പച്ച വാൽനക്ഷത്രത്തിനു ശേഷം മറ്റൊരു അത്ഭുത കാഴ്ച്ചയൊരുക്കി ആകാശം. മാർച്ച് അവസാന ആഴ്ച്ചയിലാണ് അത്ഭുതക്കാഴ്ച്ച ഒരുങ്ങുന്നത്. എന്താണെന്നല്ലെ...?? മാർച്ച് 28 ന് ആകാശത്ത് 5 ഗ്രഹങ്ങളെ ഒന്നിച്ച് കാണാനാകും.
ചൊവ്വ, ശുക്രൻ, വ്യാഴം, ബുധൻ, യുറാനസ് (Mars, Venus, Jupiter, Mercury, and Uranus) എന്നീ ഗ്രഹങ്ങളെ ഒറ്റനോട്ടത്തിൽ കാണാന്‍ സാധിക്കും. 5 ഗ്രഹങ്ങളും അക്ഷരാർത്ഥത്തിൽ ഒരു നേർരേഖയിലായിട്ടല്ല, മറിച്ച് ഒരു വളവ് പോലെയായിരിക്കും ദൃശ്യമാവുക എന്നാണ് റിപ്പോർട്ടുകൾ. മെർക്കുറിയെക്കാൾ പ്രകാശിച്ച് ജൂപ്പിറ്റർ കാണപ്പെടും.
5 ഗ്രഹങ്ങളിൽ ഏറ്റവും പ്രകാശം വീനസിനായിരിക്കും. ഇതിനെ നഗ്നനേത്രങ്ങളാൽ കാണാനാകും. മറ്റ് ഗ്രഹങ്ങളേയും കാണാന്‍ സാധിക്കുമെങ്കിലും വീനസിന്‍റെ അത്ര തെളിച്ചം ഉണ്ടാകില്ല. വിഷ്വൽ എയ്ഡ്സ് ഇല്ലാതെ യുറാനസിനെ കാണാനാകും. എന്നാൽ മാർസിനെ കാണാനാകും ഏറ്റവും പ്രയാസം. വളരെ ഉയരത്തിൽ ദൃശ്യമാകുന്ന മാർസിന് ശ്രദ്ധേയമായ നിറമുണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
രാത്രി ആകാശം കാണാൻ ഇഷ്ടപ്പെടുന്നവർക്കും, ബഹിരാകാശ കാഴ്ച്ചകളിൽ താൽപ്പര്യമുള്ളവർക്കും ഇതൊരു അപൂർവകാഴ്ച ആയിരിക്കുമെന്നു നാസ പറയുന്നു. നേരത്തെ മാർച്ച് 1 2023 ന് വീനസും ജൂപിറ്ററും നേർരേഖയിൽ ഒരുമിച്ച് എത്തിയിരുന്നു.
ഗ്രഹ വിന്യാസങ്ങൾ (planetary alignments) തന്നെ അപൂർവമാണെങ്കിലും, 5 ഗ്രഹങ്ങൾ ഒരേസമയം നക്ഷത്ര നിരീക്ഷകരെ അമ്പരപ്പിച്ചിട്ട് ഒരു വർഷത്തിൽ താഴെ മാത്രമേ ആയിട്ടുള്ളൂ. അന്ന്, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി (Mercury, Venus, Mars, Jupiter, and Saturn) എന്നിവ ലോകത്തിന്‍റെ ഭൂരിഭാഗത്തും ദൃശ്യമായിരുന്നു.