പ്രൊവിഡൻസ്: ട്വന്‍റി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ പാപ്വ ന്യൂ ഗിനിയയുടെ വീരോചിത പോരാട്ടം. ഒടുവിൽ ആറ് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിൻഡീസ് ജയം കുറിച്ചെങ്കിലും, തങ്ങൾ എഴുതിത്തള്ളേണ്ടവരല്ലെന്നു തെളിയിക്കുന്നതായിരുന്നു പിഎൻജിയുടെ ബൗളിങ് പ്രകടനം.
മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ റോവ്മാൻ പവൽ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. 20 ഓവറിൽ 136/8 എന്ന സ്കോറിൽ പിഎൻജിയെ ഒതുക്കി നിർത്താനും കരീബിയൻ ബൗളർമാർക്കു സാധിച്ചു.
43 പന്തിൽ 50 റൺസെടുത്ത നാലാം നമ്പർ ബാറ്റർ സെസെ ബവു ആണ് പിഎൻജി ടോപ് സ്കോറർ. ആറ് ഫോറും ഒരു സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. വിക്കറ്റ് കീപ്പർ കിപ്ലിൻ ഡോറിഗ 18 പന്തിൽ 27 റൺസും നേടി. വിൻഡീസിനു വേണ്ടി ആന്ദ്രെ റസലും അൽസാരി ജോസഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ വിൻഡീസിന് ഓപ്പണർ ജോൺസൺ ചാൾസിനെ (0) തുടക്കത്തിലേ നഷ്ടമായി. എന്നാൽ ബ്രാൻഡൺ കിങ്ങും (29 പന്തിൽ 34) വിക്കറ്റ് കീപ്പർ നിക്കൊളാസ് പുരാനും (27 പന്തിൽ 27) ചേർന്ന് എട്ടോവറിൽ സ്കോർ 61 വരെയെത്തിച്ചു. ഇവർക്കു ശേഷം പവലിന്‍റെയും (14 പന്തിൽ 14) ഷെർഫെയ്ൻ റുഥർഫോർഡിന്‍റെയും (7 പന്തിൽ 2) വിക്കറ്റുകൾ കൂടി ആതിഥേയർക്കു നഷ്ടമായി.
എന്നാൽ, ബാറ്റിങ് ദുഷ്കരമെന്നു തോന്നിച്ച വിക്കറ്റിൽ നാലാം നമ്പർ ബാറ്റർ റോസ്റ്റൺ ചേസ് മാത്രം ഗംഭീരമായി ബാറ്റ് ചെയ്തു. 27 പന്ത് നേരിട്ട ചേസ് നാല് ഫോറും രണ്ടു സിക്സും സഹിതം 42 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒപ്പം റസലും (9 പന്തിൽ 15) ചേർന്നതോടെ അട്ടിമറി സാധ്യത അസ്തമിക്കുകയായിരുന്നു. പിഎൻജിക്കു വേണ്ടി ആസാദ് വാല 28 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്നിങ്സ് ഓപ്പൺ ചെയ്തപ്പോൾ 21 റൺസും വാല നേടിയിരുന്നു.