ജൈറ്റക്സ് ഗ്ലോബൽ പ്രദർശനം തിങ്കളാഴ്ച മുതൽ 
Tech

ജൈറ്റക്സ് ഗ്ലോബൽ പ്രദർശനം തിങ്കളാഴ്ച മുതൽ

ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് മേളയാണിത്. ദുബായിലെ രണ്ട് വേദികളിൽ ഒരേ സമയമാണ് പ്രദർശനം

ദുബായ്: ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷന് (ജൈറ്റക്സ് ഗ്ലോബൽ) ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ (DWTC) തിങ്കളാഴ്ച തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ടെക്, സ്റ്റാർട്ട്-അപ്പ് മേളയാണിത്. ദുബായിലെ രണ്ട് വേദികളിൽ ഒരേ സമയമാണ് പ്രദർശനം നടക്കുന്നത്. ട്രേഡ് സെന്‍ററിൽ 14 മുതൽ 18 വരെയും ദുബായ് ഹാർബറിൽ ഒക്റ്റോബർ 16 വരെയുമാണ് പരിപാടി.

ലോകമെമ്പാടുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളും, വ്യാവസായിക-ബിസിനസ്-ഡിജിറ്റൽ ഇക്കോ സിസ്റ്റത്തിന്‍റെ ഭാവി രൂപപ്പെടുത്തുന്ന ശ്രദ്ധേയ സൊല്യൂഷനുകളും ഇവിടെ പ്രദർശിപ്പിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (എഐ), സൈബർ സുരക്ഷ, മിഡിൽ ഈസ്റ്റിലും അതിനപ്പുറവുമുള്ള സംരംഭങ്ങളുടെ ഡിജിറ്റൽ പരിവർത്തന യാത്രകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാകും ഈ വർഷത്തെ പ്രദർശനമെന്ന് സംഘാടകർ പറഞ്ഞു.

'ഭാവി എ.ഐ സമ്പദ് വ്യവസ്ഥ രൂപപ്പെടുത്താനുള്ള ആഗോള സഹകരണം' എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഗതാഗത ക്രമീകരണങ്ങൾ

അഞ്ച് ദിവസത്തെ ജൈറ്റക്സ് ഗ്ലോബൽ 2024ൽ ആയിരക്കണക്കിന് സന്ദർശകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഗതാഗതം സുരക്ഷിതമാക്കാൻ പദ്ധതികൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

മെട്രോ സേവനങ്ങൾ പതിവു പോലെ ലഭ്യമാകുമെന്നും, യാത്രക്കാരുടെ എണ്ണം വർധിക്കുകയാണെങ്കിൽ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനുള്ള വ്യവസ്ഥകളോടെ, ഇവന്‍റിലുടനീളം കാര്യക്ഷമമായ സേവനം ഉറപ്പാക്കുമെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ (RTA) ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി സി.ഇ.ഒ ഹുസൈൻ അൽ ബന്ന പറഞ്ഞു.

കൂടാതെ, 300 വാഹനങ്ങൾക്ക് ശേഷിയുള്ള ഒരു പ്രത്യേക ടാക്സി ഏരിയ പ്രദർശന വേദിക്ക് സമീപം പ്രവർത്തിക്കും. ഷട്ടിൽ ബസുകൾ മെട്രോ സ്റ്റേഷനും മാക്‌സ് സ്‌റ്റേഷനും ജൈറ്റക്സ് ഗ്ലോബൽ പാർക്കിംഗ് ഏരിയകൾക്കിടയിലും യാത്രക്കാരെ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബായ് ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റംസ് സെന്‍റർ വഴി ഓൺ-സൈറ്റ് ഓപറേഷൻ ടീമുമായി ഏകോപിപ്പിച്ച് തിരക്കേറിയ സമയങ്ങളിൽ ട്രാഫിക് സാന്ദ്രതയെ അടിസ്ഥാനമാക്കി ട്രാഫിക് ലൈറ്റുകൾ നിരീക്ഷിക്കുകയും ക്രമീകരിക്കുകയും ചെയ്യുമെന്ന് അൽ ബന്ന പറഞ്ഞു. റോഡ് ഉപയോക്താക്കൾക്കായി തങ്ങൾ ഉപദേശ, സന്ദേശങ്ങളും പ്രസിദ്ധീകരിക്കുമെന്നും അൽ ബന്ന കൂട്ടിച്ചേർത്തു.

രണ്ട് വേദികൾക്ക് സമീപവും 300 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പ്രത്യേക ടാക്സി ഏരിയയും ഉണ്ടാകും. ഷട്ടിൽ ബസുകൾട്രേഡ് സെന്‍റർ മെട്രോ സ്റ്റേഷനും മാക്സ് സ്റ്റേഷനും ഇടയിലും ജൈറ്റക്സ് ഗ്ലോബൽ പാർക്കിംഗ് ഏരിയകൾക്കിടയിലും യാത്രക്കാരെ എത്തിക്കും.

വേൾഡ് ട്രേഡ് സെന്‍റർ, അൽ വസൽ ക്ലബ്, അൽ കിഫാഫ്, അൽ ജാഫിലിയ, ദുബായ് മാൾ എന്നിവയുൾപ്പെടെയുള്ള ഇതര സ്ഥലങ്ങളിലും സന്ദർശകർക്കായി ആയിരക്കണക്കിന് പാർക്കിംഗ് സ്ഥലങ്ങൾ ആർ.ടി.എ നൽകും. ഈ സ്ഥലങ്ങളിലേക്കും തിരിച്ചും ഷട്ടിൽ ബസുകൾ സന്ദർശകരെ എത്തിക്കുന്നതാണ്.

പാർക്കിംഗ് പൂർണ ശേഷിയിലെത്തിയാൽ ഗതാഗതം വഴിതിരിച്ചുവിടാനും തിരക്കുള്ള സമയങ്ങളിൽ ഗതാഗത പ്രവാഹം നിയന്ത്രിക്കാനും പദ്ധതികളുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

പരിപാടിയുടെ വിജയത്തിനായി അധികൃതർ എല്ലാ തയാ റെടുപ്പുകളും പൂർത്തിയാക്കിയതായി ദുബായ് പോലിസിലെ ഓപറേഷൻ അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാൻഡന്‍റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി പറഞ്ഞു.

അൽ മൈദാൻ സ്ട്രീറ്റിൽ നിന്ന് വരുന്നവർക്ക് അൽ മുസ്തഖ്ബൽ സ്ട്രീറ്റും ശൈഖ് സായിദ് റോഡിൽ നിന്ന് വരുന്നവർക്ക് അൽ സുകൂക്ക് സ്ട്രീറ്റും ഫിനാൻഷ്യൽ സെന്‍റർ ഏരിയയിലെത്താൻ ബദൽ റൂട്ടുകളും ഉപയോഗിക്കാൻ അദ്ദേഹം നിർദേശിച്ചു.

ജൈറ്റെക്‌സ് ഗ്ലോബലിന്‍റെ രണ്ടാമത്തെ ലൊക്കേഷനായ ദുബായ് ഹാർബറിലും കനത്ത തിരക്ക് കണക്കിലെടുത്ത് പാം ജുമൈറയുടെ ബഹുനില കാർ പാർക്കിൽ നിന്നും നഖീൽ മെട്രോ സ്റ്റേഷനിൽ നിന്നും സന്ദർശകരെ എത്തിക്കാൻ ഷട്ടിൽ ബസുകൾ ലഭ്യമാക്കുമെന്ന് അൽ ബന്ന പറഞ്ഞു. സ്കൈ ഡൈവ് പാർക്കിംഗിൽ നിന്ന് വേദിയിലേക്ക് മറൈൻ ട്രാൻസ്പോർട്ട് സേവനങ്ങളും ലഭ്യമാകും.

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം