ന്യൂഡൽഹി: ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുളള ത്രെഡ്സ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ടുകൾ. ട്വിറ്ററിന്റെ എതിരാളി എന്ന നിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ത്രെഡ്സിന് ആദ്യമണിക്കൂറുകളിൽ തന്നെ പത്തു ലക്ഷം ഉപയോക്താക്കളെ ലഭിച്ചിരുന്നു. എന്നാൽ ആദ്യ ആവേശം കെട്ടടങ്ങിയെന്നാണു കണക്കുകൾ നൽകുന്ന സൂചന.
ത്രെഡ്സ് ആപ്പിന്റെ സജീവ ഉപയോക്താക്കളിൽ ഇരുപതു ശതമാനത്തോളം കുറവു സംഭവിച്ചതായി ഡേറ്റ ആപ്സ് ട്രാക്കിങ് സ്ഥാപനമായ സെൻസർ ടവർ വ്യക്തമാക്കുന്നു. കൂടാതെ ത്രെഡ്സ് ആപ്ലിക്കേഷനിൽ ചെലവഴിക്കുന്ന സമയത്തിൽ അമ്പതു ശതമാനം കുറവുണ്ടായിട്ടുണ്ട്. ത്രെഡ്സിന്റെ ലോഞ്ചിങ് വേളയിൽ ട്വിറ്ററിന്റെ ട്രാഫിക്കിൽ അഞ്ച് ശതമാനത്തോളം ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ഇപ്പോൾ ത്രെഡ്സിന്റെ സ്വീകാര്യത അനുദിനം കുറഞ്ഞു കൊണ്ടിരിക്കുകയാണ്.
ട്വിറ്ററുമായി ഏറെ സമാനതകളോടെയാണ് ത്രെഡ്സ് ലോഞ്ച് ചെയ്തത്. ട്വീറ്റ് എന്നതിനു പകരം ത്രെഡ്സ് എന്നും, റീട്വീറ്റിനു പകരം റീ പോസ്റ്റ് എന്നുമാണ് ആപ്ലിക്കേഷനിലുള്ളത്. അഞ്ച് മിനിറ്റ് വരെ ദൈർഘ്യമുള്ള വിഡിയോകൾ പങ്കുവയ്ക്കാം. അൺഫോളോ, ബ്ലോക്ക് ഓപ്ഷനുകളുമുണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് ത്രെഡ്സിൽ നേരിട്ട് അക്കൗണ്ട് ഉണ്ടാക്കാനും ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നവരെയെല്ലാം ഫോളോ ചെയ്യാനും സാധിക്കും.
കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പേർ ത്രെഡ്സ് ഡൗൺലോഡ് ചെയ്തത് ഇന്ത്യയിൽ നിന്നാണ് (33 ശതമാനം). തൊട്ടുപിന്നാലെ ബ്രസീൽ( 22 ശതമാനം), അമെരിക്ക(16 ശതമാനം) എന്നീ രാജ്യങ്ങളുമുണ്ട്.