ന്യൂഡൽഹി: ഡൽഹി- ഗോവ ഇൻഡിഗോ വിമാനം മണിക്കൂറുകളോളം വൈകിയതോടെ റൺവേയിൽ ഇറങ്ങിയിരുന്ന് ഭക്ഷണം കഴിച്ചും വിശ്രമിച്ചും പ്രതിഷേധിച്ച് യാത്രക്കാർ. റൺവേയിൽ യാത്രക്കാർ ഇരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജനുവരി 14ന് രാവിലെ 9.15ന് യാത്ര ഡൽഹിയിൽ നിന്ന് യാത്ര തിരിക്കേണ്ടിയിരുന്ന ഇൻഡിഗോ വിമാനം മണിക്കൂറുകളോളമാണ് വൈകിയത്.ജനുവരി 15ന് ഉച്ച കഴിഞ്ഞ് വിമാനം യാത്ര ആരംഭിച്ചെങ്കിലും 5 മണിയോടെ മുംബൈ വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു. ഇതാണ് യാത്രക്കാരെ അസ്വസ്ഥരാക്കിയത്. ഡൽഹിയിലെ മൂടൽമഞ്ഞാണ് വിമാനം വൈകാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
6ഇ2195 എന്ന ഫ്ലൈറ്റിലെ യാത്രക്കാരാണ് കാത്തിരുന്ന് മടുത്ത് ഒടുവിൽ റൺവേയിൽ ഇറങ്ങിയിരുന്ന് കൈയിൽ കരുതിയ ഭക്ഷണം കഴിച്ചത്. ചിലർ റൺവേയിൽ കിടന്ന് വിശ്രമിക്കുന്നതും വിഡിയോയിൽ ഉണ്ട്.
ഇൻഡിഗോ ഫ്ലൈറ്റ് വൈകുമെന്ന് അറിയിച്ച പൈലറ്റിനെ യാത്രക്കാരൻ മർദിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെയാണ് റൺവേയിലെ ഡിന്നറിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിരിക്കുന്നത്.