ദുബായ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യ ഫൈനലിലേക്ക്. ഓസ്ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിലും ജയിച്ചതോടെ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിച്ചു. കൂടാതെ ദക്ഷിണാഫ്രിക്ക പുറത്താവുക കൂടി ചെയ്തതോതെ ഇനി ശ്രീലങ്ക മാത്രമാണ് ഇന്ത്യക്ക് എതിരാളിയായുള്ളത്. ഓസ്ട്രേലിയ ഏതാണ്ട് ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ ജയിക്കുകയും ഒന്ന് സമനിലയിലാവുകയും ചെയ്താല്‍ ഇന്ത്യ ഫൈനലിലെത്തും. ജൂണ്‍ ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവിലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ ഇന്ത്യ ജയിച്ചതോടെയാണ് ഫൈനല്‍ ബെര്‍ത്തിനായി മത്സര രംഗത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്ക ഫൈനലിലെത്താതെ പുറത്തായത്.
ഓസ്ട്രേലിയ
നിലവില്‍ പോയന്റിലും വിജയശതമാനത്തിലും മുന്നിലാണ് ഓസ്ട്രേലിയ. എന്നാല്‍, വളരെ മോശം ഫോമില്‍ കളിക്കുന്ന ഓസ്ട്രേലിയ ഇപ്പോഴും ഫൈനല്‍ ഉറപ്പിച്ചിട്ടില്ല. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലൊന്നില്‍ ജയിച്ചാല്‍ ഓസീസിനു ഫൈനലിലെത്താം. അല്ലെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ശ്രീലങ്കയുടെ മത്സരഫലം ആശ്രയിച്ചാകും ഓസ്ട്രേലിയയുടെ ഫൈനല്‍ പ്രവേശം. ഇനി അവശേഷിക്കുന്ന രണ്ട് ടെസ്റ്റിലും തോറ്റ് പരമ്പര ഇന്ത്യക്ക് മുന്നില്‍ 0-4ന് അടിയറവ് വെച്ചാല്‍ പോലും ഓസ്ട്രേലിയക്ക് ഫൈനല്‍ കളിക്കാനാകും. അതിന് പക്ഷെ മാര്‍ച്ചില്‍ നടക്കുന്ന ശ്രീലങ്ക-ന്യൂസിലന്‍ഡ് പരമ്പരയുടെ ഫലം കിവികള്‍ക്ക് അനുകൂലമാകണം എന്നു മാത്രം.
ഓസ്ട്രേലിയ 0-4ന് തോല്‍ക്കുകയും ന്യൂസിലന്‍ഡിനെ ശ്രീലങ്ക 2-0ന് തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയും ശ്രീലങ്കയും ഫൈനല്‍ കളിക്കും.
ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലൊന്നില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം. പരമ്പര 3-0നോ 4-0നോ ജയിച്ചാലും ഇന്ത്യ ഫൈനലിലെത്തും. ഓസീസിനെതിരേ ഇനിയുള്ള രണ്ട് ടെസ്റ്റിലും തോറ്റ് പരമ്പര 2-2 സമനിലയായാലും ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ട്. കിവീസ് ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ മതി.
പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റില്‍ ഓസ്ട്രേലിയ ജയിച്ച് പരമ്പര സമനിലയാകുകയും ശ്രീലങ്ക ന്യൂസിലന്‍ഡിനെ 2-0ന് തകര്‍ക്കുയും ചെയ്താല്‍ വിജയശതമാനത്തില്‍ ശ്രീലങ്ക ഇന്ത്യക്ക് മുന്നിലെത്തും. അങ്ങനെ വന്നാല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയും ശ്രീലങ്ക ഫൈനലിന് അരങ്ങൊരുങ്ങും.
ശ്രീലങ്ക
64 പോയന്റും 53.33 വിജയശതമാനവുമുള്ള ശ്രീലങ്കക്ക് കൂടുതല്‍ കൂട്ടാനും കുറക്കാനുമൊന്നുമില്ല. മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിര നടക്കുന്ന പരമ്പരയില്‍ 2-0ന് ജയിച്ചാല്‍ മാത്രമെ അവര്‍ക്ക് ഫൈനല്‍ സാധ്യതയുള്ളു. അപ്പോഴും ഓസ്ട്രേലിയക്കെതിരായ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളിലും ഇന്ത്യ തോല്‍ക്കുകയും വേണം. ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ അവശേഷിക്കുന്ന ഒരു ടെസ്റ്റിലെങ്കിലും ഇന്ത്യ ജയിച്ചാല്‍ ശ്രീലങ്കയുടെ സാധ്യത മങ്ങും. പിന്നെ ഇന്ത്യ പരമ്പര 4-0ന് തൂത്തൂവാരുകയും ന്യൂസിലന്‍ഡിനെതിരായ പരമ്പര 2-0ന് തൂത്തുവാരുകയും ചെയ്താല്‍ മാത്രമാണ് ലങ്കയ്ക്ക് സാധ്യതയുള്ളത്.