ഷാർജ: ഷാർജയിലെ ആദ്യ സ്വതന്ത്ര കടൽവെള്ള ശുദ്ധീകരണ പദ്ധതി യാഥാർഥ്യമാവുന്നു. സൗദി അറേബ്യയിലെ എസിഡബ്ല്യുഎ പവറുമായി ഇത് സംബന്ധിച്ച കരാറിൽ ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി ഒപ്പുവെച്ചു. എമിറേറ്റിലെ വർധിച്ച് വരുന്ന കുടിവെള്ള ആവശ്യത്തിന് പരിഹാരം കണ്ടെത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ പദ്ധതി നിലവിൽ വരുന്നത്.
സീവാട്ടർ റിവേഴ്‌സ് ഓസ്മോസിസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കടൽ വെള്ളം ശുദ്ധീകരിക്കുന്നത്. 2027 രണ്ടാം പാദമാകുമ്പോഴേക്കും പ്രതിദിനം 2,72,000 ക്യുബിക് മീറ്റർ വെള്ളം ശുദ്ധീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 2028 മൂന്നാം പാദത്തിൽ പൂർണ പ്രവർത്തന ശേഷി കൈവരിക്കുന്നതോടെ പ്രതിദിനം 4,10,000 ക്യുബിക് മീറ്റർ കുടിവെള്ളം ഉത്പാദിപ്പിക്കാനാവും. 1.4 മില്യൺ ആളുകൾക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
വൻ മുതൽമുടക്കിൽ അൽ ഹംരിയ്യയിലാണ് പുതിയ സാങ്കേതിക വിദ്യയിൽ പദ്ധതി യാഥാർഥ്യമാവുന്നതെന്ന് സീവ ഡയറക്ടർ ജനറൽ അബ്ദുള്ള അബ്ദുൾ റഹ്മാൻ അൽ ഷംസി പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമെന്ന് എസിഡബ്ല്യുഎ പവർ സിഇഒ മാർക്കോ ആർസെല്ലി പ്രതികരിച്ചു.