പാരിസ്: അന്യഗ്രഹ ജീവികൾ എന്നു മനുഷ്യ സങ്കൽപ്പങ്ങൾക്ക് ചിറുകകൾ നൽകിയിട്ടുണ്ട്. ലോകത്തെങ്ങുമുള്ള വിവിധ സ്പേസ് ഏജൻസികൾ ഭൂമിക്കു പുറത്തു ജീവനുണ്ടെങ്കിൽ കണ്ടെത്താനുള്ള ദൗത്യങ്ങളും നടത്തിവരുന്നു. അങ്ങനെ എവിടെയെങ്കിലും ഏതെങ്കിലും ജീവികളുണ്ടെങ്കിൽ അവരുമായി മനുഷ്യന് ആശയവിനിമയം നടത്താൻ സാധിക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. അങ്ങനെ എവിടെനിന്നെങ്കിലുമൊരു സന്ദേശം വന്നാൽ എങ്ങനെ പ്രതികരിക്കുമെന്നു നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ).
ഈ പദ്ധതിയുടെ ഭാഗമായി ചൊവ്വയിൽനിന്ന് ഭൂമിയിലേക്കൊരു സന്ദേശം വന്നിരിക്കുന്നു, ചരിത്രത്തിൽ ആദ്യമായി. പക്ഷേ, ഇത് അന്യഗ്രഹ ജീവികളൊന്നും അയച്ചതല്ല. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ തന്നെ 'എ സൈൻ ഇൻ സ്പേസ്' (A sign in space) എന്ന പദ്ധതിയുടെ ഭാഗമായി എക്സോമാർസ് ട്രേസ് ഗ്യാസ് ഓർബിറ്റർ എന്ന കൃത്രിമോപഗ്രഹം അയച്ചതാണ്.
2016 ഒക്റ്റോബർ മുതൽ ചൊവ്വയെ പ്രദക്ഷിണം വയ്ക്കുകയാണ് ഇഎസ്എയുടെ പേടകം. ജൈവശാസ്ത്രപരമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ചൊവ്വയിൽ നടക്കുന്നുണ്ടോ എന്നറിയുകയും, ഉണ്ടെങ്കിൽ അവയുടെ സന്ദേശം പിടിച്ചെടുത്ത് ഭൂമിയിലേക്ക് അയയ്ക്കുകയുമാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ഒരു 'വ്യാജ' സന്ദേശം പരീക്ഷണാടിസ്ഥാനത്തിൽ അയച്ചു നോക്കിയത്. എന്നാലിതു മനുഷ്യനു മനസിലാകുന്ന രീതിയിലല്ല വന്നിട്ടുള്ളത്. അന്യഗ്രഹ ജീവികൾ മനുഷ്യനു മനസിലാകുന്ന ഭാഷയിൽ സന്ദേശം അയയ്ക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. അതിനാൽ എൻകോഡ് ചെയ്താണ് സന്ദേശം അയച്ചിരിക്കുന്നത്. ഇനി ഇതു കൃത്യമായി ഡീകോഡ് ചെയ്തെടുക്കാനാണ് ഇഎസ്എയുടെ ശ്രമം.