വാഷിങ്ടൺ: ലോകത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സൗന്ദര്യപ്പട്ടം സ്വന്തമാക്കി മൊറോക്കൻ എഐ നിർമിതിയായ കെൻസ ലെയ്ലി. 1500 ലധികം എഐ നിർമിത സുന്ദരികളോട് മത്സരിച്ചാണ് ആക്റ്റിവിസ്റ്റ്, ഇൻഫ്ലുവൻസർ എന്നീ മേഖലകളിൽ ശ്രദ്ധേയയായ കെൻസ സൗന്ദര്യ കിരീടം ചൂടിയത്. മെറിയം ബെസ്സയാണ് കെൻസയെ നിർമിച്ചത്. 20,000 ഡോളറാണ് സമ്മാനത്തുക. ഹിജാബ് ധരിച്ചെത്തുന്ന കെൻസയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം 193,000 ഫോളോവേഴ്സ് ആണുള്ളത്. മൊറോക്കൻ സമൂഹവുമായി ബന്ധപ്പെട്ടാണ് കെൻസയുടെ പ്രവർത്തനങ്ങൾ. മൊറോക്കോയിലെയും മിഡിൽ ഈസ്റ്റിലെയും സ്ത്രീശാക്തീകരണമാണ് കെൻസയുടെ ലക്ഷ്യം.
മൊറോക്കോയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പൂർണമായും ഉൾക്കൊണ്ടാണ് കെൻസയെ നിർമിച്ചിരിക്കുന്നത്. പ്രേക്ഷകരുമായി 7 ഭാഷകളിൽ കെൻസ സംവദിക്കും. 24 മണിക്കൂറും ആക്റ്റീവുമാണ്. 100 ശതമാനം എഐ മാത്രം ഉപയോഗിച്ചുള്ള വിവിധ സാങ്കേതിക വിദ്യകളാലാണ് കെൻസയുടെ രൂപവും ശബ്ദവും നിർമിച്ചിരിക്കുന്നത്.
ഫ്രാൻസിനെ പ്രതിനിധീകരിച്ചിരുന്ന ലാലിന വാലിന, പോർച്ചുഗലിനെ പ്രതിനിധീകരിച്ചിരുന്ന ഒലീവിയ സി എന്നിവരും പരാമർശിക്കപ്പെട്ടു. രൂപം, ഓൺലൈൻ ഇൻഫ്ലുവൻസ്, സാങ്കേതിക വിദ്യയിലെ സങ്കീർണത എന്നിവയെല്ലാം കണക്കിലെടുത്താണ് എഐ മിസ് ബ്യൂട്ടി കിരീടം പ്രഖ്യാപിച്ചത്.
അവസാന പത്തു പേരുടെ പട്ടികയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്ന സാറാ ശതാവരിയും ഇടം പിടിച്ചിരുന്നു. രാഹുൽ ചൗധരിയാണ് സാറയെ നിർമിച്ചിരുന്നത്.
പ്രധാനമായും ആരോഗ്യം, ഫാഷൻ ട്രെൻഡുകൾ എന്നിവയെയാണ് സാറാ കൈകാര്യം ചെയ്തിരുന്നത്. യാത്രയും ഫാഷനും ഇഷ്ടപ്പെടുന്ന ആരോഗ്യബോധമുള്ളയാൾ എന്നാണ് ഇൻസ്റ്റയിൽ സാറ വ്യക്തമാക്കിയിരിക്കുന്നത്. 7,914 ഫോളോവേഴ്സാണ് ഇൻസ്റ്റയിൽ സാറയ്ക്കുള്ളത്.