ന്യൂഡൽഹി: പണം വിനിമയം അടിക്കടി കൂടിക്കൊണ്ടിരിക്കേ എടിഎം സെന്‍ററുകൾ തുരുതുരേ പൂട്ടി ബാങ്കുകൾ. ഡിജിറ്റൽ പേയ്മെന്‍റിലേക്ക് കൂടുതൽ പേർ തിരിഞ്ഞതോടെയാണ് എടിഎമ്മുകൾക്ക് ശനിദശ തുടങ്ങിയതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആർബിഐ പുറത്തു വിടുന്ന വിവരങ്ങൾ പ്രകാരം ആയിരക്കണക്കിന് എടിഎം സെന്‍ററുകളാണ് രാജ്യത്ത് പൂട്ടിയിരിക്കുന്നത്. 2023 സെപ്റ്റംബറിൽ 2,19,000 എടിഎം സെന്‍ററുകളുണ്ടായിരുന്നുവെങ്കിൽ 2024 സെപ്റ്റംബറിൽ 2,15,000 ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓഫ് സൈറ്റ് എടിഎമ്മുകളാണ് പൂട്ടിയതിൽ ഭൂരിഭാഗവും. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ കറൻസി ഇപ്പോഴും നിർണായക പങ്കു വഹിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ പൂർണമായും ഡിജിറ്റൽവത്കരണത്തിലേക്ക് തിരിയുന്നതിനു പകരം ഡിജിറ്റൽ, ഫിസിക്കൽ പേയ്മെന്‍റുകൾ സന്തുലിതാവസ്ഥയിൽ കൊണ്ടു പോകാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. നിലവിൽ ഒരു ലക്ഷം പേർക്ക് 15 എടിഎമ്മുകൾ എന്ന കണക്കിലാണ് എടിഎമ്മുകൾ പ്രവർത്തിക്കുന്നത്.
എടിഎം വഴിയുള്ള പണമിടപാടുകളുമായി ബന്ധപ്പെട്ട ആർബിഐ നിയന്ത്രണങ്ങളും ഉപഭോക്താക്കളെ എടിഎമ്മിൽ നിന്നകറ്റുന്നു. സൗജന്യ എടിഎം ഇടപാടുകളിൽ പരിധി നിശ്ചയിച്ചിരിക്കുന്നതും മറ്റു ബാങ്കുകളുടെ കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള ഫീസുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ബാങ്കിന്‍റെ ഒരു ശാഖയ്ക്ക് രണ്ട് എടിഎമ്മുകൾ എന്ന നിലയിൽ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധർ പറയുന്നു.