എല്ലാ ദിവസവും തുടർച്ചയായി ഒരേ സമയം അലാറം അടിച്ചാൽ എങ്ങനെയുണ്ടാകും. അലാറത്തിന്‍റെ ശബ്ദം കേൾക്കാന്‍ ഇഷ്ടമില്ലാത്ത ആളുകളാണ് നമ്മളിൽ പലരുമെങ്കിലും ഒരിക്കൽ പോലും സെറ്റ് ചെയ്യാത്ത അലാറമാണ് അടിക്കുന്നതെങ്കിലോ...!!! ഇതൊരു സിനിമാ കഥയല്ല. യുകെയിൽ നിന്നുള്ള എയ്ഞ്ചല സോഫിയയാണ് കഴിഞ്ഞ 5 വർഷമായി താൻ സ്ഥിരമായി അനുഭവിച്ചു വരുന്ന ഒരു 'ശല്യത്തെക്കുറിച്ച്' തുറന്ന് പറഞ്ഞത്.
ടിക് ടോക്കിലെ ഒരു വീഡിയോയിലാണ് സോഫിയ ഈ പ്രശ്നത്തെക്കുറിച്ച് വിവരിച്ചത്. "പെട്ടന്നൊരു ദിവസം എന്‍റെ അലാറം 9.25ന് ആടിക്കുകയായിരുന്നു. ഇത് 5 വർഷത്തോളമായി തുടരുന്നു. എന്നാൽ താന്‍ ഒരിക്കൽ പോലും അലാറം ഷെഡ്യൂൾ ചെയ്തിട്ടില്ല. എല്ലാ ദിവസവും രാവിലെ അലാറം അടിക്കും. ഫോൺ സൈലന്‍റ് മോഡിലാണെങ്കിൽ മാത്രം ശബ്ദമുണ്ടാക്കില്ല. ഇത് കേട്ട് ആപ്പിൾ ജീവനക്കാർ പോലും ഞെട്ടി. എന്‍റെ ഐഫോണിന് കാര്യമായ തകരാറ് ബാധിച്ചിട്ടുണ്ട്", ഏഞ്ചൽ സോഫിയ വീഡിയോയിൽ പറയുന്നു.
ഹൊറർ ഫാന്‍റസി കഥകൾ ഇഷ്ടമുള്ള ആളുകൾ ഇതിനകം പല കഥകളും തലയിൽ മെനഞ്ഞു കഴിഞ്ഞു കാണും, അല്ലേ...?? അതു തന്നെയാണ് എയ്ഞ്ചലയ്ക്കും തോന്നിയത്.
"ഞാന്‍ മരിക്കാന്‍ പോവുകയാണോ. എന്നാണ് ഈ അലറാം അടിച്ച് തുടങ്ങിയ ആദ്യ ദിനങ്ങളിൽ തോന്നിയത്. എന്നാൽ, ഇതിലും വിചിത്രമായ കാര്യമെന്താണെന്നു വച്ചാൽ, ഞാൻ വാങ്ങുന്ന എല്ലാ ഐഫോണുകളിലും ഇത് സംഭവിക്കുന്നുണ്ട്. ആപ്പിൾ ജീവനക്കാരും ഒരുപാട് ശ്രമിച്ചതാണ്.എന്നിട്ടും അലാറം ഓഫ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല'', സോഫിയ പറയുന്നു. അങ്ങനെയാണ് ടിക്ടോക്കിൽ ആളുകളുടെ സഹായം തേടിയത്.
വീഡിയോക്ക് താഴെ നിരവധി ആളുകളാണ് പലതരത്തിലുള്ള ഉപദേശങ്ങളുമായി എത്തിയത്. എന്നാൽ ഒന്നുപോലും പ്രശ്നത്തിനുള്ള പരിഹാരമായില്ല.
“ഈ ഘട്ടത്തിൽ എനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ ആത്മാർത്ഥമായി മനസിലാക്കുന്നു” സോഫിയ പിന്നീട് ഒരു വീഡിയോയിൽ പറഞ്ഞു. എന്നിരുന്നാലും താന്‍ ഫോൺ ഒരിക്കലും ഫാക്ടറി റീസെറ്റ് ചെയ്യില്ലെന്നും പറയുന്നുണ്ട്. അതിന് 2 വാദങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. “ഒന്ന്, 9:25 ന്‍റെ അലാറം തന്‍റെ പക്കലുള്ള ഒന്നും നഷ്ടപ്പെടുത്താൻ പര്യാപ്തമല്ല, രണ്ട്, ഞാൻ ഫാക്ടറി റീസെറ്റ് ചെയ്താൽ അലാറം വിജയിക്കും."