മുംബൈ: ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യമായി സ്വന്തം തട്ടകമായ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നു. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. എന്നാല്‍, വാര്‍ത്ത അതല്ല, ഇന്നത്തെ മത്സരത്തിനിടെ രോഹിത് ചാന്‍റുയര്‍ത്തുകയും മുംബൈ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ കൂവുകയും ചെയ്യുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കുമോ എന്നുള്ള ആശങ്കയിലാണ് ആരാധകര്‍. ഇങ്ങനെ ചെയ്യുന്നവരെ സ്‌റ്റേഡിയത്തില്‍നിന്ന് പുറത്താക്കുമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, അത്തരത്തില്‍ യാതൊരുനിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മുംബൈ ക്രിക്കറ്റ് സോസിയേഷന്‍ അറിയിച്ചു.
രോഹിത് ശര്‍മക്ക് പകരം ഈ സീസണില്‍ മുംബൈ നായകനായ ഹാര്‍ദ്ദിക്കിനെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആരാധകര്‍ കൂവിയിരുന്നു.ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ സ്‌റ്റേഡിയതത്തില്‍ ഹാര്‍ദി പാ്ണ്ഡ്യക്കെതിരേ കൂവലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ടീം കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലിറങ്ങിയപ്പോള്‍ രോഹിതിന് ജയ് വിളിയും ഹാര്‍ദിക്കിന് കൂവലുമുണ്ടായി.
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഹമ്മദാബില്‍ ഇറങ്ങിയപ്പോഴും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഹൈദരാബാദില്‍ ഇറങ്ങിയപ്പോഴും കാണികള്‍ ഹാര്‍ദ്ദിക്കിനെ കൂവിയിരുന്നു. ടോസ് സമയത്തും മത്സരത്തിനിടയിലും ആരാധകര്‍ ഹാര്‍ദ്ദിക്കിനെ കൂവുകയും രോഹിത് ജയ് വിളികളുയരുകയും ചെയ്തിരുന്നു.
മുംബൈയില്‍ ഹാര്‍ദ്ദിക്കിന് വലിയ കൂവലായിരിക്കും കേള്‍ക്കേണ്ടിവരികയെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയും പറഞ്ഞിരുന്നു.ഇതിനിടെയാണ് രോഹിത് ചാന്‍റുയര്‍ത്തുകയും ഹാര്‍ദ്ദിക്കിനെ കൂവൂകയും ചെയ്യുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.എന്നാല്‍ ആരാധകരെ നിയന്ത്രിക്കാന്‍ ബിസിസിഐ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്യുകയെന്നും അല്ലാതെ ആരെയും സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിക്കില്ലെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, കൂവുന്നവര്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആയതിനാല്‍ മുംബൈയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്കും ഇടിവ് സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സാധാരണ മുംബൈയുടെ മത്സരത്തിനിടെ വാംഖഡെ നീലക്കടലാവാറുണ്ട്.