കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് (എഐ) ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ഫാഷന്‍ ബ്രാന്‍ഡ് അംബാസിഡറിനെ നിര്‍മിച്ചിരിക്കുകയാണ് വസ്ത്രവ്യാപാര സ്ഥാപനമായ ശീമാട്ടി. ഇഷ രവിയെന്ന എഐ ഫാഷന്‍ മോഡല്‍ ഇനി ഇന്ത്യന്‍ ഫാഷന്‍ ലോകത്ത് ശീമാട്ടിയുടെ ഔദ്യോഗിക മുഖമാവും.
ചെറുപ്പം മുതലേ നിറങ്ങളോടും യാത്രകളോടും താത്പര്യമുള്ള, ഫാഷനെ എപ്പോഴും കൂടെ കൂട്ടിയിട്ടുള്ള, സ്വയം പര്യാപ്തതയുള്ള പെണ്‍കുട്ടിയായാണ് ഇഷയെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ശീമാട്ടി സിഇഒയും ലീഡ് ഡിസൈനറുമായ ബീന കണ്ണന്‍ പറഞ്ഞു.
ഈ പുത്തന്‍ ചുവടുവയ്പ്പ് ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ പുരോഗതിയെയും പുത്തന്‍ സാധ്യതകളെയും അടയാളപ്പെടുത്തും. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു ഫാഷന്‍ ബ്രാന്‍ഡ് സാങ്കേതികവിദ്യയെയും ഫാഷനെയും വേറിട്ട രീതിയില്‍ ബന്ധിപ്പിക്കുന്നത്. എഐ ഉപയോഗിച്ച് ഏറ്റവും പുതിയ ഷോപ്പിങ് അനുഭവം കാഴ്ചവയ്ക്കാനും നൂതന സാങ്കേതിക വിദ്യയിലൂടെ ബ്രാൻഡിനെ അവതരിപ്പിക്കാനുമാണ് കമ്പനിയുടെ തീരുമാനമെന്നും വ്യക്തമാക്കി.