വിവിധ തരം സാമൂഹിക വിഷയങ്ങളിലൂന്നിയ ഫോട്ടോ ഷൂട്ടുകൾ ഇന്ന് വളരെ സുപരിചിതമാണ്. ഒരോ ചിത്രത്തിനും ഒരുപാട് ആശയങ്ങളെ വികസിപ്പിക്കാനാവും. ഇപ്പോഴിതാ ട്രാൻസ് കമ്യൂണിറ്റി നേരിടുന്ന പ്രശ്നങ്ങളെയും വിവേചനങ്ങളെയും ഫോട്ടോഷൂട്ടിലൂടെ തുറന്നു കാട്ടുകയാണ് സംവിധായകനും ഡിസൈനറുമായ ദിൽജിൻ കൃഷ്ണൻ. ട്രാൻസ് ആക്‌ടിവിസ്റ്റായ ശീതൾ ശ്യമിനെ മോഡലാക്കി അറവാണി എന്ന പേരിലാണ് ഫോട്ടോഷൂട്ട്. ട്രാൻസായ വധു പാതി ഒരുങ്ങി അവരുടെ വരനായി കാത്തുനിൽക്കുന്നതാണ് ഫോട്ടോഷൂട്ടിലുള്ളത്.
തമിഴ്‌നാട്ടില്‍ നടക്കുന്ന കൂവഗം ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റിവലിനെ അടിസ്ഥാനമാക്കിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. അറവന്‍ എന്ന ദൈവം ട്രാന്‍സ് വ്യക്തികളെ ഒരു ദിവസത്തേക്ക് വിവാഹം കഴിക്കും. തൊട്ടടുത്ത ദിവസം വിവാഹമോചനവും നേടും. വിവിധ ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ ഈ ആഘോഷത്തിന്‍റെ ഭാഗമാകാനെത്തും. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുള്ളവരായിരിക്കും ഇവരിൽ അധികവും. എന്നാൽ ട്രാൻസ് വ്യക്തികളെ വിവാഹം കഴിക്കാൻ ആരും തയാറാവില്ല. ഇത്തരമൊരു പ്രശ്നത്തിന് ആശ്വാസമെന്ന വിധമാണ് ഈ ആചാരം നടക്കുന്നത്.
ഇത്തരമൊരു ആചാരം ഇനി ആവശ്യമില്ലെന്ന കാഴ്ചപ്പാടാണ് ആരവാണി എന്ന ഫോട്ടോഷൂട്ടിലൂടെ മുന്നോട്ട് വയ്ക്കുന്നത്. ഒരു അറവന് വേണ്ടിയും ഇനി ട്രാന്‍സ് വ്യക്തികള്‍ കാത്തിരിക്കേണ്ടെന്നും ആരേയും വിവാഹം കഴിക്കാനുള്ള അവകാശം ഏതൊരു സാധാരണ മനുഷ്യനേയും പോലെ അവര്‍ക്കുമുണ്ടെന്നുമെന്ന സന്ദേശമാണ് ഫോട്ടോഷൂട്ടിലൂടെ നൽകുന്നത്.
'അവള്‍ ഒരു ഈയാംപാറ്റയല്ല. ഓരോ ദിവസവും അവള്‍ ജീവിക്കും. ഉറക്കെ ചിരിക്കും. ഇഷ്ടമുള്ളവരെയെല്ലാം സ്‌നേഹിക്കും. അറവാണി, ആ പേര് കാലങ്ങള്‍ക്ക് മുന്നേ അവള്‍ ഉപേക്ഷിച്ചു. ഒരു അറവനേയും ഇനി കാത്തിരിക്കേണ്ട. ഒരു അറവന്‍റേയും സ്വീകാര്യതയും വേണ്ട. അസ്തിത്വത്തെ കുറിച്ചോര്‍ത്ത് അവള്‍ ഇനി ദു:ഖിക്കേണ്ടതില്ല. അവള്‍ മറ്റൊരാളാല്‍ സ്‌നേഹിക്കപ്പെടും.അവളും മറ്റൊരാളെ സ്‌നേഹിക്കും. ആരെയെങ്കിലും വിവാഹം കഴിക്കും.' - ഫോട്ടോഷൂട്ടിനൊപ്പമുള്ള കുറിപ്പിൽ ദിൽജിൻ കുറിച്ചു.