സ്വന്തം ലേഖകൻ
അബുദാബി: ഡ്രോൺ പറത്താനറിയാമോ എന്ന ചോദ്യത്തിന് ഇക്കാലത്ത് വലിയ പ്രസക്തിയൊന്നുമില്ല. കുട്ടികൾ പോലും ഡ്രോൺ പറത്തി കളിക്കുന്ന കാലമാണിത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ലോകോത്തര നിലവാരത്തിൽ ഡ്രോൺ ഉപയോഗിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കിൽ അബുദാബിയിലേക്ക് വരൂ. വൈദഗ്ധ്യവും അൽപ്പം ഭാഗ്യവുമുണ്ടെങ്കിൽ ഒരു മില്യൺ ദിർഹം (ഏകദേശം 2 കോടി 28 ലക്ഷം ഇന്ത്യൻ രൂപ) പോക്കറ്റിലാക്കി തിരികെ പറക്കാം.
2025 ഏപ്രിൽ മാസത്തിലാണ് എ 2 ആർ എൽ ഡ്രോൺ റേസ് അബുദാബിയിൽ നടക്കുന്നത്. കോഡിങ്ങിന്‍റെയും സോഫ്റ്റ്‌വെയറിന്‍റെയും സഹായത്തോടെ വളർച്ചയിലേക്ക് കുതിക്കുന്ന ഒരു ശാസ്ത്രലോകത്തെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം സംരംഭങ്ങൾ നടത്തുന്നതെന്ന് സംഘാടകരായ ആസ്പയർ എ 2 ആർ എൽ, സി ഇ ഒ സ്റ്റീഫൻ ടിംപാനോ പറഞ്ഞു. മേഖലയിലെ സ്വയാർജിത സാങ്കേതികവിദ്യയുടെ ഹബ്ബായി യുഎഇയെ മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡ്രോൺ റേസ് നടത്തുന്നതിലൂടെ വികസ്വര രാജ്യങ്ങളിലെ യുവാക്കൾക്ക് ഡ്രോൺ സാങ്കേതിക വിദ്യയിൽ മികച്ച പരിശീലനം നൽകാൻ സാധിക്കും.
ലോകത്തെ പ്രീമിയർ പ്രൊഫഷണൽ ഡ്രോൺ റേസിങ്ങ് സംഘടനയായ ഡ്രോൺ ചാംപ്യൻസ് ലീഗിന്‍റെ സഹകരണത്തോടെയാണ് റേസ് നടത്തുന്നത്. 2028 വരെ പ്രതിവർഷം രണ്ട് വീതം ഡ്രോൺ റേസുകൾ നടത്താനാണ് തീരുമാനം. സങ്കീർണമായ സാഹചര്യങ്ങളിൽ കുറഞ്ഞ സെൻസർ സാങ്കേതികത ഉപയോഗിച്ച് മികച്ച ഡ്രോണുകൾ നിർമിക്കാൻ സഹായിക്കുക എന്നതാണ് ലക്ഷ്യം.
പങ്കെടുക്കുന്നത് എങ്ങനെ?
രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അവസാന തീയതി: സെപ്റ്റംബർ 20
തെരഞ്ഞെടുക്കപ്പെടുന്ന 20 ടീമുകൾ അന്തിമ റൗണ്ടിൽ മത്സരിക്കും
തെരഞ്ഞെടുപ്പിന് മൂന്ന് ഘട്ടങ്ങൾ:
ആദ്യ ഘട്ടത്തിൽ റോബോട്ടിക്സിലെ വൈദഗ്ധ്യവും അനുഭവപരിചയവും പരിശോധിക്കും. ഒപ്പം നിർമിത ബുദ്ധിയിലുള്ള ഗവേഷണ പ്രബന്ധം, പദ്ധതിയുടെ വെബ്സൈറ്റ് എന്നിവയുടെ വിലയിരുത്തൽ.
സമർപ്പിച്ചിട്ടുള്ള ഡ്രോൺ ഫ്ലൈറ്റ് വീഡിയോയുടെ പരിശോധന
ഡ്രോൺ തത്സമയം പറത്തിക്കൊണ്ടുള്ള ഡെമോയുടെ വിലയിരുത്തൽ