മുംബൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിന്നേക്കും. പെർത്തിൽ നവംബർ 22നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്.
രോഹിത്തിന്‍റെ അഭാവത്തിൽ ആരാകും ഇന്ത്യയെ നയിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വൈസ് ക്യാപ്റ്റൻ ഉണ്ടായിരുന്നില്ല. എന്നാൽ, വിദേശ പരമ്പരയിൽ രോഹിതിന് ഒരു മത്സരം നഷ്ടമാകുന്ന സാഹചര്യത്തിൽ വൈസ് ക്യാപ്റ്റൻ നിയമനം നിർണായകമായിരിക്കും.
ജസ്പ്രീത് ബുംറ, ശുഭ്മാൻ ഗിൽ എന്നിവരാണ് മുഖ്യ പരിഗണനയിൽ. വിരാട് കോലിയെയോ കെ.എൽ. രാഹുലിനെയോ താത്കാലിക ചുമതല ഏൽപ്പിക്കാൻ സാഹചര്യമുണ്ടെങ്കിലും, സെലക്റ്റർമാർ ഭാവി നായകനെ വാർത്തെടുക്കാനുള്ള അവസരമായി ഇത് ഉപയോഗിക്കാനാണ് സാധ്യത.
വരുന്ന ഡിസംബറിൽ 31 തികയുന്ന ബുംറ ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 2022ൽ രോഹിത് ശർമയ്ക്ക് കൊവിഡ്-19 ബാധിച്ചപ്പോഴായിരുന്നു ഇത്. 1987ൽ കപിൽ ദേവ് ഇന്ത്യയെ നയിച്ച ശേഷം ക്യാപ്റ്റനാകുന്ന ആദ്യ ഫാസ്റ്റ് ബൗളറുമായിരുന്നു ബുംറ.
ആ സമയത്തെല്ലാം ബുംറ ഔദ്യോഗികമായി ടീമിന്‍റെ വൈസ് ക്യാപ്റ്റൻ തന്നെയായിരുന്നു. എന്നാൽ, ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബുംറയ്ക്ക് ചില മത്സരങ്ങളിൽ വിശ്രമം നൽകുന്നതിനാൽ ഈ സ്ഥാനം സ്ഥിരമായില്ല.
ഈ സാഹചര്യത്തിലാണ് ഓൾ ഫോർമാറ്റ് പ്ലെയറായി കണക്കാക്കപ്പെടുന്ന ശുഭ്മൻ ഗില്ലിന് സാധ്യത വർധിക്കുന്നത്. 25 വയസ് മാത്രമുള്ള ഗില്ലിന് പ്രായവും അനുകൂല ഘടകമാണ്. അദ്ദേഹത്തിന്‍റെ നേതൃ മികവ് ടീം മാനെജ്മെന്‍റിനു ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും, ഭാവി ടെസ്റ്റ് ക്യാപ്റ്റനായി തന്നെയാണ് കണക്കാക്കുന്നതെന്നുമാണ് സൂചന.
കഴിഞ്ഞ ജൂലൈയിൽ സിംബാബ്വെയിൽ നടത്തിയ ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ഗിൽ ആയിരുന്നു. പിന്നീട് ശ്രീ ലങ്കയ്ക്കെതിരായ വൈറ്റ് ബോൾ പരമ്പരയിൽ വൈസ് ക്യാപ്റ്റനായും നിയോഗിക്കപ്പെട്ടു. ദുലീപ് ട്രോഫിയിൽ കെ.എൽ. രാഹുൽ കൂടി ഉൾപ്പെട്ട ഇന്ത്യ എ ടീമിനെ നയിച്ചതും ഗിൽ ആയിരുന്നു. ഐപിഎല്ലിലും ക്യാപ്റ്റൻസി പരിചയമുണ്ട്.
ടെസ്റ്റ് വൈസ് ക്യാപ്റ്റനെ നിയമിക്കേണ്ടത് ഔദ്യോഗികമായി അജിത് അഗാർക്കർ ചെയർമാനായ സെലക്ഷൻ കമ്മിറ്റി തന്നെയാണ്. എന്നാൽ, കോച്ച് ഗൗതം ഗംഭീർ ഉൾപ്പെടെ ടീം മാനേജ്മെന്‍റുമായും ബിസിസിഐ ഉന്നതരുമായും കൂടിയാലോചിച്ചു മാത്രമായിരിക്കും ഇക്കാര്യത്തിൽ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുക്കുക.