Gaganyaan Artistic illustration
Tech

ഗഗൻയാൻ: ആദ്യ പരീക്ഷണം 21ന്

മൂന്നു പരീക്ഷണ വിക്ഷേപണത്തിനും ആളില്ലാ വിക്ഷേപണത്തിനും ശേഷമായിരിക്കും മനുഷ്യദൗത്യം

ബംഗളൂരു: ബഹിരാകാശത്തേക്കു മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ദൗത്യം 'ഗഗൻയാന്‍റെ' ആദ്യ പേടക പരീക്ഷണം 21ന്. രാവിലെ ഏഴിനും ഒമ്പതിനും ഇടയിൽ ശ്രീഹരിക്കോട്ടയിലാകും പേടകത്തിന്‍റെയും യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ക്രൂ എസ്കേപ് സംവിധാനത്തിന്‍റെയും (സിഇഎസ്) പരീക്ഷണം. മൂന്നു പരീക്ഷണ വിക്ഷേപണത്തിനും ആളില്ലാ വിക്ഷേപണത്തിനും ശേഷമായിരിക്കും മനുഷ്യദൗത്യമെന്ന് ഇസ്രൊ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.

ഭൂമിയിൽ നിന്നു 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ മനുഷ്യനെ എത്തിച്ചശേഷം സുരക്ഷിതമായി ഇന്ത്യയിലെ കടലിൽ ഇറക്കാനുള്ള ഇസ്രൊയുടെ പദ്ധതിയാണു ഗഗൻയാൻ. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്മെന്‍റ് ഫ്ലൈറ്റ് അഥവാ ടിവി-ഡി1 എന്ന പരീക്ഷണത്തിൽ ആളില്ലാ ക്രൂ മൊഡ്യൂൾ (സിഎം) ബഹിരാകാശത്തു പോയശേഷം ഭൂമിയിലേക്കു മടങ്ങും.

ബംഗാൾ ഉൾക്കടലിൽ തിരിച്ചിറങ്ങുന്ന പേടകത്തെ നാവികസേന തിരികെ കരയിലെത്തിക്കും. സിഎം, സിഇഎസ് എന്നിവയ്ക്കൊപ്പം അവയുടെ അതിവേഗത്തിൽ പ്രവർത്തിക്കുന്ന ഖര മോട്ടോറുകൾ, സിഎം ഫെയറിങ്, ഇന്‍റർസ്പെയ്സ് അഡാപ്റ്റർ എന്നിവയുടെയും കൂടി പരീക്ഷണമാണ് 21ന് നടക്കുന്നതെന്ന് ഇസ്രൊ.

17 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ ക്രൂ എസ്കേപ് സിസ്റ്റത്തോടെയുള്ള ക്രൂ മൊഡ്യൂൾ പേടകത്തിൽ നിന്നു സ്വയം വേർപെടും. തുടർന്ന് സിഇഎസിലെ പാരഷൂട്ടുകൾ സ്വയം പ്രവർത്തിച്ച് ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി കടലിലിറക്കും. ശ്രീഹരിക്കോട്ടയ്ക്ക് 10 കിലോമീറ്റർ അകലെയാകും സിഎം ഇറങ്ങുക.

ബഹിരാകാശ സഞ്ചാരികൾക്കായി ഭൗമാന്തരീക്ഷത്തിനു സമാനമായ സാഹചര്യങ്ങളൊരുക്കിയിട്ടുള്ള ഭാഗമാണു ക്രൂ മൊഡ്യൂൾ. എന്നാൽ, 21ന് പരീക്ഷണത്തിന് ഉപയോഗിക്കുന്ന സിഎമ്മിൽ ഇത്തരം അന്തരീക്ഷം സൃഷ്ടിച്ചിട്ടില്ലെന്നും ഇസ്രൊ.

തിരുവനന്തപുരത്ത് ശക്തമായ മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയിലും കൊല്ലത്തും മലവെള്ളപ്പാച്ചിലില്‍

മഴ മുന്നറിയിപ്പിൽ മാറ്റം: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; 7 ജില്ലകളിൽ യെലോ

സമാധാനത്തിനു കൈകോർക്കും; മോദി-ഷി ജിൻപിങ് കൂടിക്കാഴ്ചയിൽ നിർണായക നീക്കം

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പിൻവലിച്ച് അൻവർ; രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ

രാഹുലിന്‍റെ ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പൊലീസ്