യശസ്വി ജയ്സ്വാൾ, ശുഭ്‌മൻ ഗിൽ, അക്ഷർ പട്ടേൽ. 
Sports

വിരമിച്ചവർക്കു പകരം ആരൊക്കെ?

ഇന്ത്യൻ ക്രിക്കറ്റിൽ ഇത് യുഗസംക്രമം. രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്‍റി20 ഫോർമാറ്റിൽ നിന്നു മാത്രമാണെങ്കിലും വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രായം മുപ്പത്തഞ്ച് പിന്നിട്ട മൂന്നു മഹാരഥൻമാർക്കും ഇത് കരിയറിന്‍റെ അവസാന ഘട്ടം. മൂവരും കുറച്ചു കാലമായി അന്താരാഷ്‌ട്ര ട്വന്‍റി20 മത്സരങ്ങളിൽ അത്ര സജീവമല്ലെങ്കിൽപ്പോലും, ഇനിയവർ ഈ ഫോർമാറ്റിൽ ഇല്ല എന്ന സത്യം സെലക്റ്റർമാർക്കു മേൽ ചുമത്തുന്ന ഉത്തരവാദിത്വം ഭാരിച്ചതാണ്.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഈ മാറ്റത്തിന്‍റെ നാന്ദിയായി കണക്കാക്കാം. ജഡേജയുടെ തീരുമാനം അൽപ്പം അപ്രതീക്ഷിതമായിരുന്നെങ്കിലും, രോഹിതിന്‍റെയും വിരാടിന്‍റെയും കാര്യത്തിൽ അങ്ങനെയല്ല. പ്രതിഭാ സമൃദ്ധമായ ഇന്ത്യൻ ക്രിക്കറ്റിൽ ഇവർക്കു പകരക്കാരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടും വരില്ല, ഇവരുടെയൊക്കെ മഹത്വത്തോളം വളരാൻ യുവതാരങ്ങൾ ഇനിയുമേറെ മുന്നോട്ടു പോകേണ്ടതുണ്ടെങ്കിലും.

സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം എങ്ങനെയെന്ന് ആദ്യം പരിശോധിക്കാം:]

ശുഭ്‌മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്ക്‌വാദ്, അഭിഷേക് ശർമ, റിങ്കു സിങ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), ശിവം ദുബെ (പരുക്കേറ്റ നിതീഷ് റെഡ്ഡിക്കു പകരം), റിയാൻ പരാഗ്, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്‌പാണ്ഡെ.

ഈ ടീമിൽ ഒരു ഓപ്പണർ യശസ്വി ജയ്സ്വാൾ ആയിരിക്കുമെന്ന് ഉറപ്പാണ്. ടി20 ലോകകപ്പിൽ രോഹിത് - വിരാട് സഖ്യം എന്ന ഉറച്ച പദ്ധതി ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് ജയ്സ്വാളിന് ഒരു മത്സരത്തിൽ പോലും അവസരം കിട്ടാതെ പോയത്. ഓപ്പണിങ് സ്ലോട്ടിൽ രോഹിതിന്‍റെ പകരക്കാരനല്ല, പങ്കാളിയായി തന്നെ കണക്കാക്കേണ്ട ബാറ്ററാണ് ജയ്സ്വാൾ. ഫസ്റ്റ് ചോയ്സ് ഓപ്പണറായി ജയ്സ്വാൾ വരുമ്പോൾ കൂടെ ആര് എന്നതു മാത്രമാണ് ചോദ്യം.

ഋതുരാജ് ഗെയ്ക്ക്‌വാദ്

ഋതുരാജ് ഗെയ്ക്ക്‌വാദ്, ശുഭ്‌മൻ ഗിൽ, അഭിഷേക് ശർമ എന്നിവരാണ് ടീമിലുള്ള മറ്റ് ഓപ്പണർമാർ. ഇതിൽ ഗെയ്ക്ക്‌വാദിനാകും ആദ്യ അവസരം എന്നു വേണം കരുതാൻ. ഇന്നിങ്സ് ബിൽഡ് ചെയ്യാനും ബാറ്റിങ് തകർച്ചകൾ അതിജീവിക്കാനും, ആവശ്യം വരുമ്പോൾ വമ്പൻ സ്ട്രോക്കുകൾ പുറത്തെടുക്കാനുമുള്ള ശേഷിയാണ് ഗെയ്ക്ക്‌വാദിന്‍റെ മികവ്. ഇക്കാര്യത്തിൽ ഉത്തരവാദിത്വബോധമുള്ള ഒരു ബാറ്ററെയായിരിക്കും ജയ്സ്വാളിന്‍റെ പങ്കാളിയായി പരിഗണിക്കുക.

ക്യാപ്റ്റൻ ഗിൽ ആകട്ടെ, കോലിയുടെ പിൻഗാമി എന്നു മുൻപേ പേരെടുത്ത താരമാണ്. തത്കാലം ടീമിൽ ഓപ്പണർമാർക്കു ക്ഷാമമില്ലാത്ത സാഹചര്യത്തിൽ ഗില്ലിനെ വൺ ഡൗൺ പൊസിഷനിൽ പ്രതീക്ഷിക്കാം, കോലിയുടെ അതേ റോളിൽ.

അഭിഷേക് ശർമയെ ബാക്കപ്പ് ഓപ്പണറായി മാത്രമാണ് സിംബാബ്‌വെയിലേക്ക് കൊണ്ടുപോകുന്നതെന്നു വേണം കരുതാൻ. ഐപിഎല്ലിലും അതിനു മുൻപ് സയീദ് മുഷ്താക്ക് അലി ടൂർണമെന്‍റിലും നിരന്തരമായി നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് അഭിഷേകിന്‍റെ കൈമുതൽ. സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി പല മത്സരങ്ങളിലും സാക്ഷാൽ ട്രാവിസ് ഹെഡിനെ പോലും അതിശയിക്കുന്ന സ്ട്രോക്ക് പ്ലേ പുറത്തെടുക്കാനും സാധിച്ചു. എന്നാൽ, കൂടുതൽ പരിചയസമ്പന്നൻ എന്ന നിലയിൽ ഗെയ്ക്ക്‌വാദിനു തന്നെ ആദ്യം നറുക്ക് വീഴും.

റിയാൻ പരാഗ്, അഭിഷേക് ശർമ

അതേസമയം, വീരേന്ദർ സെവാഗും യുവരാജ് സിങ്ങും സുരേഷ് റെയ്നയും സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയുമെല്ലാം ഒരുമിച്ച് കളിച്ചിരുന്ന കാലത്തെ ബൗളിങ് വൈവിധ്യം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമുണ്ടെങ്കിൽ ഈ ‌ചിത്രമെല്ലാം മാറും. അങ്ങനെ വന്നാൽ മികച്ച സ്പിന്നർമാരായ അഭിഷേക് ശർമയും റിയാൻ പരാഗും മധ്യനിരയിൽ ഇടം പിടിച്ചാലും അദ്ഭുതപ്പെടാനില്ല.

പേസ് ബൗളിങ് ഓൾറൗണ്ടർ ടാഗ് തത്കാലം ഹാർദിക് പാണ്ഡ്യക്കു മാത്രം ഇണങ്ങുന്നതാണ് ഇന്ത്യയിൽ. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഈ റോളിലേക്ക് നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്കു കാരണം പിൻമാറേണ്ടി വന്നു. പകരം അവസരം നൽകിയിരിക്കുന്നത് ശിവം ദുബെക്കാണ്. സ്പിൻ ഹിറ്റർ എന്നതിൽ കവിഞ്ഞ് പേസ് ബൗളിങ് ഓൾറൗണ്ടർ എന്ന നിലയിൽ പരിഗണിക്കാനുള്ള മികവൊന്നും ആഭ്യന്തര ക്രിക്കറ്റിൽ പോലും ദുബെ പുറത്തെടുത്തിട്ടുമില്ല.

ഇനിയുള്ളത് സ്പിൻ ബൗളിങ് ഓൾറൗണ്ടറുടെ റോളാണ്. ജഡേജയുടെ ലൈക്ക്-ഫോർ-ലൈക്ക് റീപ്ലേസ്മെന്‍റ് എന്നു വിശേഷിപ്പിക്കാവുന്ന അക്ഷർ പട്ടേൽ ഈ ലോകകപ്പോടെ ടീമിൽ തന്‍റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സിംബാബ്‌വെ പര്യടനത്തിൽ അക്ഷർ ഇല്ലാത്തതിനാൽ വാഷിങ്ടൺ സുന്ദർ ആയിരിക്കും ഈ റോളിൽ കളിക്കുക. അല്ലെങ്കിൽ, പരാഗിനെയും അഭിഷേകിനെയും ഉപയോഗിച്ച് ഒരു ബൗളറുടെ ക്വോട്ട തികയ്ക്കാൻ സാധിക്കുമെന്ന വിശ്വാസം ടീം മാനേജ്മെന്‍റിന് ഉണ്ടാകണം.

വിക്കറ്റ് കീപ്പർ റോളിൽ തുടർച്ചയായ അവസരങ്ങൾ സിംബാബ്‌വെയിൽ മലയാളി താരം സഞ്ജു സാംസണു തന്നെ ലഭിക്കുമെന്നു പ്രതീക്ഷിക്കാം. ധ്രുവ് ജുറൽ കൂടി കീപ്പറായി ടീമിലുണ്ടെങ്കിലും ബാക്കപ് ഓപ്ഷൻ മാത്രമാണ്.

മായങ്ക് യാദവ്, ഹർഷിത് റാണ

അതേസമയം, പേസ് ബൗളർമാരുടെ കാര്യത്തിൽ ജസ്പ്രീത് ബുംറയ്‌ക്കോ മുഹമ്മദ് ഷമിക്കോ മുഹമ്മദ് സിറാജിനോ പകരം വയ്ക്കാവുന്ന ഒരു ഓപ്ഷൻ ഇപ്പോഴും ഇന്ത്യയിൽ ഇല്ലെന്നതാണ് വസ്തുത. അർഷ്‌ദീപ് സിങ് ലോകകപ്പിൽ മികവ് പുലർത്തിയെങ്കിലും മറ്റു മൂന്നു പേരുടെ ക്ലാസ് അവകാശപ്പെടാവുന്ന ബൗളറല്ല. സിംബാബ്‌വെയ്ക്കു പോകുന്ന ടീമിലെ ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്‌പാണ്ഡെ എന്നീ പേസ് ബൗളർമാർ ആരും ഭാവി താരങ്ങൾ എന്നു വിളിക്കാവുന്ന പ്രായത്തിലുള്ളവരല്ല.

പേസ് ബൗളിങ്ങിൽ യഥാർഥ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാൻ ഇനിയും സമയമെടുക്കും എന്നർഥം. നിലവിൽ ടീമിൽ എത്തിയിട്ടില്ലാത്ത മായങ്ക് യാദവ്, ഹർഷിത് റാണ എന്നിവരിലാണ് ഇക്കാര്യത്തിൽ ഇപ്പോൾ പ്രതീക്ഷ പുലർത്താവുന്നത്. സ്പെഷ്യലിസ്റ്റ് സ്പിന്നർമാരുടെ കാര്യത്തിൽ കുൽദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും പുറമേ രവി ബിഷ്ണോയ്, രാഹുൽ ചഹർ എന്നീ മികച്ച ലെഗ് സ്പിൻ ഓപ്ഷനുകളും ഇന്ത്യയുടെ പക്കലുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു