റീവ് സ്റ്റോക്ക് (14), വൺഡൗൺ ബാറ്റർ ഡേവിഡ് ഡീഗർ (0) എന്നിവരെ രാജ് ലിംബാനി വേഗത്തിൽ മടക്കി. എന്നാൽ വിക്കറ്റ് കീപ്പർ ഹുവാൻ-ഡ്രെ പ്രിറ്റോറിയസിന്‍റെയും (102 പന്തിൽ 76) സെക്കൻഡ് ഡൗൺ ബാറ്റർ റിച്ചാർഡ് സെലെറ്റ്സ്വേന്‍റെയും (100 പന്തിൽ 64) അർധ സെഞ്ചുറികൾ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച അടിത്തറയിട്ടു.

പ്രിറ്റോറിയസിനെ മുഷീർ ഖാൻ പുറത്താക്കിയ ശേഷം ഒലിവർ വൈറ്റ്ഹെഡിനെ (22) കൂട്ടുപിടിച്ച് സെലെറ്റ്സ്വേൻ സ്കോർ മുന്നോട്ടു കൊണ്ടുപോയി. 30 യാർഡ് സർക്കിളിനുള്ളിൽ മുരുകൻ അഭിഷേക് എടുത്ത അവിശ്വസനീയ ക്യാച്ചിലാണ് പ്രിറ്റോറിയസ് പുറത്തായത്. ടൂർണമെന്‍റിൽ മൂന്നാം തവണയാണ് ഫീൽഡിങ് പ്രകടനത്തിലൂടെ അഭിഷേക് അമ്പരപ്പിക്കുന്നത്.

മുഷീർ ഖാന്‍റെ വിക്കറ്റ് ആഘോഷം.

വൈറ്റ്ഫീൽഡിനെയും മുഷീർ തന്നെ പുറത്താക്കിയതോടെ കളി വീണ്ടും ഇന്ത്യയുടെ നിയന്ത്രണത്തിൽ. ഇക്കുറി സച്ചിൻ ദാസിന്‍റെ ഡൈവിങ് ക്യാച്ചാണ് വിക്കറ്റ് ഉറപ്പാക്കിയത്. എന്നാൽ, വാലറ്റത്ത് ക്യാപ്റ്റൻ യുവാൻ ജയിംസും (19 പന്തിൽ 24) ട്രിസ്റ്റൻ ലൂസും (12 പന്തിൽ 23) നടത്തിയ വെടിക്കെട്ടുകൾ അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്തി.

ഇന്ത്യക്കായി വലങ്കയ്യൻ പേസർ രാജ് ലിംബാനി മൂന്ന് വിക്കറ്റ് നേടിയപ്പോൾ ന്യൂബോൾ പങ്കാളിയായ ഇടങ്കയ്യൻ പേസർ നമൻ തിവാരി ഒരു വിക്കറ്റ് വീഴ്ത്തി. മുഷീർ ഖാന് രണ്ടു വിക്കറ്റ് കിട്ടി. പ്ലെയർ ഓഫ് ദ ടൂർണമെന്‍റിനുള്ള മത്സരത്തിൽ മുഷീർ ഖാൻ ഇതോടെ സാധ്യത ശക്തിപ്പെടുത്തുകയും ചെയ്തു.

ലീഡ് സ്പിന്നർ സൗമി പാണ്ഡെയ്ക്ക് ഒരു വിക്കറ്റ് കിട്ടിയപ്പോൾ, മുരുകൻ അഭിഷേകും പ്രിയാൻഷു മോലിയയും അടക്കമുള്ള സ്പിൻ നിര റൺ നിയന്ത്രിക്കുന്നതിൽ വിജയം കണ്ടു.

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് വിശ്വസ്തനായ ഓപ്പണർ ആദർശ് സിങ്ങിനെ (0) ഇന്നിങ്സിലെ ഒന്നാമത്തെ പന്തിൽ തന്നെ നഷ്ടപ്പെട്ടു. ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച ബൗളറായ ക്വെന മഫാക ആദർശിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. ഈ ടൂർണമെന്‍റിന്‍റെ കണ്ടെത്തൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന മുഷീർ ഖാൻ നാലാമത്തെ ഓവറിൽ ട്രിസ്റ്റൻ ലൂസിന്‍റെ ബൗൺസറിനു കീഴടങ്ങി. ഐപിഎൽ കരാർ ലഭിച്ച വെടിക്കെട്ട് ഓപ്പണർ അർഷിൻ കുൽക്കർണി 30 പന്തിൽ 12 റൺസുമായി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ലൂസിനു തന്നെ വിക്കറ്റ് സമ്മാനിച്ചു. ടൂർണമെന്‍റിൽ ഉടനീളം ഫോമില്ലാതെ വിഷമിക്കുന്ന പ്രിയാംശു മോലിയയെ (5) കൂടി ലൂസ് പുറത്താക്കിയതോടെയാണ് സഹാരനും സച്ചിനും തമ്മിലുള്ള ഐതിഹാസികമായ കൂട്ടുകെട്ട് ആരംഭിക്കുന്നത്.

സച്ചിൻ ദാസിന്‍റെ ബാറ്റിങ്

സഹാരൻ ടെസ്റ്റ് ക്രിക്കറ്റിലേതിനു സമാനമായ ക്ഷമയോടെ ക്രീസിൽ നങ്കൂരമിട്ടപ്പോൾ, മറുവശത്ത് സച്ചിൻ ദാസ് സാങ്കേതികത്തികവും ആക്രമണോത്സുകതയും സമന്വയിപ്പിച്ച സ്ട്രോക്ക് പ്ലേയിലൂടെ റൺ നിരക്ക് ഉയർത്തി. അതുവരെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ വിറപ്പിക്കാൻ ഉപയോഗിച്ചുകൊണ്ടിരുന്ന ഷോർട്ട് ബോൾ തന്ത്രം സച്ചിനു മുന്നിൽ നിഷ്പ്രഭമായി. ഷോർട്ട് പിച്ച് പന്തുകൾക്കെതിരേ പുൾ ഷോട്ടുകളുടെ പരമ്പര തന്നെയാണ് സച്ചിന്‍റെ ബാറ്റിൽ നിന്ന് ഉതിർന്നത്.

കൂട്ടുകെട്ട് നൂറു കടന്നതിനു ശേഷം ഉദയ് സഹാരനും ആക്രമിച്ചു കളിക്കാൻ തുടങ്ങി. എന്നാൽ, മഫാകയുടെ തന്ത്രപരമായ സ്ലോ ബോളിൽ സച്ചിൻ ദാസ് സെഞ്ചുറിക്ക് നാലു റൺസ് അകലെ പുറത്തായതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷയായി. അതിനു ശേഷം വിക്കറ്റ് കീപ്പറും ബിഗ് ഹിറ്ററുമായി അരാവലി അവനീഷുമൊത്തെ ഉദയ് സഹാരന്‍റെ ചെറിയ കൂട്ടുകെട്ട്. ജയം 19 റൺസ് അകലെ നിൽക്കുമ്പോൾ അവനീഷിനെ (10) കൂടി മഫാക പുറത്താക്കി. തൊട്ടടുത്ത പന്തിൽ ബൗളിങ് ഓൾറൗണ്ടർ മുരുകൻ അഭിഷേക് (0) റണ്ണൗട്ട്. ഇന്ത്യ വീണ്ടും കടുത്ത സമ്മർദത്തിൽ. എന്നാൽ, തുടർന്നെത്തിയ ഒമ്പതാം നമ്പർ ബാറ്റർ രാജ് ലിംബാനി ആ സമ്മർദം അധികം നീട്ടിയില്ല. വെറും നാലു പന്തിൽ 13 റൺസുമായി ക്ലീൻ ഫിനിഷ്. ഇതിനിടെ ഉദയ് സഹാരൻ (124 പന്തിൽ 81) റണ്ണൗട്ടായെങ്കിലും ജയിക്കാൻ അപ്പോൾ ഒരു റൺ മാത്രമാണ് വേണ്ടിയിരുന്നത്. തൊട്ടടുത്ത പന്തിൽ ഫോറടിച്ച് ലിംബാനി ജയം പൂർത്തിയാക്കുകയും ചെയ്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ