ചക്കയുടെ അഴുകലിന് കാരണം 'അതേലിയ റോൾഫ്സി' തന്നെ  
Tech

ചക്കയുടെ അഴുകലിന് കാരണം 'അതേലിയ റോൾഫ്സി' തന്നെ

എം.ബി. സന്തോഷ്

തിരുവനന്തപുരം: ചക്കയെ ബാധിക്കുന്ന അഴുകൽ രോഗത്തിന് കാരണം "അതേലിയ റോൾഫ്സി' എന്ന കുമിൾ ആണെന്ന് സ്ഥിരീകരിച്ചു. വെള്ളായണി കാർഷിക കോളെജ്, കരമനയിലെ സംയോജിത കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നടന്ന ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. നേരത്തെ, ഈ രോഗബാധ കണ്ടെത്തിയപ്പോൾ തന്നെ ഇതിനു കാരണം അതേലിയ റോൾഫ്സി ആവുമെന്ന് കൃഷി ശാസ്ത്രജ്ഞർ സൂചിപ്പിച്ചത് "മെട്രൊ വാർത്ത' റിപ്പോർട്ട് ചെയ്തിരുന്നു.

ഈ കുമിളിനെ നിയന്ത്രിക്കാൻ മിത്ര കുമിളായ ട്രൈക്കോഡർമ അസ്പറെല്ലം ഫലപ്രദമാണ്. ഇവ ഈ കുമിളിന്‍റെ വളർച്ചയെ തടയുന്നു. കുമിളിനെ ഗവേഷണശാലയിൽ വളർത്തി പരീക്ഷണങ്ങൾ നടത്തിയതിൽ നിന്നും ഇരുട്ടിന്‍റെയും മറ്റ് വ്യത്യസ്ത പ്രകാശ തീവ്രതയെയും അപേക്ഷിച്ച് പ്രകാശത്തിന്‍റെയും ഇരുട്ടിന്‍റെയും ഇതരചക്രങ്ങൾ കുമിൾ രോഗം വ്യാപിക്കാനിടയുന്നുണ്ടെന്ന് കാണാനായി. എന്നാൽ, ഉയർന്ന അന്തരീക്ഷ ഊഷ്മാവ് കുമിളിന്‍റെ വളർച്ചയെ തടയുന്നു. 37 മുതൽ 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഈ രോഗ കുമിൾ വളരുന്നില്ല. പിഎച്ച് ശ്രേണിയിൽ 5.5 മുതൽ 6.5 വരെയാണ് അതേലിയ റോൾഫ്സി വളരുന്നത്. ക്ഷാര സ്വഭാവമുള്ള മണ്ണിൽ ഈ കുമിൾ വളരുന്നില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

മണ്ണിനോട് ചേർന്ന് കിടക്കുന്ന ചക്കകളിൽ ആണ് ആദ്യം രോഗം ലക്ഷണം കണ്ടു തുടങ്ങുക. മുകളിലെ ചക്കകളിലേക്കും ക്രമേണ ബാധിക്കും. മഴ, ഈർപ്പം ഉള്ള സ്ഥലങ്ങളിലാണ് രോഗബാധ കൂടുതൽ.

രോഗം ബാധിച്ചതായി കണ്ടെത്തിയാൽ കായകളെ ഉടൻ കത്തിച്ചു കളയണമെന്ന് സംയോജിത കൃഷി ഗവേഷണ കേന്ദ്രം അസി. പ്രൊഫസറും ഇതു സംബന്ധിച്ച് അന്താരാഷ്‌ട്ര ജേണലിൽ പ്രസിദ്ധീകരിച്ച ആദ്യ പ്രബന്ധത്തിന്‍റെ കർത്താവുമായ ഡോ. എ. സജീന അറിയിച്ചു. രോഗം ബാധിക്കുന്നതായി കണ്ടാൽ 3 ദിവസത്തിനുള്ളിൽ ട്രൈക്കോഡർമ അസ്പറെല്ലം പോലെയുള്ള മിത്ര കുമിളുകളും കുമിൾ നാശിനികളും നൽകുന്നത് രോഗത്തെ തടയുമെന്നും ഡോ. സജീൻ വ്യക്തമാക്കി. 3 ദിവസത്തിനുശേഷം ഇവ നൽകുന്നതു കൊണ്ട് പ്രയോജനമില്ല. ഡോ. സജീനയുടെ നേതൃത്വത്തിൽ എംഎസ്‌സി (പ്ലാന്‍റ് പതോളജി) വിദ്യാർഥിനി ദിവ്യശ്രീയാണ് കുമിൾരോഗ നിയന്ത്രണത്തിൽ ഗവേഷണം നടത്തിയത്.

ചെയ്യേണ്ടത്..

ഡിഥെയ്ൻ എം 45 എന്ന കുമിൾനാശിനി 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി പ്ലാവിൻ ചുവട്ടിലെ മണ്ണിലും ചക്കകളുടെ പുറത്തും തളിക്കുന്നത് രോഗാണുവിനെ നശിപ്പിക്കാൻ സഹാ‍യകമാണ്. ഹെക്സാ കൊണാസോൾ എന്ന കുമിൾനാശിനി 2 എംഎൽ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഗുണകരമാണ്. ഇവ മിത്രകുമിളായ ട്രൈക്കോഡർമ അസ്പറെല്ലത്തെ നശിപ്പിക്കുന്നില്ല.

അതിനാൽ ഇവ രണ്ടും ഒരുമിച്ച് ഉപയോഗിക്കാം. വർഷത്തിൽ രണ്ടു തവണയെങ്കിലും ചാണകത്തിലും വേപ്പിൻ പിണ്ണാക്കിലും (9:1 അനുപാതത്തിൽ) വർധിപ്പിച്ച ട്രൈക്കോഡർമ അസ്പറെല്ലം ചേർത്ത് പ്ലാവിന്‍റെ ചുവട്ടിൽ നൽകുന്നത് ഈ രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം