കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫീച്ചര്‍ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളില്‍ യൂട്യൂബ് ഷോര്‍ട്ട്‌സ് ഉള്‍പ്പെടെയുള്ള ക്ലൗഡ് ആപ്പുകളുടെ ശ്രേണി അവതരിപ്പിച്ച് ഈ സെഗ്മെൻ്റിൽ വീണ്ടും പുതിയ മാറ്റത്തിന് തുടക്കമിട്ടു.
യൂട്യൂബ് ഷോര്‍ട്ട്‌സ്, ബിബിസി ഹിന്ദി, സോകോബന്‍, 2048 ഗെയിം, ടെട്രിസ് എന്നിവയുള്‍പ്പെടെ എട്ട് വ്യത്യസ്ത ആപ്പുകളാണ് ഈ ഫോണുകളിൽ ഉള്ളത്. ഇനി മുതൽ നോക്കിയ 106 4ജി, നോക്കിയ 110 4ജി എന്നിവയില്‍ ഉപഭോക്താക്കൾക്ക് പ്രിയപ്പെട്ട എല്ലാ ഹ്രസ്വ വീഡിയോകളും തടസങ്ങളില്ലാതെ സുഗമമായി കാണാം. ആപ്പുകൾ വഴി വീഡിയോകള്‍ മാത്രമല്ല വാര്‍ത്തകള്‍, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍, ക്രിക്കറ്റ് സ്‌കോറുകള്‍, രസകരമായ ഗെയിമുകള്‍ എന്നിവ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും കഴിയും. ഈ ആപ്പുകളെല്ലാം ക്ലൗഡിലായതിനാൽ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കുകയും ചെയ്യാം.
നിലവിലുള്ള നോക്കിയ 110 4ജി ഉപയോക്താക്കൾക്കും ക്ലൗഡ് ആപ്പുകളുടെ ഗുണം ആസ്വദിക്കാം. ഇതിനായി അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫോണുകളിലേക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ അയക്കും. നിലവിൽ നോക്കിയ 106 4ജി, നോക്കിയ 110 4ജി മോഡലുകൾ യുപിഐ സ്കാൻ ആൻഡ് പേ ഫീച്ചർ പിന്തുണയ്ക്കുന്നുണ്ട്. നോക്കിയ 106 4ജിക്ക് 2199 രൂപയും, നോക്കിയ 110 4ജിക്ക് 2399 രൂപയുമാണ് വിപണി വില.