Sports

ഇന്ത്യ തിളങ്ങി... ഏഷ്യാഡ് വേദിയിൽ

നൂറു മെഡലുകൾ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഗെയിംസ് വേദിയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് അത്യഭിമാനത്തോടെ മടങ്ങാം.

ചൈനയിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം നൂറിനപ്പുറം കടന്നിരിക്കുന്നു എന്നത് അഭിമാന നിമിഷമാണ്. നൂറു മെഡലുകൾ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ഗെയിംസ് വേദിയിലെത്തിയ ഇന്ത്യന്‍ സംഘത്തിന് അത്യഭിമാനത്തോടെ മടങ്ങാം. 1951ല്‍ ഇന്ത്യയിലായിരുന്നു ആദ്യ ഏഷ്യന്‍ ഗെയിംസ് നടന്നത്. അന്നു 15 സ്വര്‍ണ്മടക്കം ആകെ 61 മെഡലുകളാണ് നമുക്കു ലഭിച്ചത്. അന്നു മുതല്‍ 1978ല്‍ നടന്ന എട്ടാമത് ഏഷ്യന്‍ ഗെയിംസ് വരെ ജപ്പാനായിരുന്നു മെഡലുകളില്‍ ഒന്നാം സ്ഥാനത്ത്. 1982ല്‍ നടന്ന 9ാമത് ഏഷ്യന്‍ ഗെയിംസ് മുതല്‍ ചൈന മെഡലുകളുടെ കാര്യത്തില്‍ ഒന്നാമതെത്തി. 9ാം ഏഷ്യന്‍ ഗെയിംസ് നടന്നതു ഡല്‍ഹിയിലായിരുന്നു എന്നതും ശ്രദ്ധേയം. തുടര്‍ന്നുള്ള എല്ലാ ഏഷ്യന്‍ ഗെയിംസുകളിലും ചൈന മെഡലുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തു തന്നെ. ജപ്പാനും ചൈനയും മാത്രമാണ് ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ ചാംപ്യന്മാരായിട്ടുള്ളൂ എന്നതും എടുത്തുപറയണം.

നാലു വര്‍ഷം കൂടുമ്പോള്‍ ഏഷ്യയിലെമ്പാടുമുള്ള കായിക താരങ്ങള്‍ക്കിടയില്‍ നടക്കുന്ന ആവേശകരമായ മത്സരമാണ് ഏഷ്യന്‍ ഗെയിംസ് അഥവാ ഏഷ്യാഡ്. ഒളിംപിക്സിനു തൊട്ടുപിന്നിൽ തന്നെയാണ് ഇതിനു സ്ഥാനം. 19 ഏഷ്യന്‍ ഗെയിംസുകൾക്കായി 9 രാജ്യങ്ങള്‍ ആതിഥേയത്വം വഹിച്ചു. ഇപ്പോള്‍ നടക്കുന്ന 19ാം ഗെയിംസ് സെപ്തംബര്‍ 23നാണ് ചൈനയിലെ ഹാങ്ചൗവിൽ ആരംഭിച്ചത്. ഇന്നു സമാപിക്കും. കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഗെയിംസ് കൊവിഡ് മൂലം ഇക്കൊല്ലത്തേക്കു മാറ്റുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസിന്‍റെ ചിഹ്നം "സര്‍ജിങ് ടൈഡ്‌സ്' ആണ്. ഏഷ്യന്‍ ഗെയിംസിന്‍റെ മാസ്‌ക്കോട്ട് ചിഹ്നങ്ങള്‍ കോങ്‌കോങ്, ലിയാന്‍ലിയന്‍, ചെഞ്ചന്‍ എന്നിവയാണ്. പുരാവസ്തു അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെത്തിയ കോങ് ജേഡ് പെന്‍ഡന്‍റില്‍ നിന്നാണ് കോങ്‌കോങ് എന്ന പേര് ലഭിച്ചത്. അതിന്‍റെ ശരീരത്തിന് മഞ്ഞ നിറമാണ്. അത് ഭൂമിയെയും ബംപര്‍ വിളവെടുപ്പിനെയും പ്രതിനിധീകരിക്കുന്നു. അതിന്‍റെ തല പുരാണ മൃഗങ്ങളുടെ മുഖചിത്രങ്ങളുമായി സാമ്യമുള്ളതാണ്. പടിഞ്ഞാറന്‍ തടാകത്തിലെ താമരയിലകളില്‍ നിന്നാണ് ലിയാന്‍ലിയന്‍ എന്ന പേര് ലഭിച്ചത്. അതിന്‍റെ ശരീരത്തിന് പച്ച നിറമുണ്ട്, ജീവിതത്തെയും പ്രകൃതിയെയും പ്രതിനിധീകരിക്കുന്നു. ഗ്രാന്‍ഡ് കനാലിന്‍റെ ഹാങ്ഷൂ വിഭാഗത്തിലെ ഒരു പ്രധാന ഘടനയായ ഗോങ്ചെന്‍ പാലത്തില്‍ നിന്നാണ് ചെഞ്ചെന്‍ എന്ന പേര് ലഭിച്ചത്. അതിന്‍റെ ശരീരത്തിന് നീല നിറം, ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും പ്രതിനിധീകരിക്കുന്നു. ഏഷ്യന്‍ ഗെയിംസിന്‍റെ ഔദ്യോഗിക മുദ്രാവാക്യം "ഹാര്‍ട്ട് ടു ഹാര്‍ട്ട് @ഫ്യൂച്ചര്‍' എന്നതുമാണ്.

1912 മുതല്‍ ജപ്പാന്‍, ഫിലിപ്പീന്‍സ്, ചൈന എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഫാര്‍ ഈസ്റ്റേണ്‍ ചാംപ്യന്‍ഷിപ്പ് ഗെയിംസ് എന്ന കായിക മാമാങ്കം നിലവിലുണ്ടായിരുന്നു. 1934ലെ രണ്ടാം ചൈന-ജപ്പാൻ യുദ്ധവും, മഞ്ചു സാമ്രാജ്യത്തെ ഗെയിംസില്‍ ഉള്‍പ്പെടുത്താനുള്ള ജപ്പാന്‍റെ നിര്‍ബന്ധവും ചൈനയെ ചൊടിപ്പിച്ചു. അവര്‍ ഫാര്‍ ഈസ്റ്റേണ്‍ ചാംപ്യന്‍ഷിപ്പ് ഗെയിംസ് പങ്കാളിത്തത്തില്‍ നിന്ന് ഒഴിഞ്ഞതോടെ 1938ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഗെയിംസ് റദ്ദാക്കി. സംഘടന തന്നെ നിര്‍ത്തലാക്കുന്ന സാഹചര്യവുമുണ്ടായി.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏഷ്യയിലെ പല പ്രദേശങ്ങളും പരമാധികാര രാജ്യങ്ങളായി. ഈ രാജ്യങ്ങള്‍ തമ്മില്‍ സമാധാനവും ഐക്യവും ഉണ്ടാകാന്‍ പൊതുവായ കായിക മത്സരം വേണമെന്ന ആശയമുണ്ടായി. 1948ല്‍ ലണ്ടനില്‍ നടന്ന സമ്മര്‍ ഒളിംപിക്‌സില്‍ ഫാര്‍ ഈസ്റ്റേണ്‍ ഗെയിംസ് എന്നതു പോലെ ഒരു കായിക മത്സരം തുടങ്ങിയാലോ എന്ന ആശയം ചൈനയും ഫിലിപ്പീന്‍സും പങ്കുവച്ചു. ഗുരുദത്ത് സോന്ധി എന്ന ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി പ്രതിനിധി ഫാര്‍ ഈസ്റ്റേണ്‍ ഗെയിംസ് പോലൊരു മത്സരം പുനഃസ്ഥാപിക്കുന്നതിനെ പിന്തുണച്ചു. ഏഷ്യന്‍ കായികരംഗത്ത് ഒരു പുതിയ മത്സരം എന്ന ആശയം അദ്ദേഹം മുന്നോട്ടുവച്ചു; അത് ഏഷ്യന്‍ ഗെയിംസ് ആയിത്തീര്‍ന്നു. ഏഷ്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രൂപീകരിച്ചത് ഏഷ്യന്‍ ഗെയിംസിന് നേത‌ത്വം കൊടുക്കാനായിരുന്നു. 1949 ഫെബ്രുവരി 13ന് ഫെഡറേഷന്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുകയും 1951ലെ ഗെയിംസിന്‍റെ ആതിഥേയ നഗരമായി ഡല്‍ഹിയെ പ്രഖ്യാപിക്കുകയും ചെയ്തു.

ഏഷ്യന്‍ ഗെയിംസ് ഫെഡറേഷനാണ് 1978ലെ ഗെയിംസ് വരെയുള്ളവയെ നിയന്ത്രിച്ചിരുന്നത്. ഫെഡറേഷനില്‍ 46 രാജ്യങ്ങളാണ് ഉണ്ടായിരുന്നത്. 1981ൽ ഏഷ്യന്‍ ഗെയിംസ് ഫെഡറേഷന്‍റെ പിളര്‍പ്പിനു ശേഷം ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഏഷ്യന്‍ ഗെയിംസ് സംഘാടകര്‍. 1981 നവംബറിലാണ് ഇസ്രയേലിനെ ഒഴിവാക്കി ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ രൂപീകരിച്ചത്. ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള 45 രാജ്യങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അര്‍ഹത.

ഏഷ്യന്‍ ഗെയിംസിന്‍റെ ചരിത്രത്തില്‍ പങ്കെടുത്ത 46 രാജ്യങ്ങളുടെ പട്ടികയിലെ 43 രാജ്യങ്ങളും ഇതേവരെ ഒരു മെഡലെങ്കിലും നേടിയവരാണ്. ഭൂട്ടാന്‍, മാലദ്വീപ്, ടിമോര്‍-ലെസ്റ്റെ എന്നീ രാജ്യങ്ങള്‍ ഇതുവരെ ഒരു മെഡല്‍ പോലും നേടിയിട്ടില്ല. 38 രാജ്യങ്ങള്‍ ചുരുങ്ങിയത് ഒരു സ്വര്‍ണ മെഡലെങ്കിലും നേടി.

ഏഷ്യന്‍ ഗെയിംസിന്‍റെ ചിഹ്നം ചുവപ്പ് നിറത്തിലുള്ള 16 കിരണങ്ങളും മധ്യത്തില്‍ ഒരു വെളുത്ത വൃത്തവുമാണ്. 1949ല്‍ ഗെയിംസ് ഫെഡറേഷന്‍ രൂപീകരിച്ചതിന് ശേഷം ഗുരുദത്ത് സോന്ധി രൂപകല്പന ചെയ്ത് നിര്‍ദേശിച്ച "എവര്‍ ഓണ്‍വേഡ് ' എന്നതാണ് ഏഷ്യന്‍ ഗെയിംസിന്‍റെ മുദ്രാവാക്യം. 1982ല്‍ ഇന്ത്യയില്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ഗെയിംസ് മുതല്‍, ഓരോ ഗെയിംസിനും ഒരു ചിഹ്നമുണ്ടായിരുന്നു- അതതു പ്രദേശത്തെ ഒരു മൃഗം, അല്ലെങ്കില്‍ സാംസ്‌കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന മനുഷ്യരൂപങ്ങള്‍. 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിന്‍റെ ചിഹ്‌നം അപ്പു എന്ന ആനക്കുട്ടിയായിരുന്നു.

ഹാങ്ചൗ ഗെയിംസില്‍ 40 വ്യത്യസ്ത കായിക ഇനങ്ങളിലായി ഇന്ത്യ 634 അത്‌ലറ്റുകളാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ പതിപ്പായ ജക്കാര്‍ത്ത- 2018 ഗെയിംസില്‍ 36 കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ത്യ 572 പേരുടെ സംഘത്തെയാണ് അയച്ചിരുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി അതിവിപുലമായ ഒരുക്കങ്ങളാണ് ഇന്ത്യൻ താരങ്ങള്‍ ഇത്തവണ നടത്തിയത്. മെഡലുകള്‍ വാരിക്കൂട്ടുന്നതിനായി അവർ അധികഠിന പരിശീലനം നടത്തിയപ്പോള്‍ അതിന് എല്ലാവിധ പിന്തുണയും കേന്ദ്ര സര്‍ക്കാരും നല്‍കി. 100 മെഡലുകള്‍ എന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചാണ് ഇന്ത്യന്‍ സംഘം പോയത് എന്നതും, ഇപ്പോള്‍ 100ല്‍ കൂടുതല്‍ കരസ്ഥമാക്കിയാണ് മടക്കമെന്നതും ഏറെ അഭിമാനകരമാണ്.

പരിശീലനത്തിന് യാതൊരു തടസവും ഉണ്ടാക്കാത്ത രീതിയില്‍ എല്ലാ പിന്തുണയും നല്‍കിയ സര്‍ക്കാരിനെയും കേന്ദ്ര കായിക മന്ത്രാലയത്തെയും ഈ അവസരത്തില്‍ അഭിനന്ദിക്കേണ്ടിയിരിക്കുന്നു. കായിക താരങ്ങള്‍ക്ക് ആവശ്യമായവയെല്ലാം ലഭ്യമാക്കി കൊടുക്കുകയും അത്യാധുനിക സാങ്കേതിക വിദ്യകള്‍ അവരുടെ പരിശീലനത്തിനായി ഒരുക്കുകയും ചെയ്യുക വഴി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഈ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നമ്മുടെ കായിക പ്രതിഭകള്‍ക്ക് ലോകത്തെവിടെയും പോയി മികച്ച പരിശീലനം നേടാൻ കളമൊരുക്കി. മികച്ച പരിശീലകരെ നിയോഗിച്ച് വന്‍ തയാറെടുപ്പുകള്‍ നടത്തി. രാജ്യത്തെ പരിശീലന കേന്ദ്രങ്ങള്‍ മികച്ചവയാക്കിയും, സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങള്‍ നിർമിച്ചും കായിക രംഗത്തിന് ഉണവുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചു എന്നത് എടുത്തുപറയണം.

പാലക്കാടിന് ജനവിധി ദിനം

എ.ആർ. റഹ്മാന്‍റെ ഭാര്യ വിവാഹമോചനം പ്രഖ്യാപിച്ചു

അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലെത്തും; പക്ഷേ, ആരുമായി കളിക്കും?

ലോകം ആണവയുദ്ധ ഭീതിയിൽ

പാലക്കാട് തെരഞ്ഞെടുപ്പിൽ 'പരസ്യ' വിവാദം