വിരാട് കോലി, ‍യശസ്വി ജയ്സ്വാൾ ഫയൽ
Sports

ആരാകും രോഹിതിന്‍റെ ഓപ്പണിങ് പങ്കാളി?

മുംബൈ: ട്വന്‍റി20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, ഇന്ത്യയുടെ ഓപ്പണിങ് ജോടിയുടെ കാര്യത്തിൽ സർപ്രൈസ് തുടരുന്നു. ക്യാപ്റ്റനോ കോച്ചോ സെലക്റ്റർമാരോ ബിസിസിഐ അധികൃതരോ ആരും ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല. ക്യാപ്റ്റനായി മുൻപേ തന്നെ പ്രഖ്യാപിക്കപ്പെട്ട രോഹിത് ശർമയായിരിക്കും ഒരു ഓപ്പണർ എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പങ്കാളി ആരെന്നതിൽ മാത്രമാണ് സംശയം.

ഐപിഎല്ലിലെ ഇതുവരെയുള്ള ഫോം കണക്കിലെടുത്താൽ വിരാട് കോലി പ്രഥമ പരിഗണനയിൽ വരേണ്ടതാണ്. എന്നാൽ, യുവതാരം യശസ്വി ജയ്സ്വാളിനെ പതിനഞ്ചംഗ ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, ഐപിഎല്ലിനു മുൻപുള്ള പ്രകടനങ്ങൾ കൂടി കണക്കിലെടുത്ത് ജയ്സ്വാളിനു തന്നെയാകും ആദ്യ അവസരം എന്നു വേണം കരുതാൻ. ലെഫ്റ്റ് - റൈറ്റ് കോംബിനേഷൻ എന്ന ആനുകൂല്യവും രോഹിത് - ജയ്സ്വാൾ സഖ്യത്തിനുണ്ട്.

ഏകദിന ക്രിക്കറ്റിൽ ഓപ്പണറായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും, അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കോലി ആധിപത്യമുറപ്പിക്കുന്നത് മൂന്ന്, നാല് നമ്പറുകളിലാണ്. ആങ്കർ റോളിലാണ് കോലിയെ കാണുന്നതെന്ന് രോഹിത് നേരത്തെ സൂചനയും നൽകിയ സാഹചര്യത്തിൽ വൺ ഡൗൺ പൊസിഷനിൽ കോലി ഇറങ്ങാനാണ് സാധ്യത. നാലാം നമ്പറിൽ സൂര്യകുമാർ യാദവും ഇറങ്ങും.

അതേസമയം, കോലി - രോഹിത് സഖ്യത്തിന്‍റെ പരിചയസമ്പത്ത് കണക്കിലെടുത്ത് പവർ പ്ലേ ആനുകൂല്യം മുതലാക്കാൻ ഇവരെ നിയോഗിക്കുക എന്ന വിപ്ലവകരമായ തീരുമാനം സ്വീകരിച്ചാൽ ജയ്സ്വാൾ പുറത്താകും. മധ്യനിരയിലേക്ക് ജയ്സ്വാളിനെ പരിഗണിക്കാൻ ഇടയില്ല. അങ്ങനെ വന്നാൽ ആങ്കർ റോളിൽ മൂന്നാം നമ്പറിൽ പരിഗണിക്കപ്പെടുക മലയാളി താരം സഞ്ജു സാംസൺ തന്നെയാകും.

ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആരായിരിക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. ഋഷഭ് പന്ത് കീപ്പറാകുകയും ജയ്സ്വാൾ ഓപ്പണറാകുകയും ചെയ്താൽ സഞ്ജുവിന് പ്ലെയിങ് ഇലവനിൽ അവസരം കുറവായിരിക്കും. സ്പെഷ്യലിസ്റ്റ് ഫിനിഷർ റോളിലേക്ക് പരിഗണിക്കാൻ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരുണ്ട്. സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും.

ഇതിനിടെ, ഇതൊന്നുമല്ലാത്ത മറ്റൊരു കോംബിനേഷൻ ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ മാത്യു ഹെയ്ഡൻ നിർദേശിച്ചിരുന്നു. വിരാട് കോലിയും യശസ്വി ജയ്സ്വാളും ഓപ്പണർമാരാകുകയും, സൂര്യകുമാർ യാദവ് വൺഡൗണാകുകയും ചെയ്യുന്ന ഈ ബാറ്റിങ് ലൈനപ്പിൽ രോഹിത് ശർമയെ നാലാം നമ്പറിലേക്കാണ് നിർദേശിക്കുന്നത്. മധ്യനിരയിൽ ആണെങ്കിൽ വേഗത്തിൽ സ്കോർ ചെയ്യാൻ രോഹിത്തിനു സാധിക്കുമെന്നാണ് ഹെയ്ഡന്‍റെ വാദം.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു