ബ്രിട്ടന്‍റെ മുൻ പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷത മൂർത്തിയും അടുത്തിടെ ബംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠം സന്ദർശിച്ചിരുന്നു. ഇരുവർക്കുമൊപ്പം അക്ഷതയുടെ മാതാപിതാക്കളും ഇൻഫോസിസ് സഹസ്ഥാപകനുമായ എൻ.ആർ. നാരായണ മൂർത്തിയും സുധ മൂർത്തിയുമുണ്ടായിരുന്നു. സന്ദർശന വേളയിൽ, സുധ മൂർത്തിയുടെ “ഇന്ത്യൻ മോം” നിമിഷങ്ങളാണ് ഇതിൽ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.
ക്ഷേത്രത്തിലേക്കുള്ള വഴിപാടായി സുനക്കിനും അക്ഷതയ്ക്കും സുധ പണം കൈമാറുന്നതായിരുന്നു ഇന്‍റർനെറ്റിൽ വൈറലായ ആ നിമിഷങ്ങൾ. പരമ്പരാഗത ഇന്ത്യൻ മൂല്യങ്ങൾ നിലനിർത്തുന്ന അമ്മമാരുടെ ഈ സുപരിചിതമായ രീതി ആളുകൾക്ക് ഏറെ പ്രിയകരമായി. എത്ര സമ്പന്നരായാലും അമ്മമാർ എപ്പോഴും അമ്മമാർ തന്നെയാണെന്ന് ഈ വീഡിയോ ഓർമിപ്പിക്കുന്നു.
ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ഈ വീഡിയോ പതിനായിരത്തിലധികം ആളുകളാണ് കണ്ടത്. നിരവധിപേരാണ് സുധ മൂർത്തിയെ പ്രശംസിക്കുന്നത്. പരമ്പരാഗത ഇന്ത്യൻ മൂല്യങ്ങളുടെ പ്രദർശനത്തെ പ്രശംസിച്ചുകൊണ്ട് ഉപയോക്താക്കൾ "യഥാർഥ ഹിന്ദു സംസ്‌കാരം" എന്ന് വിശേഷിപ്പിച്ചു.
44 കാരനായ ഋഷി സുനക്, തന്‍റെ ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചും ഹിന്ദു സംസ്‌കാരത്തെക്കുറിച്ചുമുള്ള അഭിമാനം പലപ്പോഴും തുറന്നു പ്രകടിപ്പിച്ചിട്ടുള്ളതാണ്. ഈ വർഷം ആദ്യം, ലണ്ടനിലെ നീസ്‌ഡൻ ക്ഷേത്ര സന്ദർശനത്തിനിടെ അദ്ദേഹം ഹിന്ദു മൂല്യങ്ങളുടെ പ്രാധാന്യവും ഈ സംസ്കാരം തന്‍റെ പെൺമക്കൾക്ക് പകർന്നു നൽകുന്നതിനുള്ള പ്രതിബദ്ധതയും വിശദീകരിച്ചിരുന്നു.