വയനാട്ടിൽ ഭൂമികുലുക്കം Representative image
Tech

വയനാട്ടിലെ പ്രകമ്പനം ഭൂകമ്പ സൂചനയോ മണ്ണൊലിപ്പോ: വിദഗ്ധർ സംസാരിക്കുന്നു

നദിയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴ ദീർഘനേരം പെയ്താൽ ഇത്തരം ശബ്ദങ്ങളുണ്ടാകാം.

പ്രത്യേക ലേഖകൻ

വയനാട്ടിൽ ഉരുൾപൊട്ടലിനു പിന്നാലെ ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതും പ്രകമ്പനം അനുഭവപ്പെട്ടതും വലിയ ആശങ്കയ്ക്കു കാരണമായിട്ടുണ്ട്. എന്നാൽ, കേരളത്തിലെ മലയോര മേഖലകളിൽ ഇത്തരം ശബ്ദങ്ങൾ സാധാരണമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കോട്ടയം ജില്ലയിലെ ചേനപ്പാടി ഗ്രാമത്തിൽ കഴിഞ്ഞ വർഷം ജൂലൈയിൽ സമാനമായ ശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികൾ പറഞ്ഞിരുന്നു. ഭൂമിക്കടിയിൽ നിന്ന് സ്ഫോടനസമാനമായ ശബ്ദങ്ങളാണ് അവിടെയും കേട്ടത്.

ഇതിൽ തത്കാലം ഭയക്കാനില്ലെന്നാണ് ഭൗമ ശാസ്ത്രജ്ഞർ അന്നു നടത്തിയ നിരീക്ഷണം. എന്നാൽ, ഭൂഗർഭ പഠനങ്ങൾ ഉടനടി ആരംഭിക്കണമെന്നും, ശബ്ദത്തിന്‍റെ തീവ്രത വർധിച്ചാൽ ജനങ്ങൾക്കു ജാഗ്രതാ നിർദേശം നൽകണമെന്നും അവർ ആ സമയത്തു തന്നെ കൂട്ടിച്ചേർത്തിരുന്നു. ഇപ്പോൾ വയനാട്ടിൽ ഇത്തരത്തിൽ ജാഗ്രതാ നിർദേശം ന‌ൽകുകയും, അതിന്‍റെ ഭാഗമായി പ്രദേശത്തെ ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും, സ്കൂളിന് അവധി നൽകുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ പതിവ്

കേരളത്തിലെ പല സ്ഥലങ്ങളിലും ഇത്തരം ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നുമാണ് നാഷണൽ സെന്‍റർ ഫൊർ എർത്ത് സയൻസ് സ്റ്റഡീസിൽ പ്രവർത്തിച്ചിട്ടുള്ള മുതിർന്ന ജിയോളജിസ്റ്റ് ജോൺ മത്തായി മെട്രൊ വാർത്തയോടു പറഞ്ഞത്. കേരളത്തിൽ ഭൗമോപരിതലത്തിന് ഏറെ അടിയിലായി ഭ്രംശ മേഖലകളുണ്ട്. ഇതിന്‍റെ അനുരണനങ്ങൾ ഉപരിതലത്തിലും അനുഭവപ്പെടുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കും. ഇന്ത്യയുടെ പടിഞ്ഞാറൻ തീരം ഇപ്പോഴും കടലിൽനിന്ന് ഉയർന്നുകൊണ്ടിരിക്കുന്ന മേഖലയാണ്. തീരദേശത്ത് ഉടനീളം ഉള്ളിൽനിന്നുള്ള സമ്മർദമാണ് ഇതിനു കാരണം. ഇതുകാരണം പരിമിതമായ ചലനങ്ങളുണ്ടാകുകയും അതിൽപ്പെട്ട് പാറക്കല്ലുകൾ ഞെരിയുകയും ചെയ്യും.

സ്ലാബുകൾ നീങ്ങുന്നതിനോടാണ് ജോൺ മത്തായി ഇതിനെ ഉപമിക്കുന്നത്. ഒരു സ്ലാബ് മറ്റൊന്നുമായി കൂട്ടിയുരസുമ്പോൾ അരികുകൾ പൊടിയുകയും ശബ്ദമുണ്ടാകുകയും ചെയ്യും. ഇത്തരത്തിൽ കല്ലുകൾ പൊടിയുന്ന ശബ്ദമാകാം ഭൂമിക്കടിയിൽനിന്നു കേൾക്കുന്നത്. ഒരു സ്ലാബ് മറ്റൊന്നുമായി കൂട്ടിയുരസുമ്പോൾ അരികുകൾ പൊടിയുകയും ശബ്ദമുണ്ടാകുകയും ചെയ്യും. 1850കളിൽ കോട്ടയത്തെ ചേനപ്പാടി മേഖല ഭൂചലന സാധ്യതയുള്ള സ്ഥലമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പിന്നെയൊരു നൂറു വർഷത്തേക്ക് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 1953ൽ നേരിയ ചില ഭൗമ ചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് 2001ൽ ഈരാറ്റുപേട്ട മേഖലയിൽ കുറച്ചുകൂടി ശക്തമായ ചലനങ്ങളുണ്ടായി. ഈരാറ്റുപേട്ടയിൽനിന്ന് 20 കിലോമീറ്റർ മാത്രം അകലെയാണ് ചേനപ്പാടി എന്നതും ശ്രദ്ധേയമാണ്. ഭൗമശാസ്ത്ര സങ്കേതങ്ങളിൽ ഇതിനെ അകലമെന്നല്ല, അടുത്ത് എന്നേ പറയാൻ കഴിയൂ.

അവഗണിക്കാൻ പാടില്ലാത്ത സൂചന

ഭാവിയിൽ സംഭവിക്കാവുന്ന വലിയ ചലനങ്ങളുടെ സൂചനകളാണ് ഇപ്പോൾ കേൾക്കുന്നതെന്നും കരുതാവുന്നതാണ്. എന്നാൽ, കേരളത്തെ സംബന്ധിച്ച്, ഇത്തരത്തിൽ രൂപപ്പെടുന്ന ഏതു ഭൗമ സമ്മർദങ്ങളും ചെറു ചലനങ്ങളായി അവസാനിക്കുകയല്ലാതെ വലിയ ഭൂകമ്പങ്ങളായി മാറിയ ചരിത്രമില്ലെന്നും ജോൺ മത്തായി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഭ്രംശരേഖകൾ സജീവമാകുന്നതിന്‍റെ സൂചനകളായി ഈ ഭൂഗർഭ ശബ്ദങ്ങളെ കാണാതിരിക്കാനും കഴിയില്ല. മൂവാറ്റുപുഴ മുതൽ വടക്കു പടിഞ്ഞാറ് ദിശയിൽ ഒരു ഭ്രംശ മേഖലയുണ്ട്. ഈ മേഖലയിലെ കല്ലുകൾ മറ്റു കല്ലുകളിൽ നിന്നു വ്യത്യസ്തമായ തരത്തിൽ ഒരു ചിറ പോലെ നീളത്തിൽ കിടക്കുന്നു. കല്ലുകൾ തമ്മിലുള്ള ഈ വ്യത്യാസം കാരണം സമ്മർദമുണ്ടായാൽ വലിയ ശബ്ദങ്ങൾ കേൾക്കും. ഇതുകാരണം മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ജോൺ മത്തായി.

ജല സ്രോതസുകളോടു ചേർന്നു കിടക്കുന്ന, കുന്നുകളും താഴ്‌വരകളുമുള്ള പരുക്കൻ ഭൂപ്രദേശങ്ങളിൽ ഇതിനുള്ള സാധ്യത കൂടുതലാണ്.

മഴയും പുഴയും കാരണമാകാം

കേരളം അടക്കം പലയിടത്തും ഇത്തരം ശബ്ദങ്ങൾ സാധാരണമാണെന്നാണ് ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ പ്രവർത്തിക്കുന്ന ജിയോളജിസ്റ്റ് സി.പി. രാജേന്ദ്രനും പറയുന്നത്. ഇന്ത്യൻ ഭൂകമ്പങ്ങളെക്കുറിച്ചും ഭൗമാന്തർ ചലനങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പ്രധാനമായും ഗവേഷണങ്ങൾ നടത്തിയിട്ടുള്ളത്.

നദിയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴ ദീർഘനേരം പെയ്താൽ ഇത്തരം ശബ്ദങ്ങളുണ്ടാകാം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും പുഴയിലെ നീരൊഴുക്കും കാരണം ഭൂഗർഭ ജല വിതാനത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഉരുൾപൊട്ടൽ കൂടാതെയും കാര്യമായ മണ്ണൊലിപ്പുണ്ടായിട്ടുണ്ടാകും. സോയിൽ പൈപ്പിങ് പോലെ ഉപരിതലത്തിൽ ദൃശ്യമാകാത്ത തരത്തിലുള്ള മണ്ണൊലിപ്പും ഗണ്യമായ തോതിൽ തന്നെ സംഭവിച്ചിരിക്കാനിടയുണ്ട്.

പഠനം അനിവാര്യം

ഭ്രംശ മേഖലകളിലൂടെ ഭൂഗർഭ ജലം ഒഴുകുന്നത് ലൂബ്രിക്കന്‍റ് പോലെ പ്രവർത്തിച്ച് ഘർഷണം കുറയ്ക്കുന്നതു കാരണം ചില ചലനങ്ങളുണ്ടാകാം. ഇത് വേർതിരിച്ചറിയാൻ സ്ഥലത്ത് പഠനം നടത്തണം. ഭ്രംശ മേഖലകളിലൂടെ ഭൂഗർഭ ജലം ഒഴുകുന്നത് ലൂബ്രിക്കന്‍റ് പോലെ പ്രവർത്തിച്ച് ഘർഷണം കുറയ്ക്കുന്നതു കാരണം ചില ചലനങ്ങളുണ്ടാകാം. ഇത് വേർതിരിച്ചറിയാൻ സ്ഥലത്ത് പഠനം നടത്തണം.

ആഴത്തിലുള്ള ഭ്രംശ രേഖകളിൽനിന്നു വരുന്ന ശബ്ദവും ഭൂഗർഭജലത്തിന്‍റെ ഒഴുക്ക് കാരണമുണ്ടാകുന്ന ശബ്ദവും വ്യത്യസ്തമായിരിക്കും. ഇതു വർഗീകരിച്ച് പഠിച്ചാൽ മാത്രമേ പ്രദേശത്ത് ദുരന്ത സാധ്യത എത്രമാത്രമുണ്ടെന്നും മുൻകരുതൽ നടപടകൾ ഏതളവ് വരെ ആവശ്യമുണ്ടെന്നും മനസിലാക്കാൻ സാധിക്കൂ.

ഉരുൾപൊട്ടൽ ധനസഹായം: കേന്ദ്ര കേരളത്തെ വെല്ലുവിളിക്കുന്നു എന്ന് റവന്യൂ മന്ത്രി

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി