ഹൈ ടെക് മേഖലയില്‍ സര്‍ക്കാരിന്‍റെ പങ്കാളിത്തം റോബോട്ടിക്സ് റൗണ്ട് ടേബിളോടെ ശക്തിപ്പെടും 
Tech

ഹൈ ടെക് മേഖലയില്‍ സര്‍ക്കാരിന്‍റെ പങ്കാളിത്തം റോബോട്ടിക്സ് റൗണ്ട് ടേബിളോടെ ശക്തിപ്പെടും

വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് എഴുതുന്നു

അത്യാധുനിക സാങ്കേതികവിദ്യയുടെ ഇഷ്ട ഡെസ്റ്റിനേഷനായി സംസ്ഥാനത്തെ അവതരിപ്പിക്കുന്നതില്‍ മികച്ച മുന്നേറ്റമാണ് കേരളം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടത്തിയിട്ടുള്ളത്. ഈ ഗുണപരമായ മാറ്റത്തിന് ചാലകശക്തിയായി വര്‍ത്തിച്ചത് സംസ്ഥാനം പുറത്തിറക്കിയ പുത്തന്‍ വ്യവസായനയമായിരുന്നു.

സര്‍ക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വ്യവസായ-വാണിജ്യ വകുപ്പ് കൈക്കൊണ്ടത്. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്രമായ ഒത്തു ചേരലാകും 2025 ഫെബ്രുവരിയില്‍ നടത്താന്‍ പോകുന്ന ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് മീറ്റ്.

ഐബിഎമ്മുമായി ചേര്‍ന്ന് ജൂലൈയില്‍ കൊച്ചിയില്‍ നടത്തിയ ജെനറേറ്റീവ് എഐ അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് ഈ പ്രവര്‍ത്തന പരമ്പരയുടെ ആദ്യ പടിയായിരുന്നു. വ്യവസായ നേതൃനിര, പ്രൊഫഷണലുകള്‍, നയകര്‍ത്താക്കള്‍ എന്നിവര്‍ക്കിടയില്‍ മികച്ച അവബോധം സൃഷ്ടിക്കാനും ഇന്‍ഡസ്ട്രി 4.0 യിലേക്ക് മികച്ച സംഭാവനകള്‍ നല്‍കാനും സാധിച്ചു.

ഇതിന്‍റെ തുടര്‍ച്ചയായി സംസ്ഥാനത്തെ സംരംഭകരെ ഒന്നിച്ചു ചേര്‍ത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകര്‍ഷിച്ചു. 12,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭകര്‍ സംസ്ഥാനത്ത് നടത്തുന്നത്.

ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട ആദ്യ സമ്മേളനമാകും ആഗസ്റ്റ് 23 നടക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍. ബോള്‍ഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിലാണ് ഏകദിന സമ്മേളനം.

നമ്മുടെയെല്ലാം ദൈനംദിന ജീവിതത്തില്‍ സ്വാധീനിക്കുന്ന റോബോട്ടിക്സിന്‍റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉത്പാദനം, ആരോഗ്യമേഖല, കൃഷി, ലോജിസ്റ്റിക്സ്, പ്രതിരോധം, എന്‍റര്‍ടെയിന്‍മെന്‍റ് എന്നീ മേഖലകളിലേക്ക് പ്രത്യേകമായി ഡിസൈന്‍ ചെയ്ത റോബോട്ടുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. റോബോട്ടിക്സ് സാങ്കേതികമേഖലയുടെ ഹബ്ബാകാനാണ് കേരളം ശ്രമിക്കുന്നത്. ഡിസൈന്‍, വികസനം, ഉത്പാദനം, എന്നിവയ്ക്കുപുറമെ റോബോട്ടുകളുടെ വിന്യാസവും സാങ്കേതികവിദ്യയും ഈ ഹബ്ബില്‍ ഉള്‍പ്പെടും.

രാജ്യത്തെ റോബോട്ടിക്സ് മേഖലയില്‍ നിന്ന് 2024 ല്‍ മാത്രം 531.10 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024 മുതല്‍ 28 വരെ 12.18 ശതമാനമാണ് ഈ മേഖലയില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിക്കുന്നത്. 841.10 ദശലക്ഷം ഡോളറാണ് പ്രതീക്ഷിക്കുന്ന വരുമാനം.

ലോകത്തില്‍ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ആദ്യ പത്തില്‍ ഇന്ത്യയുണ്ട്. വാഹന നിര്‍മ്മാണ മേഖലയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോഹം, റബ്ബര്‍, ഇലക്‌ട്രോണിക്സ് വ്യവസായങ്ങളിലും റോബോട്ടിക്സിന് ഗണ്യമായ സാന്നിധ്യമുണ്ട്.

ഈ അനുകൂല സാഹചര്യം പൂര്‍ണമായും ഉപയോഗപ്പെടുത്താനാണ് കേരളം സ്വയം തയാറെടുക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ആരോഗ്യമേഖല, കൃഷി, വ്യവസായ ഓട്ടോമേഷന്‍ എന്നീ മേഖലയില്‍ റോബോട്ടിക്സിനെ വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ട്.

പുത്തന്‍ വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകളിലൊന്നായി റോബോട്ടിക്സിനെ കേരളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വഴി എഐ, റോബോട്ടിക്സ് എന്നിവയ്ക്ക് വിവിധ ഇളവുകളും ധനസഹായവും ലഭിക്കും.

കേരളത്തില്‍ നിന്നുള്ള പ്രമുഖ സംരംഭമായ ശസ്ത്ര റോബോട്ടിക്സ് യുകെ, യുഎസ്എ എന്നിവിടങ്ങളിലേക്ക് 160 റോബോട്ടുകളെയാണ് കയറ്റുമതി ചെയ്തത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൈ പിടിച്ചുയര്‍ത്തിയ ജെന്‍ റോബോട്ടിക്സ് കേരളത്തിന്‍റെ കൂടി വിജയഗാഥയാണ് അന്താരാഷ്‌ട്ര തലത്തിലെത്തിച്ചത്. മാലിന്യക്കുഴലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡിക്കൂട്ട് എന്ന റോബോട്ടിലൂടെ സാമൂഹ്യപ്രസക്തിയും നൂതനത്വവും സംയോജിപ്പിച്ച് അവതരിപ്പിച്ച ഉത്പന്നം ഇന്ന് ആഗോളപ്രശസ്തമാണ്.

ഇതിനു പുറമെ എഐ ഏരിയല്‍ ഡൈനാമിക്സ്, അസിമോവ് റോബോട്ടിക്സ്, ഐറോവ്, ഡെക്സ് ലോക്ക്, ട്രിയാസിക് സൊല്യൂഷന്‍സ് എന്നിവയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നൂതനത്വത്തെയും സ്റ്റാര്‍ട്ടപ്പുകളെയും കൈപിടിച്ചുയര്‍ത്താനുള്ള സംസ്ഥാനത്തിന്‍റെ ഉദ്യമങ്ങള്‍ ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

റോബോട്ടിക്സ് മേഖലയെ പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ പ്രോത്സാഹനം നല്‍കിയെന്നതിനുമപ്പുറം ഈ മേഖലയിലുള്ളവര്‍ സര്‍ക്കാരില്‍ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവെന്നതിന്‍റെ ചര്‍ച്ച കൂടിയാകും റോബോട്ടിക്സ് റൗണ്ട് ടേബിള്‍.

ഈ ദിശയില്‍ സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്. സര്‍ക്കാരിനും വ്യവസായ സമൂഹത്തിനും ഒരു പോലെ ഗുണകരമാകുന്ന പങ്കാളിത്തമാകും ഇത്. സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും ഗുണപരമായ പരിണാമം സൃഷ്ടിക്കാന്‍ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നത് ഉറപ്പാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ