കൊച്ചി: രണ്ടാംഘട്ട പിരിച്ചുവിടല്‍ ഉണ്ടായേക്കുമെന്ന സൂചന നല്കി ഗൂഗ്ള്‍ സിഇഒ സുന്ദര്‍ പിച്ചൈ. ജനുവരിയില്‍ മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം അല്ലെങ്കില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമ്പനിയില്‍ കൂടുതല്‍ പിരിച്ചുവിടലുകള്‍ ഉടന്‍ നടക്കുമെന്ന് പിച്ചൈ സൂചന നല്‍കിയത്.
ജനുവരിയില്‍ ഗൂഗ്ള്‍ 12,000 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. പിരിച്ചുവിടാന്‍ തീരുമാനിച്ചതിന് ശേഷം കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട് ഗൂഗ്ള്‍. ഇതിലൊന്നാണ് ജീവനക്കാര്‍ക്ക് നല്കുന്ന ആപ്പിള്‍ മാക്ബുക്ക് ലാപ്ടോപ്പ് ഇനി എൻജിനീയറിങ് ടീമിന് മാത്രം നല്‍കുക എന്ന തീരുമാനം. എൻജിനീയറിങ് ഇതര വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ക്രോംബുക്ക് ലാപ്ടോപ്പുകള് നല്‍കും. ഇത് കൂടാതെ ഫുഡ് അലവന്‍സുകൾ പോലുള്ള ആനുകൂല്യങ്ങളും ഗൂഗ്ള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
ഹൈബ്രിഡ് വര്‍ക്ക് മോഡലിന് അനുയോജ്യമായ രീതിയില്‍ ബിസിനസ് ഓഫിസ് സേവനങ്ങള്‍ പുനഃക്രമീകരിക്കുകയാണെന്ന് ഗൂഗ്ളിന്റെ ഫിനാന്‍സ് മേധാവി റൂത്ത് പോരാറ്റ് അറിയിച്ചു. സൂക്ഷ്മമായ പരിശോധനയ്ക്ക് ശേഷമാണ് ജോലികള്‍ വെട്ടിക്കുറച്ചതെന്ന് പിച്ചൈ പറഞ്ഞിരുന്നു. "ഞങ്ങളുടെ ജീവനക്കാരില്‍ നിന്നും ഏകദേശം 12,000 പേരെ കുറയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. യുഎസിലെ ജീവനക്കാര്‍ക്ക് ഞങ്ങള്‍ ഇതിനകം ഇമെയില്‍ അയച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍, പ്രാദേശിക നിയമങ്ങള്‍ കാരണം ഇതിന് കൂടുതല്‍ സമയമെടുക്കുമെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.
ഇന്ത്യയിലെ ഓഫിസില്‍ നിന്നും വിവിധ വകുപ്പുകളിലായി 450ഓളം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടതായും ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, സാമ്പത്തിക മാന്ദ്യത്തിന്റെ പേരിലുള്ള പിരിച്ചുവിടലിന്റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ പാക്കെജുകള്‍ നല്‍കുമെന്ന് ഗൂഗ്ള്‍ അറിയിച്ചിട്ടുണ്ട്. ഓരോ സ്റ്റാഫിന്റെയും സേവനകാലയളവ് ഉള്‍പ്പെടെയുളള ഘടകങ്ങള്‍ പരിഗണിച്ച് വ്യക്തിപരമായിട്ടായിരിക്കും പാക്കെജുകള്‍ തീരുമാനിക്കുക. മാത്രമല്ല, ജോബ് പ്ലേസ്മെന്റ്, ഹെല്‍ത്ത് കെയര്‍ ഇൻഷ്വറന്‍സ് എന്നിവയില്‍ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചിരുന്നു.