കൊച്ചി: മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് പ്രൈം വോളിബോള്‍ ടീമായ ബ്ലൂ സ്‌പൈക്കേഴ്‌സ് കൊച്ചിക്ക് പുതിയ വിദേശ പരിശീലകന്‍. സെര്‍ബിയന്‍ കോച്ചായ ദേജന്‍ വുലിസിവിച്ചാണ് പുതിയ പരിശീലകനായി ചുമതയേറ്റത്.
സ്ലൊവേനിയ നാഷണല്‍ ടീം, ഇറാന്‍ നാഷണല്‍ ടീം, ശ്രീലങ്ക നാഷണല്‍ ടീം, ചൈനീസ് തായ്‌പേയ് നാഷണല്‍ ടീം, സെര്‍ബിയന്‍ നാഷണല്‍ ടീം, അണ്ടര്‍ 23 ടീം കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. 2019ലെ ഏഷ്യന്‍ മെന്‍സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 23 വിഭാഗം ജേതാക്കളായ മ്യാന്‍മര്‍ ടീമിന്‍റെ പരിശീലകനായിരുന്നു. കൂടാതെ നിരവധി ക്ലബ്ബുകള്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.
മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുമെന്ന് പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം ദേജന്‍ വുലിസിവിച്ച് പറഞ്ഞു. മികച്ച കളിക്കാരാണ് ടീമിന്‍റെ ശക്തി, കഠിന പരിശീലനത്തിലൂടെ എതിരാളികളെ നേരിടുകയാണ് ടീം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 നാണ് ഈ സീസണ്‍ ആരംഭിക്കുന്നത്. ചെന്നൈയിലാണ് ഇത്തവണ മത്സരങ്ങള്‍ നടക്കുക.