റിപ്ലി മൂങ്ങ, ആർ. സുഗതൻ ചിത്രങ്ങൾ: എൻ.എ. നസീർ
Tech

റിപ്ലി മൂങ്ങയുടെ കഥ, ഒപ്പം സുഗതന്‍റെയും സലിം അലിയുടെയും

അപൂർവ ഇനത്തിൽപ്പെട്ട റിപ്ലി മൂങ്ങയെ കണ്ടെത്തിയ കഥ, ഡോ. ആർ. സുഗതന്‍റെ വാക്കുകളിൽ, ഒപ്പം, അദ്ദേഹത്തിന്‍റെ ഗുരു സാക്ഷാൽ സലിം അലിയുടെ പൈതൃകവും.

അജയൻ

ലോക പ്രശസ്ത പക്ഷി നിരീക്ഷകനായിരുന്ന സലിം അലി തട്ടേക്കാട് പക്ഷി സങ്കേതത്തെ വിശേഷിപ്പിച്ചിട്ടുള്ളത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമൃദ്ധമായ പക്ഷി ആവാസ വ്യവസ്ഥ എന്നാണ്. അവിടത്തെ ഇന്‍റർപ്രറ്റേഷൻ സെന്‍ററിൽ ചെല്ലുന്ന ആരുടെയും ആദ്യ ശ്രദ്ധയാകർഷിക്കുന്ന രണ്ടു കാര്യങ്ങളുണ്ട് - സാക്ഷാൽ സലിം അലിയുടെ ഒരു ചുവർ ചിത്രം, പിന്നെ അപൂർവ ഇനത്തിൽപ്പെട്ട റിപ്ലി മൂങ്ങയുടെ ഒരു ചിത്രം. ഇതു രണ്ടിനും പിന്നിൽ കൗതുകമുണർത്തുന്ന കഥകളുണ്ടെന്ന് സലിം അലിയുടെ ശിഷ്യനും പക്ഷി നിരീക്ഷകനുമായ ആർ. സുഗതൻ പറയുന്നു.

പറമ്പിക്കുളത്തെ പക്ഷി

സിഡ്നി ഡില്ലൺ റിപ്ലി

1970കളുടെ ആദ്യ പകുതിയിലാണ് കഥ നടക്കുന്നത്. സുഗതനും കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്‍റെ ചെയർമാനായിരുന്ന വി.എസ്. വിജയനും സലിം അലിയുടെ ബംഗ്ലാദേശി ശിഷ്യൻ റസാക്ക് ഖാനും ചേർന്ന് പറമ്പിക്കളം കാടുകളിലൂടെയുള്ള ഒരു യാത്രയിലായിരുന്നു. നടത്തത്തിനിടെ വെള്ളം കുടിക്കാൻ നിന്നപ്പോഴാണ് ഒരു കൂട്ടം കുട്ടികൾ ഒരു മൂങ്ങയെ കളിപ്പിക്കുന്നത് കാണുന്നത്. അതിന്‍റെ കാലുകൾ ചരട് കൊണ്ട് കെട്ടിയിരുന്നു.

കാഴ്ച കണ്ട് അസ്വസ്ഥനായ റസാക്ക് ഇടപെട്ട് മൂങ്ങയെ കുട്ടികളിൽനിന്ന് മോചിപ്പിച്ചു. അതിനെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മടക്കി അയയ്ക്കുക എന്ന ലക്ഷ്യത്തോടെ ബാഗിലാക്കി യാത്ര തുടർന്നു. എന്നാൽ, തെള്ളിക്കൽ എത്തുമ്പോഴേക്കും മൂങ്ങ ചത്തുപോയി. എങ്കിലും അതിനെ സ്റ്റഫ് ചെയ്ത്, സലിം അലിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലേക്ക് അയയ്ക്കാൻ മൂവർ സംഘം തീരുമാനിച്ചു.

ബിഎൻഎച്ച്എസിലെ പ്രതിവാര സന്ദർശനങ്ങളിലൊന്നിൽ സ്റ്റഫ് ചെയ്ത പക്ഷിയെ സലിം അലി ഏറ്റുവാങ്ങി. പതിവായി കാണുന്ന തരത്തിലൊരു പക്ഷിയല്ല അതെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ അദ്ദേഹത്തിനു വ്യക്തമായി. പക്ഷിയുടെ ശരീരം സംരക്ഷിച്ച രീതിയിൽ അതൃപ്തനായ സലിം അലിയുടെ ശാസന സുഗതൻ ഏറ്റുവാങ്ങേണ്ടിവന്നു. എന്നാൽ, പക്ഷിയെ കണ്ടെത്തിയ സാഹചര്യവും മറ്റും വിശദീകരിച്ചപ്പോൾ ഗുരു ശാന്തനായി. പക്ഷിയുടെ ശരീരം വിശദമായി പരിശോധിക്കാനും, പ്രത്യേകതകളും നിറഭേദങ്ങളും മനസിലാക്കാനും സുഗതനെ തന്നെ സലിം അലി ചുമതലപ്പെടുത്തി.

വിശദമായ നിരീക്ഷണങ്ങൾ ബ്രിട്ടീഷ് മ്യൂസിയം പോലുള്ള സ്ഥാപനങ്ങളുമായി പങ്കുവച്ചപ്പോഴാണ്, ഇതിനു മുൻപ് രേഖപ്പെടുത്തിയിട്ടില്ലാത്ത ഉപവർഗത്തിൽപ്പെട്ട പക്ഷിയാണിതെന്നു വ്യക്തമാകുന്നത്. ഇതു സ്ഥിരീകരിക്കാൻ വീണ്ടും വർഷങ്ങൾ ദീർഘിച്ച പഠനം ആവശ്യമായിവന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞ് പക്ഷിവർഗത്തിനു പേരിടാൻ സമയമായി.

സലിം അലിയുടെ പേരിൽ തന്നെ അപൂർവ ഇനം മൂങ്ങ അറിയപ്പെട്ടണമെന്ന് നിർദേശം ഉയർന്നു. എന്നാൽ, മറ്റു പല പക്ഷികൾക്കും തന്‍റെ പേരിട്ടിട്ടുള്ളതിനാൽ ഇതിനു മറ്റാരുടെയെങ്കിലും പേരു നൽകാമെന്നായി സലിം അലി. അങ്ങനെ അദ്ദേഹം തന്നെയാണ് അന്ന് സ്മിത്ത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്റ്ററായിരുന്ന സിഡ്നി ഡില്ലൺ റിപ്ലിയുടെ പേര് ഇതിനു നൽകാൻ നിർദേശിക്കുന്നത്. 'ഹാൻഡ്‌ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ്' എന്ന പുസ്തകത്തിന് സലിം അലിയുടെ രചനാ പങ്കാളി കൂടിയായിരുന്നു റിപ്ലി.

പക്ഷിനിരീക്ഷണത്തിന്‍റെ പൈതൃകം

ആർ. സുഗതൻ

കേരളത്തിലെ പക്ഷിനിരീക്ഷണ ശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ ആർ. സുഗതന്‍റെ സ്ഥാനം ശാശ്വതമാണ്, പ്രത്യേകിച്ച് പറമ്പിക്കുളത്തെയും തട്ടേക്കാട്ടെയും ഇന്‍റർപ്രറ്റേഷൻ സെന്‍ററുകളിലൂടെ. സലിം അലിയുമൊത്ത് 18 വർഷത്തോളം ദീർഘിച്ച പക്ഷി നിരീക്ഷണ കാലഘട്ടമാണ് ഇതിനു വിത്തുപാകിയത്. പക്ഷികൾക്ക് ഒരു സൂക്ഷ്മ ആവാസ വ്യവസ്ഥ സൃഷ്ടിക്കുകയും സന്ദർശകർക്ക് അവയെക്കുറിച്ചുള്ള വിശദീകരണങ്ങൾ നൽകുകയും ചെയ്യുക എന്നതായിരുന്നു അടിസ്ഥാന ആശയം.

പറമ്പിക്കുളം കുരിയാർകുറ്റിയിൽ സലിം അലിക്കൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരമാണ് സുഗതൻ ഈ ആശയം പങ്കുവയ്ക്കുന്നത്. സലിം അലി മുംബൈയിലേക്കു മടങ്ങിയ ശേഷം സുഗതൻ ഒട്ടും സമയം കളയാതെ സംസ്ഥാന വനം വകുപ്പ് അധികൃതരെ സമീപിച്ചു. അന്നത്തെ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് സുരേന്ദ്രനാഥ് ആശാരി അടക്കമുള്ള ഉന്നതോദ്യോഗസ്ഥരുടെ പിന്തുണയുടെ ബലത്തിൽ സുഗതൻ പദ്ധതിയുമായി മുന്നോട്ടുപോയി. പറമ്പിക്കുളത്ത് സലിം അലി താമസിച്ചിരുന്ന സ്ഥലം തന്നെയാണ് ഇതിനായി തെരഞ്ഞെടുത്തത്. പദ്ധതിക്ക് തറക്കല്ലുമിട്ടു. എന്നാൽ, ബിഎൻഎച്ച്എസ് ബേഡ് മൈഗ്രേഷൻ പ്രോജക്റ്റുമായി ബന്ധപ്പെട്ട് സുഗതൻ ഇന്ത്യയൊട്ടാകെ സഞ്ചരിക്കുന്ന സമയമായിരുന്നു അത്. അതിനാൽ, പറമ്പിക്കുളത്തെ പദ്ധതിയിൽ കൂടുതൽ ശ്രദ്ധിക്കാൻ അദ്ദേഹത്തിനു സാധിച്ചില്ല. ഒപ്പം, സാമ്പത്തിക പ്രതിസന്ധി കൂടിയായപ്പോൾ പദ്ധതി മരവിച്ച അവസ്ഥ. അങ്ങനെ പണി തുടങ്ങാൻ പിന്നെയും വൈകി.

1985ലാണ് സലിം അലി അവസാനമായി പറമ്പിക്കുളത്ത് വരുന്നത്. തമിഴ്‌നാട് കാർഷിക സർവകലാശാല നൽകിയ ഡോക്റ്ററേറ്റ് സ്വീകരിക്കാനുള്ള യാത്ര. സുഗതനാണ് അന്ന് പ്രസംഗം വായിക്കാൻ സലിം അലിയെ സഹായിച്ചത്. ചടങ്ങിനു ശേഷം ഇരുവരും കൂടി പാലക്കാട്ടേക്ക് തിരിച്ചു. മലമ്പുഴ ഡാമിനടുത്ത് ഒരു പക്ഷി സങ്കേതം സ്ഥാപിക്കുന്നതിനുള്ള സർവേ ആയിരുന്നു ദൗത്യം. അവിടെ നിന്ന് സുഗതന്‍റെ കാറിൽ പറമ്പിക്കുളത്തേക്ക്. കുരിയാർകുറ്റിയിൽ എത്തിയപ്പോൾ, ഇന്‍റർപ്രറ്റേഷൻ സെന്‍റർ സ്ഥാപിക്കാൻ ഇട്ട തറക്കല്ല് കണ്ട് സലിം അലി ചോദിച്ചു, ''എന്‍റെ ജീവിതകാലത്ത് ഇതിന്‍റെ പണി കഴിയുമോ‍?''

വേഗം പൂർത്തിയാക്കാമെന്ന് സുഗതൻ വാക്ക് കൊടുത്തു. വിരമിച്ച ശേഷം സലിം അലിക്ക് ഇവിടെ വന്നു താമസിക്കാൻ വനം വകുപ്പ് സൗകര്യമൊരുക്കുമെന്ന ഉറപ്പും സുഗതൻ നൽകി. എന്നാൽ, ആ വാക്ക് പാലിക്കാനായില്ല, രണ്ട് വർഷം കഴിഞ്ഞ് സലിം അലി മരിക്കുന്ന സമയത്തും ഇന്‍റർപ്രറ്റേഷൻ സെന്‍റർ പൂർത്തിയായിരുന്നില്ല.

അടിസ്ഥാന ആശയത്തിൽ നിന്നു ചെറിയ വ്യതിചലനമുണ്ടായെങ്കിലും, സുഗതന്‍റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ തന്നെ അദ്ദേഹത്തിന്‍റെ ആശയം സാക്ഷാത്കരിക്കപ്പെട്ടു, കോൺക്രീറ്റിൽ. തട്ടേക്കാട്ടും ഒരു ഇന്‍റർപ്രറ്റേഷൻ സെന്‍റർ സ്ഥാപിക്കാനുള്ള സുഗതന്‍റെ ആശയത്തിന് അന്നത്തെ സിസിഎഫ് ടി.എം. മനോഹരന്‍റെ പിന്തുണ കിട്ടി. അദ്ദേഹത്തിന്‍റെ ഓഫിസിലെ തന്നെ മുകൾ നിലയിൽ രണ്ട് മുറികൾ കൂട്ടിച്ചേർത്ത് വലിയൊരു ഹാൾ തയാറാക്കിയാണ് ഇതു സാധ്യമാക്കിയത്. തട്ടേക്കാടിന്‍റെ കഥ പറയാൻ ഇപ്പോഴവിടെ റിപ്ലി മൂങ്ങയുടെയും സലിം അലിയുടെയും ചിത്രങ്ങളുമുണ്ട്.

റിപ്ലി മൂങ്ങയുടെ തിരിച്ചുവരവ്

റിപ്ലി മൂങ്ങ

പ്രാദേശിക സമൂഹവുമായി, പ്രത്യേകിച്ച് കുട്ടികളുമായി ഇടപെടുന്ന രീതിയുണ്ട് ആർ. സുഗതന്. ഇത്തരത്തിലാണ് തട്ടേക്കാട്ട് ഉണ്ടായതുപോലെ കുട്ടികൾ വഴി പക്ഷികളിലേക്കെത്തുന്ന അനുഭവങ്ങളുണ്ടായത്. കാക്കകൾ കൊത്തി പരുക്കേറ്റ നിലയിൽ ഒരു മൂങ്ങയെ റോഡരികിൽനിന്നു കിട്ടിയ ഒരു കുട്ടി അതിനെ ഏൽപ്പിച്ചത് സുഗതനെയാണ്. അദ്ദേഹത്തിന് റിപ്ലി മൂങ്ങയുമായുള്ള രണ്ടാമത്തെ കണ്ടുമുട്ടലായി ഇത്. അന്നത്തെ റേഞ്ചർ ഔസേപ്പിന്‍റെ സഹായത്തോടെ മൂങ്ങയെ പരിചരിച്ചു. സുഗതന്‍റെ ഓഫീസ് ജനാലയിൽ അതിനു വേണ്ടി വലിയൊരു കൂടൊരുക്കി. ആരോഗ്യം വീണ്ടെടുക്കാൻ മാംസാഹരവും കൊടുത്തു.

1992ൽ റിപ്ലി മൂങ്ങയെ കണ്ടെത്തിയ സുഗതന്‍റെ കഥ പത്രത്തിൽ വായിച്ച് പാലായിൽ നിന്നൊരു റബർ ടാപ്പിങ് തൊഴിലാളി അദ്ദേഹവുമായി ബന്ധപ്പെട്ടു. സുഗതന്‍റെ പക്കലുള്ളതിനു സമാനമായൊരു മൂങ്ങ തന്‍റെ കൈയിലുമുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഒട്ടും വൈകാതെ സുഗതനും റേഞ്ചറും കൂടി പാലായിലേക്ക്. മൂങ്ങയെയും കൂട്ടി തിരികെ തട്ടേക്കാടെത്തി. പുതിയതിന്‍റെ നിറത്തിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നു. രണ്ടു മൂങ്ങകളും തമ്മിൽ കൊത്തുകൂടുമെന്ന ആശങ്കയൊക്കെ പെട്ടെന്ന് അകന്നു. രണ്ടു പേരും പെട്ടെന്ന് കൂട്ടുകാരായി. അവരുടെ ബന്ധം അതിനും അപ്പുറത്തേക്കു കടക്കുന്നതു കണ്ടപ്പോഴാണ് സുഗതനു മനസിലായത്, പാലായിൽനിന്നു കൊണ്ടുവന്ന മൂങ്ങ പെണ്ണായിരുന്നു എന്നും അതാണ് നിറവ്യത്യാസത്തിനു കാരണമെന്നും.

മൂങ്ങകൾ കൂടുകൂട്ടുന്ന രീതിയും ഇവയുടെ ഭക്ഷണ ശീലങ്ങളും വ്യക്തമായി അറിയാത്ത സാഹചര്യത്തിൽ, ആരോഗ്യം വീണ്ടെടുത്ത മൂങ്ങകളെ തുറന്നുവിടാൻ തീരുമാനമായി. ഇപ്പോൾ ഈ മേഖലയിൽ റിപ്ലി മൂങ്ങകളുടെ വലിയൊരു സമൂഹം തന്നെയുണ്ടെന്ന് സുഗതൻ ആവേശത്തോടെ പറയുന്നു.

ആദ്യത്തെ ട്രെയിൻ യാത്ര

സലിം അലി

അങ്കമാലി കാലടിക്കടുത്ത് താണിപ്പുഴയിൽ ഒരു കർഷക കുടുംബത്തിലാണ് ആർ. സുഗതന്‍റെ ജനനം. മെക്കാനിക്സിനോടും ഇലക്‌ട്രോണിക്സിനോടും ഒക്കെയായിരുന്നു ചെറുപ്പത്തിൽ താത്പര്യം. ഡൽഹിയിൽ നിന്ന് വിപിപി ആയി സാധനങ്ങൾ വരുത്തി അസംബിൾ ചെയ്യുന്നതൊക്കെ സ്കൂൾ കാലഘട്ടത്തിൽ തന്നെയുള്ള ശീലമായിരുന്നു. ബിരുദ വിദ്യാർഥിയായിരിക്കെ 'സയൻസ് ടുഡേ'യിൽ വായിച്ച ഒരു അഭിമുഖമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിൽ വഴിത്തിരിവായത്. പറന്നു പോകുന്ന രണ്ടു പക്ഷികളും ബൈനോക്കുലറിലൂടെ അവയെ നിരീക്ഷിക്കുന്ന വൃദ്ധനുമായിരുന്നു മാഗസിന്‍റെ കവർ ചിത്രം. പറക്കുന്നത് ഇന്ത്യയിലൂടെയാണെന്നും സൂക്ഷിക്കണമെന്നും കിളി കൂട്ടാളിയോടു പറയുന്നുണ്ട്. ഇന്ത്യയുടെ ബേഡ്‌മാനുമായി അഭിമുഖം എന്ന് ചിത്രത്തിന്‍റെ അടിയിൽ എഴുതിയിരിക്കുന്നു.

സലിം അലിയുമായുള്ള അഭിമുഖം മുഴുവൻ സുഗതൻ വായിച്ചു. ഓർണിത്തോളജിയിൽ താത്പര്യമുള്ളവർക്ക് ബന്ധപ്പെടാൻ സലിം അലിയുടെ പാലി ഹിൽസിലെ വിലാസവും അതിൽ നൽകിയിരുന്നു. ഇലക്‌ട്രോണിക്സും മെക്കാനിക്സുമെല്ലാം മൂലയ്ക്കു വച്ച സുഗതൻ ഒരു പോസ്റ്റ് കാർഡെടുത്ത് അപ്പോൾ തന്നെ സലിം അലിക്കെഴുതി- കൂടെ കൂട്ടണം എന്നായിരുന്നു ആവശ്യം. ആദ്യം ബിരുദ പഠനം പൂർത്തിയാക്കാൻ ഉപദേശിച്ചുകൊണ്ട് മറുപടി വന്നു. അടുത്ത വർഷം ബിരുദം കഴിഞ്ഞ് വീണ്ടും ബന്ധപ്പെട്ടു. ഇക്കുറി മുംബൈക്ക് ക്ഷണം കിട്ടി. യാത്ര ചെയ്യാൻ മാർഗമില്ലെന്ന് അറിയിച്ചപ്പോൾ സലിം അലി ട്രെയിൻ ടിക്കറ്റും അയച്ചുകൊടുത്തു. അതുവരെ എറണാകുളം ജില്ലാതിർത്തി വിട്ടുപോയിട്ടില്ലാത്ത സുഗതൻ അങ്ങനെ വീട്ടുകാരോടു പോലും പറയാതെ മുംബൈക്കു ട്രെയിൻ കയറി. 1972ൽ സലിം അലിയുടെ സവിധത്തിൽ, സുഗതന്‍റെ ജീവിതത്തിന് രൂപരേഖ നൽകിയ കൂടിക്കാഴ്ച.

ടോപ്പ് സ്ലിപ്പിന്‍റെ കഥ

ആർ. സുഗതൻ

സലിം അലിയുമൊത്തുള്ള യാത്രകളും സജീവമായ സംഭാഷണങ്ങളുമെല്ലാം സുഗതൻ പ്രിയതരമായി ഓർത്തിരിക്കുന്നു. പറമ്പിക്കുളത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പ്രത്യേകിച്ചും. പറമ്പിക്കുളത്തെ ചാലക്കുടിയുമായി ബന്ധിപ്പിച്ചിരുന്ന ട്രാംവേയെക്കുറിച്ചൊക്കെ സലിം അലി വലിയ താത്പര്യത്തോടെ സംസാരിച്ചിരുന്നു. പല ഭാഗങ്ങളിലും ഈ ട്രാംവേയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം.

പശ്ചിമഘട്ടത്തിന്‍റെ കിഴക്കേ ചരിവിൽ, തമിഴ്‌നാട്ടിലെ മഴനിഴൽക്കാടുകളിലെല്ലാം തേക്കും വീട്ടിയും സമൃദ്ധമായിരുന്ന കാലത്തായിരുന്നു ട്രാംവേയുടെ പ്രതാപം. ബ്രിട്ടീഷ് ഭരണകാലത്ത് ഈ തടികൾ വെട്ടി ബ്രിട്ടനിലേക്കു കൊണ്ടുപോയിരുന്നു. തമിഴ്‌നാട്ടിൽ നിന്നു വെട്ടുന്ന തടി കാളകളുടെയും കുതിരകളുടെയും സഹായത്തോടെ പ്രത്യേക സ്ഥലങ്ങളിലെത്തിച്ച ശേഷം പടിഞ്ഞാറേ ചെരുവിലുള്ള ട്രാംവേ ടെർമിനലുകളിലേക്ക് നിരക്കി ഇറക്കുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിലുള്ള ഉയർന്ന സ്ഥലങ്ങളാണ് പശ്ചിമ ഘട്ടത്തിലെ കാടുകളിൽ ടോപ്പ് സ്ലിപ്പുകൾ എന്നറിയപ്പെടുന്നത്.

പറമ്പിക്കുളം ഡാം നിർമിച്ചപ്പോൾ, ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്ന ട്രാംവേ ടെർമിനലുകളൊക്കെ വെള്ളത്തിനടിയിലായി. എന്നാൽ, പഴയകാല ബംഗ്ലാവുകളൊക്കെ ഉയർന്ന പ്രദേശങ്ങളിലേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോഴും അവയൊക്കെ വനം വകുപ്പിന്‍റെ ഗസ്റ്റ് ഹൗസുകളായി പ്രവർത്തിക്കുന്നു. സ്ഥലം മാറിയെങ്കിലും അവയിലൂടെ സംരക്ഷിക്കപ്പെടുന്നത് വലിയൊരു ചരിത്രമാണ്.

എഴുപത്തിനാല് വയസായ സുഗതൻ ഇപ്പോഴും വിവിധ പദ്ധതികളിൽ സജീവമാണ്. കാടുമായി നേരിട്ടു ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ കുറവാണെങ്കിലും, തട്ടേക്കാട് അടക്കമുള്ള സ്ഥലങ്ങളിലെ ക്ലാസുകൾ വഴി തന്‍റെ അപാരമായ പക്ഷി വിജ്ഞാനം പുതുതലമുറയ്ക്കു പകർന്നുകൊടുക്കുന്നു. ഇതുകൂടാതെ കൃഷിയിലും സജീവം. ഒരു മാർഗദർശി എന്ന നിലയിലുള്ള ആർ. സുഗതന്‍റെ പ്രസക്തിക്കു തെളിവാണ് അദ്ദേഹത്തിന്‍റെ പല ശിഷ്യരും നേടിയ പിഎച്ച്ഡികൾ. മറ്റു നിരവധി പേർ ഇപ്പോഴും ഉപദേശ നിർദേശങ്ങൾക്കായി നിരന്തരം ബന്ധപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. എഴുത്തുകാരൻ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞ സുഗതൻ നിരവധി പുസ്തകങ്ങളും രചിച്ചു. 'ബേർഡ്സ് ഓഫ് കേരള' എന്ന തന്‍റെ ഗുരു സലിം അലിയുടെ പുസ്തകം പുതുക്കുക എന്ന വിശാല ലക്ഷ്യവും ഏതാനും വർഷം മുൻപ് അദ്ദേഹം പൂർത്തിയാക്കി.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?