ബെനോനി (ദക്ഷിണാഫ്രിക്ക) ലോകക്രിക്കറ്റിനെ വരും കാലങ്ങളില്‍ ചുമലിലേറ്റേണ്ടവരുടെ കലാശപ്പോര് ഇന്ന്. ലോക കക്രികക്റഅറിലെ പവര്‍ഹൗസുകളുടെ പിന്മുറക്കാര് തന്നെയാണ് അവസാന അങ്കത്തിന് അറങ്ങുന്നതും. അതെ, 2023 ലോകകപ്പ് ഫൈനലിനു പിന്നാലെ 2024 അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലും ഇന്ത്യ - ഓസ്ട്രേലിയ പോരാട്ടം. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയില്‍ അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ പാക്കിസ്ഥാന് യുവനിരയെ ഒരു വിക്കറ്റിന് കീഴടക്കിയാണ് ഓസ്ട്രേലിയയുടെ ഫൈനല്‍ പ്രവേശനം എങ്കില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ആവേശകരമായ മത്സരത്തില്‍ രണ്ടു വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ ഫൈനില്‍ കടക്കുകയായിരുന്നു. ഉച്ചയ്ക്ക് 1.30നാണ് ഫൈനല്‍ ആരംഭിക്കുന്നത്. 1988ല്‍ ആരംഭിച്ച അണ്ടര്‍ 19 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ഒമ്പതാം തവണയാണ് ഫൈനലിനു യോഗ്യത നേടുന്നത്.
ഇതുവരെ കളിച്ച എട്ടു ഫൈനലുകളില്‍ അഞ്ചിലും ചാംപ്യന്മാരായി. നിലവിലുള്ള ചാംപ്യന്മാരായ ഇന്ത്യ ഇതു തുടര്‍ച്ചയായ അഞ്ചാം വട്ടമാണ് ഫൈനല്‍ കളിക്കാന്‍ പോകുന്നത്.
പാക്കിസ്ഥാന് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം അഞ്ചു പന്തുകള്‍ മാത്രം ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു.ഹാരി ഡിക്സണ്‍ (50), ഒളിവര്‍ പീക്ക് (49) എന്നിവരാണ് ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തത്. 179 റണ്‍സ് പ്രതിരോധിക്കാന്‍ പാക് ബൗളര്‍മാര്‍ നന്നായി തന്നെ പന്തെറിഞ്ഞു. 10 ഓവറില്‍ 34 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തി അലി റാസ തിളങ്ങിയെങ്കിലും അവരുടെ ചെറിയ സ്കോറിനെ പ്രതിരോധിക്കാന്‍ അതു പോരായിരുന്നു. 10 ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത അറഫാത്ത് മിന്‍ഹാസും 10 ഓവറില്‍ 25 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയ നവീദ് അഹമ്മദ് ഖാനും മികച്ച ബൗളിങ് കാഴ്ചവെച്ചു. നേരത്തേ 24 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ ടോം സ്ട്രാക്കറാണ് പാക് പടയെ തകര്‍ത്തത്. അവര്‍ 48.5 ഓവറില്‍ 179 റണ്‍സിന് പുറത്തായി.
52 റണ്‍സ് വീതമെടുത്ത അസന്‍ അവൈസി, അറഫാത്ത് മിന്‍ഹാസ് എന്നിവര്‍ തിളങ്ങി. ഇവരെ കൂടാതെ 17 റണ്‍സെടുത്ത ഓപ്പണര്‍ ഷാമില്‍ ഹുസൈന് മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്.ആദ്യ സെമിയില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ 50 ഓവറില്‍ 244/7 റണ്‍സ് എന്ന നിലയില്‍ നിയന്ത്രിച്ചു നിര്‍ത്തിയ ഇന്ത്യ ഏഴു പന്ത് ശേഷിക്കെ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടി.
245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യമറുപടി ബാറ്റിങ്ങില്‍ 32 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടപ്പെട്ട് ടീമിനെ, ക്യാപ്റ്റന്‍ ഉദയ് സഹാരനും ലോവര്‍ ഓര്‍ഡര്‍ സ്പെഷ്യലിസ്റ്റ് സച്ചിന് ദാസും ചേര്‍ന്ന് തകര്‍ച്ചയുടെ വക്കില്‍ നിന്ന് വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും ഒന്നിച്ച 171 റണ്‍സ് കൂട്ടുകെട്ട് അണ്ടര്‍ 19 ക്രിക്കറ്റിലെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇന്ത്യന്‍ റെക്കോഡാണ്.
നേരത്തെ, സൂപ്പര്‍ സിക്സിലെ അവസാന മത്സരത്തില്‍ ഇവര്‍ 215 റണ്‍സ് കൂട്ടുകെട്ടുമായി നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡും സ്വന്തമാക്കിയിരുന്നു. വിക്കറ്റ് കീപ്പര്‍ ഹുവാന്‍-ഡ്രെ പ്രിറ്റോറിയസിന്റെയും (102 പന്തില്‍ 76) സെക്കന്‍ഡ് ഡൗണ്‍ ബാറ്റര്‍ റിച്ചാര്‍ഡ് സെലെറ്റ്സ്വേന്റെയും (100 പന്തില്‍ 64) അര്‍ധ സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.
ടീം
ഇന്ത്യ: അര്ഷിന് കുല്‍ക്കര്‍ണി, ആദര്‍ശ് സിംഗ്, രുദ്ര മയൂര്‍ പട്ടേല്‍, സച്ചിന് ദാസ്, പ്രിയാന്‍ഷു മോലിയ, മുഷീര്‍ ഖാന്, ഉദയ് സഹാറന്‍ (ക്യാപ്റ്റന്‍), ആരവേലി അവനീഷ് റാവു, സൗമി കുമാര്‍ പാണ്ഡെ, മുരുകന് അഭിഷേക്, ഇന്നേഷ് മഹാജന്, ധനുഷ് ഗൗഡ, ആരാധ്യ ശുക്ല, രാജ് ലിംബാനി, രാജ് ലിംബാനി, നമന്‍ തിവാരി.
ഓസ്ട്രേലിയ: ഹ്യൂ വെയ്ബ്ജെന്‍ (ക്യാപ്റ്റന്‍), ലാച്ലാന് ഐറ്റ്കെന്‍, ചാര്‍ളി ആന്ഡേഴ്സണ്, ഹര്‍കിരത് ബജ്വ, മഹ്ലി ബേര്ഡ്മാന്, ടോം കാംപ്ബെല്‍, ഹാരി ഡിക്സണ്‍, റയാന് ഹിക്സ്, സാം കോണ്‍സ്റ്റാസ്, റാഫേല്‍ മക്മില്ലന്, എയ്ഡന്‍ ഒകോണര്‍, ഹര്‍ജാസ് സിംഗ്, ടോം സ്ട്രാക്കര്‍, ഓല്ലം വിഡ്ലര്, ഒലി പീക്കെ.