ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് നീങ്ങിയതോടെ പ്രതിസന്ധിയില്‍ ആടിയുലഞ്ഞ പുതുതലമുറ ടെക്നോളജി കമ്പനികള്‍ നില മെച്ചപ്പെടുത്തുന്നു. വിദേശ ഫണ്ടുകളുടെ അനുകൂല നിലപാടുകള്‍ മൂലം വിപണിയില്‍ നിന്ന് അധികം മൂലധനം സമാഹരിക്കാന്‍ കഴിഞ്ഞതും ചെലവുകള്‍ ചുരുക്കി ബിസിനസ് വിപുലീകരിച്ചതും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ മുന്‍നിര ടെക്നോളജി കമ്പനികളെ സഹായിച്ചുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്‍നിര ടെക്നോളജി കമ്പനികള്‍ പലതും ജീവനക്കാരുടെ എണ്ണം 20 ശതമാനം മുതല്‍ 50 ശതമാനം വരെ കുറച്ചിരുന്നു. ഇതോടൊപ്പം വിപണന, പരസ്യ പ്രചാരണങ്ങള്‍ക്കുള്ള ബജറ്റ് വെട്ടിക്കുറയ്ക്കാനും ഡെലിവറി ചെലവുകള്‍ പരമാവധി നിയന്ത്രിക്കാനും ശ്രമിച്ചതോടെ മുന്‍നിര ടെക്ക് കമ്പനികള്‍ക്ക് പ്രവര്‍ത്തന ലാഭത്തിലാകാന്‍ കഴിഞ്ഞെന്ന് അനലിസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ലിസ്റ്റ് ചെയ്ത മുന്‍നിര കമ്പനികളായ പേടിഎം, സൊമാറ്റോ, സ്വിഗ്ഗി, നൈക്ക, പോളിസി ബസാര്‍, ഡെല്‍ഹിവറി തുടങ്ങിയവയുടെ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ സജീവ താത്പര്യം പ്രകടിപ്പിച്ചു.
കഴിഞ്ഞ ആറു മാസത്തിനിടെ മുന്‍നിര സ്റ്റാര്‍ട്ടപ്പുകളുടെ വിപണി മൂല്യത്തില്‍ 30 മുതല്‍ 50 ശതമാനം വരെ വർധനയാണുണ്ടായത്. അമെരിക്കയിലും യൂറോപ്പിലും മാന്ദ്യം ശക്തമായതോടെ പുറത്തു നിന്നുള്ള മൂലധന ഒഴുക്ക് ഗണ്യമായി കുറഞ്ഞതോടെയാണ് കഴിഞ്ഞവര്‍ഷം പകുതിയോടെ പുതുതലമുറ ടെക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് മൂക്കുകുത്തിയത്. കൊവിഡിന് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ പലതും പിന്നീട് പിടിച്ചു നില്ക്കാന് പോലും പറ്റാത്ത സാഹചര്യത്തിലായി. വിദേശ, ആഭ്യന്തര ഫണ്ടുകളില്‍ നിന്നുള്ള പണമൊഴുക്ക് നിന്നതാണ് മുന്‍നിര സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നിലനില്‍പ്പ് പ്രതിസന്ധി സൃഷ്ടിച്ചത്.
വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍ മുതല്‍ റീട്ടെയ്ല്‍ നിക്ഷേപകര്‍ വരെ വന്‍തോതില്‍ പണം മുടക്കിയ മുന്‍നിര സ്റ്റാര്‍ട്ടപ്പുകള്‍ ദൈനംദിന ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ വലഞ്ഞിരുന്നു. കൃത്യമായ ബിസിനസ് മോഡലുകളില്ലാതെ പണം സമാഹരിക്കാന്‍ വേണ്ടി മാത്രം ലക്ഷ്യമിട്ട് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളാണ് ഈ മേഖലയെ കുഴപ്പത്തിലാക്കിയതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വര്‍ഷത്തെ അവസാന ത്രൈമാസ കാലയളവില്‍ സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങില്‍ 75 ശതമാനം കുറവാണുണ്ടായത്. ഇക്കാലയളവില്‍ വിവിധ സ്റ്റാര്‍ട്ടപ്പുകളിലേക്ക് 200 കോടി ഡോളറിന്റെ നിക്ഷേപം മാത്രമാണ് ഒഴുകിയെത്തിയത്.
ആഗോള വിപണിയില്‍ നാണയപ്പെരുപ്പം രൂക്ഷമായതോടെ തിരുത്തല്‍ നടപടിയായി ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതാണ് സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള പണമൊഴുക്കിനെ പ്രതികൂലമായി ബാധിച്ചത്. അമെരിക്കയിലും യൂറോപ്പിലും പലിശ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും രാജ്യാന്തര ഫണ്ടുകള്‍ വന്‍തോതില്‍ പണം പിന്‍വലിക്കാന്‍ തുടങ്ങി.
എന്നാല്‍ മാര്‍ച്ച് മുതല്‍ ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് മെച്ചപ്പെട്ടതോടെ സൊമാറ്റയും സ്വിഗിയും പേടിഎമ്മും അടക്കമുള്ള കമ്പനികളുടെ ഓഹരി വില തുടര്‍ച്ചയായി മുകളിലേക്ക് നീങ്ങി. ഇതോടൊപ്പം ആഭ്യന്തര വിപണിയിലെ അനുകൂല സാഹചര്യങ്ങളും കമ്പനികളുടെ ലാഭക്ഷമത ഉയര്‍ത്തി.
അതേസമയം ബംഗളൂരു ആസ്ഥാനമായ വിദ്യാഭ്യാസ ടെക്ക് കമ്പനിയായ ബൈജൂസ് ഇപ്പോഴും കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുകയാണ്. കഴിഞ്ഞദിവസം കമ്പനിയുടെ മൂന്ന് ഡയറക്റ്റര്‍മാര്‍ ബോര്‍ഡില്‍ നിന്നും രാജി വെച്ചിരുന്നു. വിപണിയില്‍ നിന്ന് പണം സമാഹരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ തുടരുകയാണ്.