സ്‌മാർട്ട്‌ഫോൺ ആപ്പുകളിലെ ആഐ ആപ്പ് ഉപയോഗവുമായി ബന്ധപ്പെട്ട സുരക്ഷാ, സ്വകാര്യത അപകടസാധ്യതകൾ സംബന്ധിച്ച് എല്ലാ ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്കും മുന്നറിയിപ്പുമായി ഗൂഗിൾ. ഗൂഗിളിന്‍റെ 'ജെമിനി' എന്ന എഐ മോഡല്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ജെമിനി ആപ്പുകളിലെ ആക്റ്റിവിറ്റിക്കിടയില്‍ ഏതെങ്കിലും സംഭാഷണത്തിനിടയിൽ തങ്ങളുടെ രഹസ്യ വിവരങ്ങൾ നൽകരുതെന്നാണ് ഇതിൽ പറയുന്നത്.
സൂപ്പർചാർജ് ചെയ്ത ഗൂഗിള്‍ അസിസ്റ്റന്‍റിന് സമാനമാണ് ജെമിനി ആപ്പുകൾ. രഹസ്യാത്മക വിവരങ്ങളോ പങ്കുവയ്ക്കാന്‍ ആഗ്രഹമില്ലാത്ത ഡേറ്റയോ ഒരിക്കലും നല്‍കരുത്. ഏതെങ്കിലും സംഭാഷണത്തിൽ ഒരു തവണ ഒരു വിവരം കൈമാറിക്കഴിഞ്ഞാൽ, ജെമിനി ആപ്പ് ആക്‌റ്റിവിറ്റി ഇല്ലാതാക്കിയാലും ഒരു നിശ്ചിത കാലയളവിലേക്ക് അവ നീക്കം ചെയ്യപ്പെടില്ലെന്ന് ഗൂഗിള്‍ പറയുന്നു. ഉപയോക്താവിന്‍റെ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചല്ല, മറിച്ച് സംഭാഷണങ്ങൾ വെവ്വേറെയായാണ് ഈ ഡേറ്റ സ്റ്റോര്‍ ചെയ്യപ്പെടുന്നത്. കൂടാതെ, രഹസ്യാത്മക വിവരങ്ങൾ ഉൾപ്പെടുന്ന സംഭാഷണങ്ങൾ 3 വർഷം വരെ ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജെമിനി ആപ്‌സ് ആക്‌റ്റിവിറ്റിയിൽ നിന്നു സൈന്‍ ഔട്ട് ചെയ്താലും ഉപയോക്താവിന്‍റെ സംഭാഷണം അവരുടെ അക്കൗണ്ടിൽ 72 മണിക്കൂർ വരെ സേവ് ചെയ്യപ്പെടും. ഇതിലൂടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഫീഡ്‌ബാക്കും ജെമിനി ആപ്പിനു പ്രോസസ് ചെയ്യാനും അനുവദിക്കുന്നുണ്ട്. എന്നാൽ, ഉപയോക്താവ് ആഗ്രഹിക്കുന്നില്ലെങ്കിൽ പോലും വോയ്‌സ് ആക്റ്റിവേഷൻ ഉപയോഗിച്ച് ജെമിനി ആക്റ്റീവ് ആകാനുള്ള സാധ്യതയും നിലനിൽക്കുന്നു. അതായത് "ഹേയ് ഗൂഗിൾ" എന്ന് തോന്നിക്കുന്ന ശബ്ദം കേട്ടാൽ ഇതു തനിയേ ആക്റ്റീവ് ആകും, ഉപയോക്താവ് ഉദ്ദേശിച്ചില്ലെങ്കിൽപ്പോലും.
8 വര്‍ഷമായി ഗൂഗിള്‍ നടത്തി വരുന്ന എഐ ഗവേഷണത്തിന്‍റെ പരിസമാപ്തിയാണ് ജെമിനിയെന്ന് ഗൂഗിള്‍ തലവന്‍ സുന്ദര്‍ പിച്ചൈ നേരത്തെ പറയുകയുണ്ടായി. അള്‍ട്രാ, പ്രോ, നാനോ എന്നീ 3 മോഡുകളില്‍ ജെമിനി എഐ ലഭ്യമാകും. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഉറച്ചാണ് ഗൂഗിള്‍ ജെമിനി എഐ അവതരിപ്പിച്ചതെന്നാണ് ടെക് ടെക് ഭീമന്മാർ വിലയിരുത്തുന്നത്.