മുംബൈ: മധ്യനിര ബാറ്റര്‍ അജിങ്ക്യ രഹാനെയെ ഉള്‍പ്പെടുത്തി ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഐപിഎല്ലിലെ മിന്നും ഫോമാണ് രഹാനെയെ ഉള്‍പ്പെടുത്താന്‍ കാരണം. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയ കെ എല്‍ രാഹുലും ടീമില്‍ തിരിച്ചെത്തി.
പരുക്കേറ്റ ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ടീമിലില്ല. കെ എസ് ഭരതിനെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ ശാര്‍ദ്ദുല്‍ ഠാക്കൂര്‍ പേസ് ഓള് റൗണ്ടറായി ടീമിലെത്തി. അശ്വിനും ജഡേജയും അക്സറുമാണ് ടീമിലെ സ്പിന്നര്‍മാര്‍. പേസര്‍മാരായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജയേദേവ് ഉനദ്ഘട്ട് എന്നിവര്‍ ടീമിലെത്തി.
രോഹിത് ശര്‍മ നായകനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യാ രഹാനെ, കെ എല്‍ രാഹുല്‍ എന്നിവരാണ് ബാറ്റര്‍മാരായി ഉള്ളത്. 2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ രഹാനെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി നടത്തിയ മിന്നുന്ന പ്രകടനങ്ങളോടെയാണ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. വിദേശത്ത് രഹാനെക്കുള്ള മികച്ച റെക്കോര്‍ഡും ഗുണകരമായി.
ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിച്ച സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതാണ് മറ്റൊരു പ്രധാന മാറ്റം. ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ച സൂര്യകുമാറിന് തിളങ്ങാനായിരുന്നില്ല. പിന്നീട് ശ്രേയസ് അയ്യര്‍ തിരിച്ചെത്തിയതോടെ സൂര്യക്ക് പ്ലേയിംഗ് ഇലവനിലെ സ്ഥാനം നഷ്ടമായിരുന്നു.
കഴിഞ്ഞ രഞ്ജി ട്രോഫി സീസണിലെ മികച്ച പ്രകടനവും അജിങ്ക്യ രഹാനെയ്ക്ക് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവിന് കാരണമായി. ശ്രേയസ് അയ്യര്‍ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാല്‍ മധ്യനിരയില്‍ വിശ്വസ്തനായൊരു ബാറ്ററെ ടീം ഇന്ത്യക്ക് ആവശ്യമായിരുന്നു. രഞ്ജിയില്‍ മുംബൈക്കായി രണ്ട് സെഞ്ചുറികളോടെ 57.63 ശരാശരിയില്‍ 634 റണ്‍സ് രഹാനെ നേടിയിരുന്നു. ഇതിന് ശേഷം ഐപിഎല്ലില്‍ ഇതുവരെ കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ 199.04 സ്ട്രൈക്ക് റേറ്റില്‍ 209 റണ്‍സ് അജിങ്ക്യ രഹാനെ നേടിക്കഴിഞ്ഞു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്ന അതിവേഗ പേസര്‍ ഉമ്രാന് മാലിക്, ഡല്‍ഹി ക്യാപിറ്റല്‍സ് താരം മുകേഷ് കുമാര്‍, രാജസ്ഥാന് റോയല്‍സ് പേസര്‍ കുല്‍ദീപ് സെന്‍, റോയല്‍സിന്റെ തന്നെ നവ്ദീപ് സെയ്നി എന്നിവരായിരിക്കും നെറ്റ് ബൗളര്‍മാരായി ഇംഗ്ലണ്ടിലേക്കു പറക്കുന്നത്. ഇവരില്‍ സെയ്നി പരിക്ക് കഴിഞ്ഞാണ് മടങ്ങിവരുന്നത്. സെയ്നി ഇത്തവണ ഐപിഎല്ലില്‍ കളിച്ചിരുന്നില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എല്‍ രാഹുല്‍, കെ എസ്. ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കഡ്.