ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് തിരികെയെത്തിച്ച് ഇസ്രൊ. വിക്രം ലാൻഡറിനെയും പ്രജ്ഞാൻ റോവറിനെയും ചന്ദ്രോപരിതലത്തിൽ ഇറക്കിയശേഷം ചാന്ദ്രഭ്രമണപഥത്തിലായിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളാണ് ഭൂമിയെ വലംവയ്ക്കാനായി തിരികെയെത്തിയത്. ഇസ്രൊയുടെ ചരിത്രത്തിൽ ഇതാദ്യമാണ് മറ്റൊരു ഗ്രഹത്തിന്‍റെയോ ഉപഗ്രഹത്തിന്‍റെയോ ആകർഷണവലയത്തിൽ നിന്ന് ഒരു വസ്തുവിനെ തിരികെ ഭൂമിയുടെ പരിധിയിലേക്ക് എത്തിക്കുന്നത്. ചന്ദ്രനിൽ നിന്ന് സാംപ്‌ളുകൾ എത്തിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിക്കുന്ന 2040ലെ മനുഷ്യദൗത്യത്തിലും ഈ നേട്ടം ആദ്യ ചുവടുവയ്പ്പാകും. ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ പ്രൊപ്പൽഷൻ മൊഡ്യൂൾ ഒരു വർഷം തുടരും.
ഒക്റ്റോബർ ഒമ്പതിന് ആദ്യ ഘട്ടം ഭ്രമണപഥം ഉയർത്തലോടെയായിരുന്നു പ്രൊപ്പൽഷൻ മൊഡ്യൂളിന്‍റെ മടക്കയാത്രയ്ക്കു തുടക്കം. ചന്ദ്രോപരിതലത്തിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ നിന്ന് 5,112 അകലേക്കാണ് അന്നു മാറ്റിയത്. ഇതോടെ, ഒരു തവണ ചന്ദ്രനെ വലംവയ്ക്കാൻ 2.1 മണിക്കൂർ എന്നത് 7.2 മണിക്കൂറായി ഉയർന്നു. പിന്നീട് അഞ്ചു തവണ കൂടി ഭ്രമണപഥം ഉയർത്തി. ഈ മാസം 10ന് പ്രൊപ്പൽഷൻ മൊഡ്യൂൾ ചന്ദ്രനോട് യാത്രപറഞ്ഞ് ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിൽ മടങ്ങിയെത്തി. നിലവിൽ ഭൂമിയിൽ നിന്ന് 1.54 ലക്ഷം കിലോമീറ്റർ X1.15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണിത്. 13 ദിവസം കൊണ്ട് ഭൂമിയെ വലംവയ്ക്കും. ഏറെ ദൂരെയായതിനാൽ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കില്ല. പുതിയ യാത്രാപഥത്തിലും പ്രൊപ്പൽഷൻ മൊഡ്യൂളിലെ ഉപകരണം "ഷേപ്' പ്രവർത്തനം തുടരും. ഇനി ഭൂമിയുടെ അന്തരീക്ഷത്തെക്കുറിച്ചാകും പഠനം.
ചന്ദ്രയാൻ 3 ദൗത്യം ഇസ്രൊയ്ക്കും രാജ്യത്തിനും നൽകിയത് ഏറെ നേട്ടങ്ങളാണ്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി സോഫ്റ്റ്‌ലാൻഡിങ് നടത്തിയ രാജ്യമായി ഈ ദൗത്യത്തോടെ ഇന്ത്യ മാറിയിരുന്നു. ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ലാൻഡറിനെ സെപ്റ്റംബർ 3ന് വീണ്ടും 40 സെന്‍റിമീറ്റർ ഉയർത്തി മറ്റൊരു സ്ഥലത്ത് ലാൻഡ് ചെയ്യിക്കാനും (ഹോപ് പരീക്ഷണം) ഇസ്രൊയ്ക്കു കഴിഞ്ഞു. ചന്ദ്രനിൽ നിന്നു സാംപ്‌ളുകൾ സ്വീകരിച്ച് തിരികെയെത്തിക്കാനുള്ള ഭാവി ദൗത്യത്തിൽ നിർണായകമാണ് ഈ പരീക്ഷണം. ഇതിന്‍റെ അടുത്തഘട്ടമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിനെ ചന്ദ്രനിൽ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് തിരികെയെത്തിച്ചത്.