തിരുവനന്തപുരം: നിര്‍മിതബുദ്ധി വീടുകളിലും വ്യവസായങ്ങളിലും കാര്യങ്ങള്‍ സുഗമമാക്കിയേക്കാമെങ്കിലും എല്ലാറ്റിനും അതൊരു പരിഹാരമാകുമെന്ന് കരുതരുതെന്ന് നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി. മെല്‍ഡല്‍. നിര്‍മിതബുദ്ധി പഠിക്കുന്നതില്‍ വളരെയധികം ജാഗ്രത വേണം. സഹാനുഭൂതിയോ അസാധാരണമായ ചിന്തകളോ അതിലൂടെ ലഭ്യമാക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി നടന്ന പബ്ലിക് ടോക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ല്‍ രസതന്ത്രത്തിനുള്ള നൊബേല്‍ നേടിയ മെല്‍ഡല്‍ തന്റെ പഠനരീതികളെപ്പറ്റി വിശദീകരിച്ചു. കെമിസ്ട്രിയില്‍ ചിത്രങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ട്. പുസ്തകങ്ങളിലെ ചിത്രങ്ങള്‍ നോക്കിയാണ് താന്‍ കാര്യങ്ങള്‍ ഓര്മയിലാക്കിയിരുന്നത്. വാക്കുകളെ ഓര്‍മയില്‍ സൂക്ഷിച്ച് കെമിസ്ട്രി പഠിക്കാനാകില്ല. വിഷ്വല്‍ മെമ്മറിയാണ് തന്നെ കെമിസ്ട്രിയില്‍ ശക്തനാക്കിയത്. കുട്ടികള്‍ക്ക് ചിത്രങ്ങള്‍ മനസില്‍ സൂക്ഷിക്കാന്‍ അതിശയകരമായ കഴിവുണ്ട്. അവര്‍ കാണുന്ന കാര്യങ്ങള്‍ ജീവിതകാലം മുഴുവന്‍ ഓർമിക്കും. അതിനാല്‍ രസതന്ത്രത്തില്‍ കുട്ടിക്കാലത്തെ പരിശീലനം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സയന്‍സ് ലാഭത്തിനു വേണ്ടിയാകരുത്. പാശ്ചാത്യ ശാസ്ത്രജ്ഞരുടെ ഏറ്റവും വലിയ തെറ്റ് ലാഭത്തിനുവേണ്ടി നയിക്കപ്പെടുന്നുവെന്നതാണ്. വിദ്യാർഥികളിലൂടെ സമൂഹത്തില്‍ ശാസ്ത്രീയ ചിന്ത വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും കുട്ടികളില്‍ താത്പര്യം വളര്‍ത്തുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ടെന്നും വ്യക്തമാക്കി.
ജിഎസ്എഫ്കെ ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ഡോ. ജി. അജിത് കുമാര്‍ മെല്‍ഡലിന് ഉപഹാരം സമര്‍പ്പിച്ചു. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി ഡയറക്റ്റര്‍ ഡോ. സഞ്ജയ് ബഹാരി, ശാസ്ത്രസാങ്കേതിക വകുപ്പ് എക്സ് ഒഫിഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രൊഫ. കെ.പി. സുധീര്‍, സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്റ്റര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.