മുംബൈ: ഐസിസിയുടെ ഏറ്റവും പുതിയ പരിഷ്കാരം ഇംഗ്ലണ്ടിനെ 2025ൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ നിന്നു പുറത്താക്കാൻ സാധ്യത. നേരത്തെ നിർത്തിവച്ചിരുന്ന ചാംപ്യൻസ് ട്രോഫി പുനരാരംഭിക്കുമ്പോൾ പല മാറ്റങ്ങളും ഉദ്ദേശിക്കുന്നുണ്ട്. ഇതാണ് ഇംഗ്ലണ്ട് അടക്കമുള്ള പ്രമുഖ ടീമുകൾ പുറത്താകാനുള്ള സാധ്യത ശക്തമാക്കുന്നത്.
പുതുക്കിയ നിയമം അനുസരിച്ച്, ഇപ്പോൾ നടക്കുന്ന ലോകകപ്പിന്‍റെ ലീഗ് ഘട്ടം പൂർത്തിയാകുമ്പോൾ ആദ്യ ഏഴു സ്ഥാനങ്ങളിലുള്ള ടീമുകൾക്കായിരിക്കും ടൂർണമെന്‍റിലേക്കു യോഗ്യത ലഭിക്കുക. ചാംപ്യൻസ് ട്രോഫിയുടെ ആതിഥേയരായതിനാൽ പാക്കിസ്ഥാന് ഇതിൽ ഉൾപ്പെട്ടില്ലെങ്കിലും യോഗ്യത ലഭിക്കും.
ഈ സാഹചര്യത്തിൽ പോയിന്‍റ് നിലയിൽ ഏറ്റവും താഴെയുള്ള ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും യോഗ്യത ലഭിക്കാതിരിക്കാൻ സാധ്യത ഏറെയാണ്. ഇതു കൂടാതെ, ഈ ലോകകപ്പിന് യോഗ്യത ലഭിക്കാത്തവരാണെങ്കിലും ഐസിസി ഫുൾ മെംബർമാരായ വെസ്റ്റിൻഡീസ്, സിംബാബ്‌വെ, അയർലൻഡ് എന്നീ ടീമുകൾക്ക് സാധ്യത തീരെയില്ലാതാകുകയും ചെയ്യും.
ചാംപ്യൻസ് ട്രോഫി ഫോർമാറ്റിന്‍റെ വിശദാംശങ്ങൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും ഓരോ രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകൾക്ക് ഇതു നൽകിക്കഴിഞ്ഞെന്നാണ് വിവരം. ബംഗ്ലാദേശ് ക്യാപ്റ്റൻ ഷക്കീബ് അൽ ഹസന്‍റെ ഒരു പരാമർശത്തിൽ നിന്നാണ് ചാംപ്യൻസ് ട്രോഫി യോഗ്യത സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമായത്.
''ബംഗ്ലാദേശിന് ലോകകപ്പിൽ ഇനി സെമി ഫൈനൽ സാധ്യത ഇല്ലെന്നറിയാം. എന്നാൽ, ആദ്യ ഏഴു സ്ഥാനങ്ങളിലെത്തി ചാംപ്യൻസ് ട്രോഫിക്ക് യോഗ്യത ഉറപ്പിക്കുക എന്ന ലക്ഷ്യം മുന്നിലുണ്ട്'', എന്നായിരുന്നു ഷക്കീബിന്‍റെ വാക്കുകൾ.