യാഷ് ദയാൽ 
Sports

മേൽവിലാസം മാറ്റിയെഴുതിയ യാഷ് ദയാൽ

2023 ഏപ്രിൽ 9

റിങ്കു സിങ്ങിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള വഴി തുറന്ന ദിവസം. യാഷ് ദയാലിന് ഗുജറാത്ത് ടൈറ്റൻസിൽനിന്നു പുറത്തേക്കുള്ള വഴി തുറന്നതും അതേ ദിവസം തന്നെയായിരുന്നു. അവസാന ഓവറിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയിക്കാൻ 28 റൺസ് വേണ്ടപ്പോഴാണ് അന്ന് യാഷ് ദയാൽ പന്തെറിയാനെത്തുന്നത്. കോൽക്കത്ത തോൽക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു, റിങ്കു ഒഴികെ. അതെ, തുടരെ അഞ്ച് സിക്സറുകളുമായി റിങ്കു അന്ന് തോൽപ്പിച്ചത് ഗുജറാത്ത് ടൈറ്റൻസിനെ മാത്രമല്ല, യാഷ് ദയാലിനെക്കൂടിയായിരുന്നു. തുടർന്നു മത്സരങ്ങളിൽ അവസരം നിഷേധിക്കപ്പെട്ട യാഷ് ദയാലിനെ ലേലത്തിനു മുൻപ് ഗുജറാത്ത് ഒഴിവാക്കുകയും ചെയ്തു.

2024 മേയ് 19

ഇക്കുറി റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ചുവന്ന കുപ്പായത്തിലാണ് യാഷ് ദയാൽ. അവസാന ഓവറിൽ ചെന്നൈ സൂപ്പർ കിങ്സിനു ജയിക്കാൻ വേണ്ടത് 35 റൺസാണ്. പക്ഷേ, ജയിച്ചില്ലെങ്കിലും അവർക്കു പ്ലേഓഫിൽ കടക്കാം, 17 റൺസെടുത്താൽ മതി. അക്ഷരാർഥത്തിൽ 17 റൺസ് പ്രതിരോധിക്കാനാണ് യാഷ് നിയോഗിക്കപ്പെടുന്നത്. ക്രീസിൽ എം.എസ്. ധോണിയും രവീന്ദ്ര ജഡേജയും.

ആദ്യ പന്തിൽ 110 മീറ്റർ സിക്സർ പറത്തിക്കൊണ്ടാണ് ധോണിയുടെ വരവേൽപ്പ്. ഒരു വർഷം പഴക്കമുള്ള അത്യാഹിതത്തിന്‍റെ ഓർമകൾ യാഷിന്‍റെ മനസിൽ അലയടിച്ചിട്ടുണ്ടാവും. പക്ഷേ, ചരിത്രം ആവർത്തിച്ചില്ല. തൊട്ടടുത്ത സ്ലോവർ ബോൾ റീഡ് ചെയ്യുന്നതിൽ പരാജയപ്പെട്ട ധോണി ബൗണ്ടറിയിൽ ക്യാച്ച് നൽകി പുറത്താകുന്നു.

അപ്പോഴും ഒന്നും അവസാനിച്ചിട്ടില്ല. പകരം വന്ന ശാർദൂൽ ഠാക്കറും അപാര ഫോമിൽ നിൽക്കുന്ന ജഡേജയും വിചാരിച്ചാൽ ബാക്കി 11 റൺസ് അസാധ്യമല്ല. ഠാക്കൂറിനെ ബീറ്റ് ചെയ്യുന്ന യാഷ്, പിന്നെ നാലാം പന്തിലാണ് ഒരു സിംഗിൾ വിട്ടുകൊടുക്കുന്നത്. അവസാന രണ്ടു പന്തിൽ ജഡേജയ്ക്ക് ഒന്നും ചെയ്യാൻ സാധിച്ചതുമില്ല.

യാഷ് ദയാൽ എന്നു കേൾക്കുമ്പോഴെല്ലാം ഇനി റിങ്കു സിങ് എന്നു മാത്രം കൂട്ടിച്ചേർക്കണമെന്നില്ല. എം.എസ്. ധോണിയെന്നും ചെന്നൈ സൂപ്പർ കിങ്സ് എന്നും കൂടി കൂട്ടിച്ചേർക്കാം. തുടരെ ആറു മത്സരം ജയിച്ച് അവിശ്വസനീയ തിരിച്ചുവരവിലൂടെ ഐപിഎൽ പ്ലേഓഫിൽ കയറിയ ആർസിബിയുടെ ഏറ്റവും നിർണായകമായ വിജയം പൂർത്തിയാക്കിയവൻ എന്നുകൂടി കൂട്ടിച്ചേർക്കാം.

യുവരാജ് സിങ്ങിൽ നിന്ന് ഒരോവറിൽ ആറു സിക്സർ ഏറ്റുവാങ്ങിയവൻ എന്നതു മാത്രമല്ല ഇന്നു സ്റ്റ്യുവർട്ട് ബ്രോഡിന്‍റെ മേൽവിലാസം എന്നതുപോലെ തന്നെ, ഈ മത്സരത്തിലൂടെ സ്വന്തം മേൽവിലാസവും തിരുത്തിയെഴുതുകയായിരുന്നു യാഷ് ദയാൽ. ഉത്തർ പ്രദേശുകാരനായ യാഷ് ദയാലിന് 26 വയസായിട്ടേയുള്ളൂ. സഹീർ ഖാനു ശേഷം ഇന്ത്യ കാത്തിരിക്കുന്ന ആ ഇടങ്കയ്യൻ പേസ് ബൗളറാകാൻ ഒരുപക്ഷേ, അവനിനിയും സമയം ബാക്കിയാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ