കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടിയെന്ന വിശേഷണത്തിനര്‍ഹമായ അഗസ്ത്യാര്‍കൂടം കയറാന്‍ അവസരമൊരുങ്ങുന്നു. ഈ വര്‍ഷത്തെ അഗസ്ത്യാര്‍കൂടം സീസണല്‍ ട്രെക്കിംഗ് ജനുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെ. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെക്കിങ് റൂട്ട് കൂടിയാണിത്.
ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമേ ട്രെക്കിംഗ് അനുവദിക്കൂ. വനംവകുപ്പിന്‍റെ www.forest.kerala.gov.in വെബ്സൈറ്റില്‍ ഈ മാസം 10 മുതല്‍ ബുക്ക് ചെയ്യാം. ഒരു ദിവസം 70 പേര്‍ എന്ന കണക്കില്‍ തുടങ്ങും. ഒരു ദിവസം 30 പേരില്‍ കൂടാതെ ഓഫ്‌ലൈന്‍ ബുക്കിങും ചെയ്യാം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡിയും അപ്ലോഡ് ചെയ്യേണ്ടതാണ്. ഓഫ് ലൈന്‍ ബുക്കിംഗ്, ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്‍റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസ് എന്ന് വനംവകുപ്പ് അറിയിച്ചു. ബോണക്കാട്, അതിരുമല എന്നിവിടങ്ങളില്‍ ഇക്കോ ഡെവലപ്മെന്‍റ് കമ്മിറ്റിയുടെ കാന്‍റീനുകളുണ്ടാകും.
14 വയസിനു മുതൽ 18 വയസു വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്‍റെ അനുമതി പത്രത്തോടൊപ്പമോ മാത്രമാണ് യാത്ര അനുവദിക്കൂ. 7 ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുന്‍പായി ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പുവരുത്തണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വയ്ക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
വിശദവിവരങ്ങള്‍ക്ക്: വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം: 0471-2360762.