രാജേഷ് കുമാർ സിങ് & കുമാർ വി. പ്രതാപ്
ഇന്ത്യയിലെ ആഭ്യന്തര മൂല്യവർധന പരിമിതമാണെന്ന കാരണം ചൂണ്ടിക്കാട്ടി മൊബൈൽ ഫോൺ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയുടെ (പിഎൽഐ) നടത്തിപ്പിനെ സംശയത്തിന്റെ നിഴലിൽ നിർത്തും വിധമുള്ള ആഖ്യാനങ്ങൾ സൃഷ്ടിക്കാൻ പല പത്ര ലേഖനങ്ങളിലൂടെ ശ്രമിക്കുന്ന കാര്യം സമീപകാലത്തിൽ ശ്രദ്ധയിൽപ്പെട്ടു.
അത്തരം വിമർശകർ ആധാരമായി ചൂണ്ടിക്കാട്ടുന്ന പ്രധാന ഘടകങ്ങൾ ഇനിപ്പറയുന്നവയാണ്:
ഉയർന്ന താരിഫുകൾ ചുമത്തിയതു കൊണ്ട് മാത്രമാണ് മൊബൈലുകളുടെ അറ്റ ഇറക്കുമതി പോസിറ്റീവായതെന്നതാണ് ഒരു വാദം. ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയുടെ ഇൻസെന്റീവ് പേയ്മെന്റ് ആഭ്യന്തര മൂല്യവർധനവിനെ അപേക്ഷിച്ച് കൂടുതലാണെന്നതാണ് മറ്റൊരു വാദം, ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചതിന് ശേഷവും ഇന്ത്യ ഇറക്കുമതിയെ ആശ്രയിക്കുന്നുവെന്നന്നതാണ് മൂന്നാമത്തെ വാദം, പിഎൽഐ സ്കീമുകൾക്ക് കീഴിൽ വേണ്ടത്ര തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നതും അത്തരം ജോലികൾക്കുള്ള അനുബന്ധ ചെലവും വീണ്ടും വിലയിരുത്തേണ്ടത് ആവശ്യമാണ് എന്നതാണ് അവസാനത്തെ വാദം. ഇത്തരം വാദങ്ങൾ തെറ്റാണെന്ന് ഇനിയുള്ള വിശദീകരണങ്ങൾ വ്യക്തമാക്കും.
ഉത്പാദനത്തിലും കയറ്റുമതിയിലും ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിനുള്ള ബോധപൂർവമായ പരിശ്രമത്തിന്റെ ഭാഗം മാത്രമാണ് താരിഫ് നയത്തിലെ മാറ്റങ്ങൾ. 2015നെ അപേക്ഷിച്ച് നോക്കുമ്പോൾ, ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഹാൻഡ്സെറ്റുകളിൽ 99.2 ശതമാനവും മെയ്ഡ് ഇൻ ഇന്ത്യ അഥവാ ഇന്ത്യയിൽ നിർമിച്ചവയാണ്.
ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി പ്രകാരമുള്ള ഇളവുകൾ 6 % പോലുമില്ല (ചില ഘട്ടങ്ങളിൽ അത് 2%ൽ താഴെയാണ്). ആ ഇളവ് പോലും വർധിത ഉത്പാദനത്തെ അടിസ്ഥാനമാക്കി മാത്രമാണ് അനുവദിക്കാറുള്ളത്. വിപണി പങ്കാളിത്തം അടിസ്ഥാനമാക്കി വിലയിരുത്തുമ്പോൾ ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയുടെ ഗുണഭോക്താക്കൾ 20 ശതമാനം മാത്രമാണ്. എന്നാൽ 2022-23 സാമ്പത്തിക വർഷത്തിലെ മൊബൈൽ ഫോൺ കയറ്റുമതിയുടെ 82% അവരുടെ പങ്കാണ്. മോഡലിനെയും സങ്കീർണതകളെയും ആധാരമാക്കി മൊബൈലുകളിലെ ആഭ്യന്തര മൂല്യവർധനവ് 14 മുതൽ 25 ശതമാനം വരെയാണെന്ന് വിശകലനങ്ങൾ വ്യക്തമാക്കുന്നു. ചാർജറുകൾ, ബാറ്ററി പാക്കുകൾ, ഹെഡ്സെറ്റുകൾ, മെക്കാനിക്സ്, ക്യാമറ മൊഡ്യൂൾ, ഡിസ്പ്ലേ അസംബ്ലി എന്നിവയ്ക്കായുള്ള സബ് അസംബ്ലി പ്രക്രിയകളിലും വിതരണ ശൃംഖലകളിലും ശക്തമായ മുന്നേറ്റം ദൃശ്യമാണ്. ആഗോള വിതരണ ശൃംഖലകൾ ഇന്ത്യയിലേക്ക് മാറ്റുന്നതിന് പുറമെ പശ്ചിമ യൂറോപ്പ്, അമെരിക്ക, വികസിത ഏഷ്യ തുടങ്ങി കയറ്റുമതിക്കായി പുതിയ വിപണികൾ കൂട്ടിച്ചേർക്കപ്പെട്ടു. ടാറ്റയെപ്പോലുള്ള വൻകിട ഇന്ത്യൻ കമ്പനികൾ ഘടക നിർമാണ ആവാസവ്യവസ്ഥയിലെ പ്രധാനികളായി ഉയർന്നു വരുന്നതുപോലുള്ള ഹരിത മുകുളങ്ങൾ ദൃശ്യമാണ്, അതിനാൽ അത്തരം നയപരമായ ഇടപെടൽ സൃഷ്ടിക്കുന്ന ബാഹ്യഘടകങ്ങൾ പ്രാധാന്യമർഹിക്കുന്നു.
ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയുടെ അഭാവത്തിൽ മൊബൈലുകളുടെയും ഘടക ഭാഗങ്ങളുടെയും ഇറക്കുമതിക്ക് എന്ത് സംഭവിക്കുമായിരുന്നുവെന്നും വിതരണ ശൃംഖല സ്ഥാപിക്കുന്നതിനെടുക്കുമായിരുന്ന കാലയളവ് സംബന്ധിച്ചും മറ്റ് രാജ്യങ്ങളുടെ അനുഭവത്തിൽ നിന്ന് മനസിലാക്കാവുന്നതേയുള്ളൂ. ചൈന കഴിഞ്ഞ 25 വർഷത്തിനിടെ 1.3 ട്രില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങളാണ് നിർമിച്ചത്. എന്നാൽ അർധചാലകങ്ങൾ (semi-conductors), മെമ്മറി, OLED ഡിസ്പ്ലേകൾ തുടങ്ങിയ പ്രധാന സ്മാർട്ട്ഫോൺ ഘടകങ്ങൾ നിർമിക്കാനുള്ള വൈദഗ്ധ്യം ഇപ്പോഴും ചൈനയ്ക്ക് ഇല്ല. മൊബൈൽ ഫോണുകളുടെ ഉത്പന്ന മൂല്യത്തിന്റെ 45 ശതമാനം വരുമിത്. 2022-ൽ ചൈനയുടെ ഇലക്ട്രോണിക്സ് ഇറക്കുമതി 650 ബില്ല്യൺ യുഎസ് ഡോളറായിരുന്നു. 15 വർഷം കൊണ്ട് വിയറ്റ്നാമിന് 18 ശതമാനം മൂല്യവർധനയോടെ 140 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് വ്യവസായം സൃഷ്ടിക്കാൻ കഴിഞ്ഞു. ആഭ്യന്തര മൂല്യവർധനവ് മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ, പ്രത്യേകിച്ച് കയറ്റുമതിയിൽ, ഇരു രാജ്യങ്ങളുടെയും അനുഭവങ്ങളാണ് ഇവിടെ വ്യക്തമാകുന്നത്. കാഴ്ചപ്പാട് ചലനാത്മകമായിരിക്കുമ്പോഴും പല നിർണായക റിപ്പോർട്ടുകളും നയപരമായ ഇടപെടലിനെ കുറച്ചു കാണുന്നു.
ശക്തമായ ഒരു ഇലക്ട്രോണിക്സ് നിർമാണ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിന്, ഉത്പാദന പ്രക്രിയയുടെ വിവിധ ഘടകങ്ങൾ പ്രാദേശികവൽക്കരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് നാം മനസിലാക്കണം. വലിയ തോതിലുള്ള മൊബൈൽ ഫോൺ അസംബ്ലി പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിലാണ് പ്രാരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഘടകങ്ങളുടെ പ്രാദേശികവൽക്കരണത്തോടെ നിർമാണ മൂല്യ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പുരോഗമനപരമായ ഈ പരിവർത്തനത്തെക്കുറിച്ചുള്ള സൂക്ഷ്മമായ നിരീക്ഷണം മിക്ക നിർണായക റിപ്പോർട്ടുകളിലും കാണാനാവുന്നില്ല.
ഇലക്ട്രോണിക്സ് സിസ്റ്റം ഡിസൈൻ ആന്റ് മാനുഫാക്ചറിങ്ങിന്റെ (ESDM) ആഗോള ഹബ്ബായി ഇന്ത്യയെ പ്രതിഷ്ഠിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഒരു ആവാസവ്യവസ്ഥ അധിഷ്ഠിത സമീപനം സ്വീകരിച്ചു. 2014-15ൽ ഇലക്ട്രോണിക്സ് ഉത്പാദനം 37 ബില്യൺ യുഎസ് ഡോളറായിരുന്നു. കഴിഞ്ഞ 9 വർഷത്തിനിടയിൽ, ഇലക്ട്രോണിക്സ് ഉത്പാദനത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു. 2022-23 ആയതോടെ ഉത്പാദനം ഏകദേശം മൂന്നിരട്ടി വർധിച്ച് 101 ബില്യൺ യുഎസ് ഡോളറായി (വ്യാവസായിക കണക്കുകൾ) ഉയർന്നു. കയറ്റുമതിയാകട്ടെ നാലിരട്ടിയിൽ അധികം വർധിച്ച് 23 ബില്യൺ യുഎസ് ഡോളറായി. മൂല്യവർധന ഏകദേശം 23% ആയി വർധിച്ചു. ആഗോള ഇലക്ട്രോണിക്സ് നിർമാണത്തിൽ ഇന്ത്യയുടെ പങ്ക് 2012 ലെ 1.3 ശതമാനത്തിൽ നിന്ന് 2021-22 സാമ്പത്തിക വർഷത്തിൽ 3.75 ശതമാനമായി ഉയർന്നു.
ഇലക്ട്രോണിക്സ് മേഖലയ്ക്കുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയുടെ സമാരംഭത്തിന്റെ ഫലമായി, 2014-15 സാമ്പത്തിക വർഷത്തിൽ 60 ദശലക്ഷം മൊബൈൽ ഫോണുകൾ നിർമിച്ചിരുന്ന ഇന്ത്യ 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 320 ദശലക്ഷം മൊബൈൽ ഫോണുകൾ നിർമിച്ച്, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാക്കളായി ഉയർന്നു. 2014-ൽ ലോകത്തെ മൊബൈൽ ഹാൻഡ്സെറ്റുകളുടെ 3% ആണ് നിർമിച്ചിരുന്നതെങ്കിൽ അത് ഈ വര്ഷം 19% ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൊബൈൽ ഫോണുകളുടെ ഉത്പാദന മൂല്യം 2014-15 സാമ്പത്തിക വർഷത്തിൽ 190 ബില്യൺ രൂപയിൽ നിന്ന് 2022-23 സാമ്പത്തിക വർഷത്തിൽ 3.5 ട്രില്യൺ രൂപയായി വളർന്നു. 101 ബില്യൺ യുഎസ് ഡോളറിന്റെ മൊത്തം ഇലക്ട്രോണിക്സ് ഉത്പാദനത്തിൽ, കയറ്റുമതിയിലെ 11.1 ബില്യൺ യുഎസ് ഡോളർ ഉൾപ്പെടെ 44 ബില്യൺ യുഎസ് ഡോളർ സ്മാർട്ട്ഫോണുകളുടെ വിഹിതമാണ്. ആഭ്യന്തര മൂല്യവർധന, തൊഴിൽ, വരുമാനം എന്നിവയോടൊപ്പം ഇന്ത്യയിൽ മൊബൈൽ നിർമാണം കൂടുതൽ ദൃഢവും വിശാലവും ആയി മാറിക്കൊണ്ടിരിക്കുന്നു എന്നതിന് മതിയായ തെളിവുകളാണിത്.
LSEM-നുള്ള ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതി 2022-23 സാമ്പത്തിക വർഷം അവസാനം വരെ 65.62 ബില്യൺ രൂപയുടെ നിക്ഷേപം ആകർഷിച്ചു. ഇത് 1.29 ട്രില്യൺ രൂപയുടെ കയറ്റുമതി ഉൾപ്പെടെ 2.84 ട്രില്യൺ രൂപയുടെ മൊത്തം ഉത്പാദനത്തിലേക്ക് നയിച്ചു. കൂടാതെ 100,000-ത്തിലധികം പേർക്ക് നേരിട്ടും ഏകദേശം 2,50,000 പേർക്ക് പരോക്ഷമായും തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഇന്ത്യയിലെ ഔപചാരിക മേഖലകളിലെ ലിംഗ അസന്തുലിതാവസ്ഥ പരിഹരിക്കാൻ സഹായിക്കും വിധം പുതിയ തൊഴിലവസരങ്ങളിൽ 70 ശതമാനവും വനിതകൾക്കാണ് പ്രയോജനപ്പെട്ടത്. 2014 മുതൽ, ഈ മേഖലയിൽ 1 ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു.
ആപ്പിളിന്റെ ഏറ്റവും നൂതന മോഡലുകളുടെ നിർമാണം ഉൾപ്പെടെ, ഐഫോൺ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയുടെ ഉജ്ജ്വല വിജയമായാണ് വാഴ്ത്തപ്പെടുന്നത്. 2025-ഓടെ ആപ്പിൾ ഐഫോണുകളുടെ നാലിലൊന്ന് ഇന്ത്യയിൽ നിർമിക്കപ്പെടുമെന്നാണ് പ്രവചനങ്ങൾ.
തൊഴിലവസരങ്ങളുടെ സൃഷ്ടി, ഉത്പാദനത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം വർധിപ്പിക്കൽ, കയറ്റുമതി വർധിപ്പിക്കൽ, കയറ്റുമതി മേഖലയുടെ വൈവിധ്യവൽക്കരണം, ഗണ്യമായ മൂല്യവർധന, വികസിതമായ പ്രാദേശിക മൂല്യ ശൃംഖല സൃഷ്ടിക്കൽ എന്നിവയിൽ ഉത്പാദനബന്ധിത പ്രോത്സാഹന പദ്ധതിയുടെ വിജയം പൊതുവെയും, മൊബൈൽ ഫോൺ നിർമാണ മേഖലയിൽ പ്രത്യേകിച്ചും ദൃശ്യമാണെന്ന് തീർച്ചയായും ഉപസംഹരിക്കാവുന്നതാണ്.