വാഷിങ്‌ടൺ: ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിന്‍റെയും ബുഷ് വിൽമോറിന്‍റെയും മടക്കയാത്രയ്ക്ക് 2025 ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവരുമെന്നു നാസ. ഇവരെ തിരികെയെത്തിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അമെരിക്കൻ ബഹിരാകാശ ഏജൻസി. ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പെയ്സ് എക്സിന്‍റെ പേടകത്തെയാകും മടക്കയാത്രയ്ക്ക് ആശ്രയിക്കുക.
എട്ട് ദിവസത്തെ പരീക്ഷണ യാത്രയ്‌ക്ക് കഴിഞ്ഞ ജൂണിൽ സ്റ്റാർലൈനറിന്‍റെ പേടകത്തിലാണു സുനിതയും വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, പേടകത്തില്‍ ഹീലിയം ചോർച്ചയും ത്രസ്റ്റർ പ്രശ്‌നങ്ങളും കണ്ടെത്തിയത് മടക്കയാത്രയ്ക്ക് തടസമായി.
സ്റ്റാർലൈനറിന്‍റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇരുവരെയും വേഗം തിരിച്ചെത്തിക്കാൻ നാസ ശ്രമിച്ചെങ്കിലും ഇതു വിജയിച്ചില്ല. തുടർന്നാണ് സ്പെയ്സ് എക്സിനെ ആശ്രയിക്കാൻ തീരുമാനിച്ചത്. എളുപ്പത്തിലെടുക്കാനാവുന്നതല്ലെങ്കിലും ശരിയായ തീരുമാനമാണിതെന്നു നാസയുടെ അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർ ജിം ഫ്രീ പറഞ്ഞു.
സാങ്കേതികത്തകരാറുകൾ മൂലം പലതവണ മാറ്റിവച്ചശേഷമായിരുന്നു ജൂണിൽ സ്റ്റാർലൈനർ വിക്ഷേപിച്ചത്. മൂന്നാം ശ്രമത്തിലാണ് പേടകത്തിന് ലിഫ്റ്റ് ഓഫ് ലഭിച്ചത്.
ഇന്ത്യൻ വംശജയായ സുനിത വില്യംസിന്‍റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. 2006ലായിരുന്നു ആദ്യ യാത്ര. രണ്ടാമത്തേത് 2012ൽ. ഒരു വര്‍ഷത്തോളം ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. യുഎസ് നേവിയിലെ മുൻ ക്യാപ്റ്റനായ ബുഷ് വിൽമോർ 178 ദിവസം ബഹിരാകാശത്ത് ചെലവിട്ടിട്ടുണ്ട്.