ബംഗളൂരു: നാൽപ്പത്തെട്ടു വർഷം മുൻപായിരുന്നു ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ആര്യഭട്ടയുടെ വിക്ഷേപണം. പുരാതനഭാരതത്തിലെ ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്രകാരനുമായ ആര്യഭടനോടുള്ള ബഹുമാനാർഥമായിരുന്നു ആദ്യ ഉപഗ്രഹത്തിന് ആര്യഭട്ട എന്നു പേര് നൽകിയത്. അന്ന് മുതലിങ്ങോട്ട് ബഹിരാകാശരംഗത്ത് നിരവധി നാഴികക്കല്ലുകളാണ് ഇന്ത്യ മറികടന്നത്.
ആര്യഭട്ട: 1975. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം. 358 കിലോഗ്രാം ഭാരം. ഭൗമാന്തരീക്ഷത്തെയും വികിരണപാളികളെയും കുറിച്ചുള്ള പഠനമായിരുന്നു ആര്യഭട്ടയുടെ ദൗത്യം.
ഇൻസാറ്റ്: 1983ൽ തുടങ്ങി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ പരമ്പരയാണ് ഇൻസാറ്റ്. ടെലികമ്യൂണിക്കേഷൻ, പ്രക്ഷേപണം, കാലാവസ്ഥാ ശാസ്ത്രം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ രാജ്യം ഇന്നും ഇൻസാറ്റ് പരമ്പരയിലെ കൃത്രിമോപഗ്രഹങ്ങളെ ആശ്രയിക്കുന്നു.
പിഎസ്എൽവി: 1990കളിൽ ഇസ്രൊ സ്വന്തമായി വികസിപ്പിച്ച വിക്ഷേപണ വാഹനം. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പിഎസ്എൽവിക്ക് ഭൂമിയോടടുത്ത ഭ്രമണപഥം, ഭൂസ്ഥിര മാറ്റ ഭ്രമണപഥം, ഭൗമ ധ്രുവ ഭ്രമണപഥം എന്നിവിടങ്ങളിൽ ഉപഗ്രഹങ്ങളെ എത്തിക്കാനാകും.
ജിഎസ്എൽവി: 2000ന്‍റെ തുടക്കത്തിൽ ഇന്ത്യ വികസിപ്പിച്ച വിക്ഷേപണ വാഹനം. കൂടുതൽ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിക്കാനാകും. ഭൂസ്ഥിര ഭ്രമണപഥത്തിലേക്കുള്ള വിക്ഷേപങ്ങൾക്ക് ഇസ്രൊ ആശ്രയിക്കുന്നത് ജിഎസ്എൽവിയെയാണ്.
ചന്ദ്രയാൻ 1: 2008. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യം. ചന്ദ്രനെ വലംവച്ച പേടകം ചന്ദ്രോപരിതലത്തെക്കുറിച്ചു സുപ്രധാന വിവരങ്ങൾ മനുഷ്യരാശിക്കു സമ്മാനിച്ചു. ചന്ദ്രനിൽ ജലം ഐസ് രൂപത്തിലുണ്ടെന്ന സുപ്രധാന വിവരം നൽകിയതും ഇസ്രൊയുടെ ചന്ദ്രയാൻ 1 ദൗത്യം.
മംഗൾയാൻ: 2013. ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം. 2014 സെപ്റ്റംബറിൽ ചൊവ്വയ്ക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രവേശിച്ച മംഗൾയാൻ ഇപ്പോഴും പ്രവർത്തനനിരതം. ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹമെത്തിച്ച ആദ്യ രാജ്യമെന്ന ബഹുമതിയും ഇതോടെ ഇന്ത്യ സ്വന്തമാക്കി.
ചന്ദ്രയാൻ 2: 2019. ചന്ദ്രനിൽ റോവർ ഇറക്കാൻ ഇന്ത്യ നടത്തിയ ആദ്യ ശ്രമം. ലാൻഡർ വിക്രത്തിന് അവസാന നിമിഷം നിയന്ത്രണം നഷ്ടമായതോടെ ദൗത്യം ഭാഗികമായി പരാജയപ്പെട്ടു. എന്നാൽ, അന്നത്തെ ഓർബിറ്റർ ഇപ്പോഴും ചന്ദ്രനെ വലംവയ്ക്കുന്നു. സുപ്രധാന വിവരങ്ങൾ നൽകുന്നു.