ഇൻസ്റ്റഗ്രാം റീൽ, മുറിപ്പല്ല്; രാജകുമാരിക്ക് തിരിച്ചുകിട്ടിയത് സഹോദരനെ 
Trending

ഇൻസ്റ്റഗ്രാം റീൽ, മുറിപ്പല്ല്; രാജകുമാരിക്ക് തിരിച്ചുകിട്ടിയത് സഹോദരനെ

ലക്നൗ: ഇൻസ്റ്റഗ്രാം റീലുകളിലൂടെ കണ്ണോടിച്ചപ്പോൾ രാജകുമാരി എന്ന യുവതിക്കു തിരിച്ചുകിട്ടിയത് 18 വർഷം മുൻപു നഷ്ടമായ സഹോദരനെ. അതിനു സഹായിച്ചത് അനുജൻ ബാൽഗോവിന്ദിന്‍റെ മുൻവരിയിലെ മുറിപ്പല്ല്. കാലം വേർപെടുത്തിയ സഹോദരങ്ങളെ സമൂഹമാധ്യമം കൂട്ടിച്ചേർത്ത കഥപറയുന്നത് ഉത്തർപ്രദേശിലെ കാൺപുരിനു സമീപം ഹാഥിപുർ ഗ്രാമം.

18 വർഷം മുൻപ് നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം ജോലി തേടി മുംബൈയ്ക്കു പോയതാണ് രാജകുമാരിയുടെ സഹോദരൻ ബാൽ ഗോവിന്ദ്. സുഹൃത്തുക്കളെല്ലാം ഇടയ്ക്കു നാട്ടിലെത്തിയെങ്കിലും ബാൽഗോവിന്ദിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. വീട്ടുകാർ അന്വേഷിച്ചു മടുത്തു.

ഇതേസമയം, ബാൽഗോവിന്ദിന്‍റെ ജീവിതം മുംബൈയിൽ നിന്നു രാജസ്ഥാനിലെ ജയ്പുരിലെത്തി പുതിയ അധ്യായങ്ങളിലായിരുന്നു. രോഗബാധിതനായി കാൺപുരിലേക്ക് പോകാനൊരുങ്ങിയ ബാൽഗോവിന്ദിന് ട്രെയ്‌ൻ മാറിപ്പോയി ചെന്നെത്തിയത് ജയ്പുരിൽ. അവിടെ വച്ച് പരിചയപ്പെട്ട ഒരാൾ കൂട്ടിക്കൊണ്ടുപോയി ചികിത്സിച്ചു. രോഗം മാറിയപ്പോൾ അയാളുടെ ഫാക്റ്ററിയിൽ ജോലി കൊടുത്തു. ഇതോടെ, ജയ്പുരിൽ ജീവിതം കെട്ടിപ്പടുത്ത ബാൽഗോവിന്ദ് പ്രദേശത്തു തന്നെയുള്ള ഈശ്വർ ദേവിയെ വിവാഹം ചെയ്തു. രണ്ടു മക്കളും പിറന്നു. ജീവിതം അങ്ങനെ മുന്നോട്ടുനീങ്ങുമ്പോഴാണ് ഇൻസ്റ്റഗ്രാം റീലുകൾ ബാൽഗോവിന്ദിന്‍റെ ഹരമായത്.

മുൻവരിപ്പല്ല് ഒടിഞ്ഞ സഹോദരനെ തിരിച്ചറിഞ്ഞ രാജകുമാരി ഇൻസ്റ്റഗ്രാമിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും തുടക്കത്തിൽ ജാള്യതയും സങ്കോചവും മൂലം പ്രതികരിച്ചില്ല ബാൽഗോവിന്ദ്. എന്നാൽ, സഹോദരിയുടെ സ്നേഹത്തെ എത്രകാലം നിഷേധിക്കാനാവും? ഒടുവിൽ ബാൽഗോവിന്ദ് സമ്മതിച്ചു തങ്ങളുടെ ബന്ധം. രാജകുമാരിയുടെ വൈകാരികമായ ഒരൊറ്റ ഫോൺ വിളിയിൽ ബാൽഗോവിന്ദ് തിരികെ ഹാഥിപുരിലെത്തി. 18 വർ‌ഷത്തിനുശേഷം സഹോദരങ്ങൾ ആശ്ലേഷിച്ചു. കുടുംബാംഗങ്ങൾക്കും ഇതു വൈകാരിക മുഹൂർത്തമായി. സമൂഹമാധ്യമങ്ങൾ സമൂഹത്തെ തെറ്റിലേക്കു നയിക്കുന്നുവെന്ന് ഇനിയാരും പറയരുതെന്ന് രാജകുമാരി. എന്‍റെ സഹോദരൻ തിരിച്ചെത്തി. അതല്ലേ ഏറ്റവും വലിയ നന്മയെന്ന് രാജകുമാരി ചോദിക്കുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു